ലോക്ഡൗൺ ഇളവുകളെ തുടർന്നു കെഎസ്ആർടിസി വീണ്ടും നിരത്തിലേക്ക്
Mail This Article
കാസർകോട് ∙ ലോക്ഡൗൺ ഇളവുകളെ തുടർന്നു ജില്ലയിലെ കെഎസ്ആർടിസി സർവീസുകൾ ഇന്നു പുനരാരംഭിക്കും. ദീർഘദൂര സർവീസുകളിൽ വൈകിട്ട് 5നു പുറപ്പെടുന്ന കോട്ടയം സൂപ്പർഫാസ്റ്റിനു പുറമേ രാത്രി 9നുള്ള കോട്ടയം മിന്നൽ സർവീസും ചൊവ്വാഴ്ച മുതൽ ആരംഭിച്ചിരുന്നു. മറ്റു ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ ഇന്നു മുതൽ കാസർകോട് എത്തിച്ചേരാൻ സാധ്യതയുണ്ട്. അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇപ്പോൾ തുടങ്ങാൻ സാധ്യതയില്ല.
ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്, കണ്ണൂർ, പെർള, തലപ്പാടി, പഞ്ചിക്കൽ, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്നു ബസ് സർവീസ് ഉണ്ട്. കാസർകോട് ഡിപ്പോയിൽ നിന്ന് ആകെ 32 സർവീസുകളാണ് ഇന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 5.30നു തലപ്പാടി ബസാകും ആദ്യ സർവീസ്. കോട്ടയം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ അടക്കം 10 അന്തർ ജില്ലാ സർവീസുകളും ഇതിൽ ഉൾപ്പെടും. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് 23 സർവീസുകൾ നടത്തും. ഇതിൽ രണ്ടെണ്ണം കോഴിക്കോടേക്കാണ്.