കലാശക്കൊട്ടില്ല; ആവേശത്തിനൊട്ടു കുറവുമില്ല
Mail This Article
കുടുംബ സംഗമം
പനങ്ങാട് ∙ കോൺഗ്രസ് 60ാം ബൂത്ത് കമ്മിറ്റി കുടുംബ സംഗമം നടത്തി. കോൺഗ്രസ് ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി മുരളി പനങ്ങാട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷ്, ബാലചന്ദ്രൻ അടുക്കം, പി.വി.മധുസൂദനൻ ബാലൂർ, ബിനോയ് ആന്റണി, അശോകൻ പേരിയ, പപ്പൻ പേരിയ എന്നിവർ പ്രസംഗിച്ചു.
ആശങ്ക ഉയർത്തി പ്രചാരണ സമാപനം
ചെറുവത്തൂർ ∙ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണ സമാപനത്തിന്റെ ഭാഗമായി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഇന്നലെ വൈകിട്ട് 5.30ഓടെ മടക്കര ടൗണിൽ ഇരു ചേരികളിലായി സംഘടിച്ച് പോർവിളിച്ചത് ജനങ്ങളിൽ അര മണിക്കൂറോളം ഭയാശങ്ക പരത്തി. ഇവർക്കിടയിൽ ഡിവൈഎസ്പി സതീഷ്കുമാർ ആലക്കാലിന്റെ നേതൃത്വത്തിൽ പൊലീസും നിലയുറപ്പിച്ചിരുന്നു. ഇരു ഭാഗത്തേയും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നപ്പോൾ പൊലീസ് ലാത്തിവീശിയാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ തുരത്തിയത്.
യുഡിഎഫിന്റേയും, എൽഡിഎഫിന്റേയും സമാപന യോഗങ്ങൾ ടൗണിൽ അടുത്തടുത്താണ് സംഘടിപ്പിച്ചിരുന്നത്. യുഡിഎഫ് യോഗത്തിൽ നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, ബഷീർ വെള്ളിക്കോത്ത്, ടി.സി.എ.റഹ്മാൻ, പി.സി.പ്രദീപ്കുമാർ, ഒ.ഉണ്ണിക്കൃഷ്ണൻ, ടി.സി.അബ്ദുൽ സലാം ഹാജി എന്നിവരും എൽഡിഎഫ് യോഗത്തിൽ മാധവൻ മണിയറയും പ്രസംഗിച്ചു. സംഭ
കത്തിക്കാളിയ ആവേശം
തൃക്കരിപ്പൂർ ∙ ആട്ടവും പാട്ടും നൃത്തവുമായി കത്തിക്കാളിയ ആവേശത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിന്റെ പരസ്യ പ്രചാരണം സമാപിച്ചത്. പടന്ന ടൗണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുക്കണക്കിനാളുകൾ പങ്കെടുത്തതായിരുന്നു സമാപന പരിപാടി. പാട്ടിനൊപ്പം ചുവട് വച്ച് യുവാക്കൾ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഒത്തുചേരാൻ ആഹ്വാനം മുഴക്കി. കലാശക്കൊട്ട് ഒഴിവാക്കിയിരുന്നെങ്കിലും തിങ്ങിക്കൂടിയെത്തിയ യുഡിഎഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കലാശത്തെ ഓർമിപ്പിച്ചു.
പടന്ന ടൗണിലും തൃക്കരിപ്പൂർ ടൗണിലും നടത്തിയ പൊതുയോഗത്തോടെയാണ് പരസ്യ പ്രചാരണം സമാപിച്ചത്. പടന്നയിൽ സ്ഥാനാർഥി എം.പി.ജോസഫ്, കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തൃക്കരിപ്പൂർ ടൗണിൽ മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എ.ജി.സി.ബഷീർ, മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.ശ്രീധരൻ, കൺവീനർ എം.ടി.പി.കരീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണൻ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ടി.എസ്.നജീബ്, വി.വി.അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു. പരസ്യ പ്രചാരണം സമാപിക്കുന്നതിൽ ഏർപ്പെടുത്തിയ ക്രമീകരണത്തിൽ അധികൃതരിൽ നിന്നു വിവേചനമുണ്ടായതായി യുഡിഎഫ് പരാതിപ്പെട്ടു.
റാലിക്ക് നേരെ അക്രമം നടത്തിയതായി പരാതി
കാഞ്ഞങ്ങാട് ∙ ജനതാദൾ യുണൈറ്റഡ് സ്ഥാനാർഥി ടി.അബ്ദുൽ സമദിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ അക്രമം നടത്തിയതായി പരാതി. ബിജെപി റാലിയിൽ പങ്കെടുത്തവരാണ് അക്രമം നടത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ സ്ഥാനാർഥി ടി.അബ്ദുൽ സമദ് പറയുന്നു.
ആവേശമേറ്റിയ റോഡ് ഷോ
തൃക്കരിപ്പൂർ ∙ ഇടതു കേന്ദ്രങ്ങളിൽ ആവേശമേറ്റിയ റോഡ് ഷോയോടു കൂടി ഇടതുമുന്നണി സ്ഥാനാർഥി എം.രാജഗോപാലന്റെ പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. ഉദിനൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
പി.സി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭയിലും പിലിക്കോട്, ചെറുവത്തൂർ, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് കാലിക്കടവിൽ സംഗമിച്ചു. അനേകം വാഹനങ്ങളുടെ അകമ്പടിയിൽ തൃക്കരിപ്പൂർ ടൗണിൽ പരസ്യ പ്രചാരണം സമാപിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൽജെഡി ജില്ലാ സെക്രട്ടറി വി.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.രാജഗോപാലൻ, സിപിഎം ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ, സിപിഐ ജില്ലാ അസി.സെക്രട്ടറി സി.പി.ബാബു, എൻസിപി സംസ്ഥാന കമ്മിറ്റി അംഗം സി.ബാലൻ, ഐഎൻഎൽ നേതാവ് എ.ജി.ബഷീർ, സാബു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
ഇ.ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട് ∙ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗം നടത്തിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് നിരോധിച്ചതിനാൽ വൈകിട്ട് ആരവങ്ങളില്ലാത്ത പ്രചാരണ പരിപാടിയാണ് ഇടതുപക്ഷ പ്രവർത്തകർ നടത്തിയത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുൻവശം നടത്തിയ പൊതുയോഗത്തിൽ സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ പ്രസംഗിച്ചു. സി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. എൻ.ഗോപി, പി.അപ്പുക്കുട്ടൻ, സി.വി.ദാമോദരൻ, പി.പി.രാജു, മാട്ടുമ്മൽ ഹസൻ, കെ.വി.കൃഷ്ണൻ, പി.കെ.നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
പി.വി.സുരേഷ്
യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷ് പുതിയകോട്ട മുതൽ കോട്ടച്ചേരി വരെ പ്രകടനം നടത്തി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു. യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം.പി.ജാഫർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
എം.ബൽരാജ്
കുന്നുമ്മലിൽ നിന്ന് പുതിയകോട്ട വരെ പ്രകടനം നടത്തി ബിജെപി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു. സ്ത്രീകൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണി നിരന്നു. പുതിയ കോട്ടയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എൻ.മധു, സ്ഥാനാർഥി എം.ബൽരാജ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ.കൃഷ്ണൻ, ജില്ലാ സെൽ കമ്മിറ്റി കോഓർഡിനേറ്റർ എൻ.ബാബുരാജ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ ബളാൽ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ടി.വി.ഷിബിൻ
നീലേശ്വരം ∙ തൃക്കരിപ്പൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.വി.ഷിബിൻ സമാപന ദിവസം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ സ്വന്തം തറവാടായ പേക്കടം ചേരിക്കൽ തറവാട് കാരണവന്മാരിൽ നിന്ന് ആശീർവാദം വാങ്ങിയാണ് തിരഞ്ഞെടുപ്പു പര്യടനം തുടങ്ങിയത്. തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ കോളനികളിലും എളേരി ശുഭാനന്ദാശ്രമത്തിലുമെത്തി. നീലേശ്വരത്തെത്തി ഓർച്ചയിലേക്കു നീങ്ങി. നേതാക്കളായ എ.വി.സുധാകരൻ, പി.വി.വിജയൻ പേക്കടം, എ.കെ.ചന്ദ്രൻ, യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത്, നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് ജയരാജ് പുതിയില്ലത്ത്, എ.രാജീവൻ, പി.കൃഷ്ണകുമാർ, സുമേഷ് കടിഞ്ഞിമൂല, ചന്ദ്രൻ കണിച്ചിറ, നിതിൻ വിഷ്ണു, അജിത്ത് ജയഗോപാൽ, ഷിജു സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർഥികൾ
ഉദുമ ∙ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ഈസ്റ്റർ ആശംസകളുമായി കാഞ്ഞിരുക്കം പള്ളിയിലെത്തി. തുടർന്ന് കിഴക്കൻ പഞ്ചായത്തുകളായ ബേഡഡുക്ക, കുറ്റിക്കോൽ , ദേലംപാടി പഞ്ചായത്തുകളിൽ വോട്ടർമാരെ കണ്ടു. കാനം കോളനി, ചുള്ളി, പറയംപള്ളം, കുറ്റിക്കോൽ, പടുപ്പ്, നെച്ചിപ്പടുപ്പ്, മാണിമൂല, ബന്തടുക്ക,പയറടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കുടംബയോഗങ്ങളിലും സംബന്ധിച്ചു.
ഉദുമ ∙ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.വേലായുധൻ രാവിലെ മണ്ഡലിപ്പാറ, കോളിയടുക്കം, പാക്കം, പള്ളിക്കര, പെരിയ, ചെമ്മനാട് തുടങ്ങിയ സ്ഥലങ്ങളിൽ വീടുകയറി വോട്ടഭ്യർഥിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ കരിപ്പാടകം കോളനിയിൽ കുടുംബയോഗത്തിലും പങ്കെടുത്തു. ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ ജനാർദനൻ കുറ്റിക്കോൽ, വൈ.കൃഷ്ണദാസ്, ബി.രവീന്ദ്രൻ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി മുരളി എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഉദുമ ∙ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു പരസ്യ പ്രചാരണത്തിന്റെ സമാപനദിനത്തിൽ രാവിലെ മുളിയാർ, ചെമ്മനാട്, ഉദുമ, ബേഡഡുക്ക പഞ്ചായത്തുകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് പാലക്കുന്നിൽ നിന്ന് ഉദുമയിലേക്ക് സംഘടിപ്പിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.