ഈ ശബ്ദം, അച്ഛന് മകളുടെ വക
Mail This Article
ഉദുമ ∙ ‘ഇവിടെ മക്കളെയോർത്ത് ഒരമ്മയും കരയരുത്, ഒരു കുടുംബവും അനാഥമാകരുത്, ഉദുമയിൽ സമാധാനം പുലരാൻ ബാലകൃഷ്ണൻ പെരിയ ജയിക്കണം...’ ഉദുമയിലെ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ പ്രചാരണ വാഹനത്തിൽ നിന്നുള്ള ഈ പെൺശബ്ദം പ്രഫഷനൽ അനൗൺസറുടേതല്ല, സ്നേഹാംബിക എന്ന പത്താംക്ലാസുകാരിയുടേതാണ്.
ഈ തിരഞ്ഞെടുപ്പ് യുദ്ധത്തിൽ അച്ഛൻ ബാലകൃഷ്ണൻ പെരിയ വിജയിക്കണമെന്നാഗ്രഹിക്കുന്ന മകളുടെ വാക്കുകൾ. ബാലകൃഷ്ണൻ പെരിയയുടെ ഇളയ മകളാണു സ്നേഹാംബിക. പ്രചാരണത്തിനു വേണ്ട കസെറ്റുകളെല്ലാം റിക്കോർഡ് ചെയ്യുന്നത് ബാലകൃഷ്ണൻ പെരിയയുടെ വീടായ പെരിയയിലെ സീവീസ് ഹൗസിലെ സ്റ്റുഡിയോയിലാണ്. മൂത്ത മകനും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ കൃഷ്ണാനന്ദ് സാഗറാണ് സ്റ്റുഡിയോയിലെ സൗണ്ട് എൻജിനീയർ.
അനൗൺസ്മെന്റിനു വേണ്ട സ്ക്രിപ്റ്റുകൾ തയാറാക്കുന്നത് ബാലകൃഷ്ണൻ പെരിയയുടെ ഭാര്യ ശ്രീജയും. ‘ഇത് കുരുക്ഷേത്ര യുദ്ധമാണ്. ഉദുമയിൽ ധർമം ജയിക്കണം...’ സ്റ്റുഡിയോയിലെ മൈക്രോഫോണിൽ നിന്നുള്ള സ്നേഹാംബികയുടെ കനപ്പെട്ട വാക്കുകൾക്ക് ഉത്തരം കിട്ടാൻ മേയ് 2 വരെ കാത്തിരിക്കണം.