ഒറ്റയക്ക–ഇരട്ടയക്ക നിയന്ത്രണം; ബസ് ഇല്ലാതെ ഒട്ടേറെ റൂട്ടുകൾ
Mail This Article
കാഞ്ഞങ്ങാട് ∙ ഒറ്റയക്ക–ഇരട്ടയക്ക നിയന്ത്രണം യാത്രക്കാരെയും സ്വകാര്യ ബസ് ഉടമകളെയും വലച്ചു. ജില്ലയിൽ ഇന്നലെ ആകെ സർവീസ് നടത്തിയത് 16 ബസുകൾ മാത്രം. ജില്ലയിൽ 450 സ്വകാര്യ ബസുകളാണ് ഉള്ളത്. മലയോര മേഖലയിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും ബസുകൾ കിട്ടാതെ ജനങ്ങൾ വലഞ്ഞു. കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പാണത്തൂർ-കാഞ്ഞങ്ങാട് റൂട്ടിൽ ഇന്നലെ സർവീസ് നടത്തിയത് 6 ബസുകൾ മാത്രം. അതും സമയം നോക്കാതെ യാത്രക്കാരുടെ സൗകര്യം നോക്കിയായിരുന്നു സർവീസ്. സമയം പാലിച്ചു സർവീസ് നടത്തിയിരുന്നെങ്കിൽ ബസ് കിട്ടാതെ പൊതുജനത്തിനു ഏറെ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു.
22 സ്വകാര്യ ബസുകളാണ് ഈ റൂട്ടിൽ മാത്രം സർവീസ് നടത്തുന്നത്. കാഞ്ഞങ്ങാട്-ബേക്കൽ-ചട്ടംഞ്ചാൽ റൂട്ടിൽ 2 സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. കാഞ്ഞങ്ങാട്-ഉദുമ റൂട്ടിൽ 16 സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. മഞ്ചേശ്വരം താലൂക്കിൽ ഒരു ബസ് മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. കാസർകോട് താലൂക്കിൽ 2 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത സ്ഥലങ്ങളിലേക്ക് കൂടുതലായി പോകുന്നത് സ്വകാര്യ ബസുകളാണ്. എന്നാൽ ഒറ്റ, ഇരട്ടയക്ക നിയന്ത്രണം വന്നതോടെ പല മേഖലകളിലേക്കും ബസ് സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയായി.
സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന വെള്ളരിക്കുണ്ട്-ചിറ്റാരിക്കാൽ, കൊന്നക്കാട് റൂട്ടിലേക്ക് ഇന്നലെ ഒരു ബസ് പോലും സർവീസ് നടത്തിയില്ല.സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞതോടെ കെഎസ്ആർടിസി ബസുകളിൽ ഇന്നലെ യാത്രക്കാരുടെ തിരക്കേറി. നിയന്ത്രണം പാലിക്കാൻ ജീവനക്കാർക്കു പോലും കഴിയാത്ത വിധം ആളുകൾ ബസുകളിലേക്ക് ഇരച്ചു കയറി. നിയന്ത്രണം തന്നെ രോഗവ്യാപനത്തിനു കാരണമാകുന്ന സ്ഥിതിയിലാണു കാര്യങ്ങൾ.