ആദ്യം കൈവിട്ടത് പെട്രോൾ കെമിക്കൽ ഫാക്ടറി, പറഞ്ഞു പറ്റിച്ച് ഐടി പാർക്കും; ചീമേനിയുടെ പ്രതീക്ഷ ഇനി വ്യവസായ പാർക്കിൽ
Mail This Article
ചീമേനി ∙ ചീമേനി കേന്ദ്രീകരിച്ച് കാർഷിക–കരകൗശല മേഖലയുടെ വികസനം ലക്ഷ്യമിട്ട് തുടങ്ങുന്ന വ്യവസായ പാർക്കിൽ പ്രതീക്ഷയർപ്പിച്ച് ജില്ല. ഇത് സംബന്ധിച്ച രൂപരേഖകളെല്ലാം തയാറായെങ്കിലും പദ്ധതി നടപ്പിലാക്കുന്ന ഭൂമി സംബന്ധിച്ച കാര്യത്തിൽ മന്ത്രിതല ചർച്ച നടക്കുകയാണിപ്പോൾ. ചീമേനിയിൽ നേരത്തേ ഐ.ടി പാർക്കിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തി മതിൽ കെട്ടി സംരക്ഷിച്ച ഭൂമിയിലാണ് വ്യവസായ പാർക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലന്റെ ഇടപെടലാണ് വ്യവസായ പാർക്ക് എന്ന ആശയത്തിന് വഴിയൊരുക്കിയത്. ജില്ലയുടെ കാർഷിക മേഖലയിലെ കർഷകരുടെ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും വ്യവസായ പാർക്ക് വഴി സാധിക്കും. ചീമേനിയിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച മറ്റ് പദ്ധതികളെല്ലാം നിലം തൊടാതെ പോയപ്പോൾ വ്യവസായ പാർക്ക് എങ്കിലും പച്ച പിടിക്കുമെന്ന എന്ന പ്രതീക്ഷയിലാണ് ഈ നാട്.
ചീമേനിയെ ആദ്യം കൈവിട്ടത് പെട്രോൾ കെമിക്കൽ ഫാക്ടറി
പെട്രോൾ കെമിക്കൽ ഫാക്ടറി, താപനിലയം, ഐടി പാർക്ക് എന്നിങ്ങനെ ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടായി പ്രഖ്യാപിച്ച പല പദ്ധതികളും നേരത്തേ ചീമേനി കേന്ദ്രീകരിച്ച് പരിഗണനയിലുണ്ടായിരുന്നു. പക്ഷേ കയ്യൂർ–ചീമേനി പഞ്ചായത്തിൽ ആകെ വന്നത് തുറന്ന ജയിലും പൊലീസ് സ്റ്റേഷനും മാത്രമാണ്. പെട്രോൾ കെമിക്കൽ ഫാക്ടറി ജില്ലയിലേക്ക് വരുന്നുവെന്ന് പറഞ്ഞത് 1996ലാണ്.
പ്ലാന്റേഷൻ കോർപറേഷന്റെയും റവന്യു വകുപ്പിന്റെയും കീഴിൽ ഏറ്റവും കൂടുതൽ സ്ഥലമുള്ള കയ്യൂർ–ചീമേനി പഞ്ചായത്തിൽ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. 200 ഏക്കർ സ്ഥലത്താണ് പദ്ധതി വരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ ഫാക്ടറി സ്ഥാപിക്കുമെന്ന് പറഞ്ഞ ചീമേനിയിൽ ഫാക്ടറിയുടെ പ്രവർത്തനം സംബന്ധിച്ച് നാട്ടുകാരിൽ ആശങ്കയും ഉയർന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ ഫാക്ടറി ജില്ല കടന്ന് പോകുന്നതാണ് കണ്ടത്.
താപനിലയം കടലാസിൽ മാത്രം
പെട്രോൾ കെമിക്കൽ ഫാക്ടറി നഷ്ടമായ സ്ഥിതി ജില്ല മറന്നതോടെയാണ് ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമേകാൻ താപനിലയം സ്ഥാപിക്കുവാനുള്ള പദ്ധതി ചീമേനിയിൽ വരുന്നത്. താപനിലയം സ്ഥാപിക്കുന്നതിന് കോർപറേഷന്റെ കീഴിലുള്ള 2000 ഏക്കർ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി സർവേ നടത്താൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി ചീമേനിയിൽ താൽക്കാലികമായി ഓഫിസും തുറന്നു. താപനിലയത്തിനുള്ള ഭൂമി തയാറായതോടെ പിന്നീട് പദ്ധതി സംബന്ധിച്ച അനക്കമൊന്നും കണ്ടില്ല. ചീമേനി വില്ലേജ് ഓഫിസിലെ രേഖകളിൽ ഇപ്പോഴും ഉണ്ട് താപനിലയത്തിനായി നീക്കിവെച്ച ഭുമിയുടെ വിവരങ്ങൾ.
പറഞ്ഞു പറ്റിച്ച് ഐടി പാർക്കും
ഐടി മേഖലയിൽ സൈബർ പാർക്ക് ജില്ലയിലേക്ക് വരുന്നുവെന്ന പ്രഖ്യാപനം വന്നത് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്തായിരുന്നു. ഭൂമിക്ക് പഞ്ഞമില്ലാത്ത ചീമേനിയിലേക്ക് തന്നെയാണ് ജില്ലയുടെ അഭിമാനമായി വരാൻ പോകുന്ന ഐടി പാർക്കും എത്തിയത്. ചീമേനി– പയ്യന്നൂർ റോഡിന് അരികിലായി 125 ഏക്കർ സ്ഥലം പാർക്ക് സ്ഥാപിക്കുന്നതിന് വേണ്ടി ഐടി വകുപ്പിന് കൈമാറി. പിന്നെ കണ്ടത് ദ്രുതഗതിയിലുള്ള നിർമാണ പ്രവൃത്തിയായിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് 125 ഏക്കർ സ്ഥലത്തിന് ചുറ്റും മതിൽ നിർമിച്ചായിരുന്നു തുടക്കം. എന്നാൽ ഒടുവിൽ ചീമേനിയിലെ ഐടി പാർക്കും സർക്കാർ ഉപേക്ഷിച്ചു.
വ്യവസായ പാർക്ക് അവസാന പ്രതീക്ഷ
ജില്ലയിലെ കർഷകരുടെ ഉത്പന്നങ്ങൾ കരകൗശല മേഖലയുമായി കോർത്തിണക്കി വിപണി കണ്ടെത്തുകയാണ് ചീമേനി വ്യവസായ പാർക്ക് വഴി ലക്ഷ്യമിടുന്നത്. ഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്നത്തിൽപ്പെട്ടാണ് പദ്ധതി വൈകിയത്. ഇപ്പോൾ ഇതിനുള്ള നടപടികളായതോടെ ജില്ലയും ചീമേനിയും വീണ്ടും പ്രതീക്ഷയിലാണ്.