എന്താണ് മിയാവാക്കി? ഈറ നണിഞ്ഞുവോ ഈ മിയാവാക്കി വനങ്ങൾ!
Mail This Article
കാസർകോട് ∙ കാടുകളുടെ അപ്പൂപ്പനായിരുന്ന അന്തരിച്ച ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയുടെ ഓർമകൾ തളിരിട്ടു ജില്ലയിലുമുണ്ട് മിയാവാക്കി വനങ്ങൾ. തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന ആശയം നടപ്പാക്കിയ അകിറ മിയാവാക്കി വിടവാങ്ങിയ വാർത്ത ഈ വനങ്ങളെയും ഈറനണിയിച്ചിരിക്കണം. ജില്ലയിൽ പൂർത്തിയായ മിയാവാക്കി വനമുള്ളതു ബിആർഡിസിയുടെ കീഴിൽ ബേക്കൽ പള്ളിക്കര ബീച്ചിലാണ്. ടൂറിസം വകുപ്പിനു കീഴിൽ കുമ്പള കീഴൂർ പക്ഷി ഗ്രാമം, െചറുവത്തൂർ മടക്കരയിലെ കൃത്രിമ ദ്വീപ് എന്നിവിടങ്ങളിലും കേന്ദ്ര സർവകലാശാലാ ക്യാംപസിലെ നാലേക്കർ സ്ഥലത്തും മിയാവാക്കി വനത്തിനു തുടക്കമിട്ടു കഴിഞ്ഞു.
ബേക്കൽ മിയാവാക്കി വനം
ജില്ലയിൽ സർക്കാർ സംരംഭമായി ആദ്യ മിയാവാക്കി വനം കഴിഞ്ഞ ഒക്ടോബറിൽ ബേക്കൽ ബീച്ച് പാർക്കിലാണു തുടങ്ങിയത്. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മുഖേനെ ബിആർഡിസിയുടെ 10 സെന്റ് സ്ഥലത്താണു വനം ഒരുക്കിയത്. അതിപ്പോൾ വന പ്രതീതിയിലായിട്ടുണ്ട്. 100 ഇനങ്ങളിലായി 1653 തൈകളാണു വച്ചുപിടിപ്പിച്ചത്. മൂന്നു മാസം മുൻപു ബേക്കൽ കോട്ട കെഎസ്ടിപി റോഡ് പുറമ്പോക്കിലെ രണ്ടിടങ്ങളിലായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മറ്റൊരു മിയാവാക്കി വനത്തിനു വഴി തുറന്നു. ഇവിടെ ആകെ 10 സെന്റിലായി 400 മരങ്ങളാണ് വച്ചുപിടിപ്പിച്ചത്.
എന്താണ് മിയാവാക്കി
150–200 വർഷം കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനം. നഗരങ്ങൾ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്. രണ്ടര അടി ഉയരത്തിലുള്ള വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറിയ ചെടികൾ, കുറ്റിച്ചെടികൾ എന്നിങ്ങനെ 4 തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററിൽ 3-4 ചെടികൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി. മധ്യത്തിലായിരിക്കും വൻമരങ്ങൾ. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടീൽ മിശ്രിതം നിറച്ചാണു തൈകൾ നടുന്നത്.
മടക്കരയിലും കുമ്പളയിലും
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ പഞ്ചായത്തിലെ മടക്കര കൃത്രിമ ദ്വീപിൽ നാളെയും കുമ്പള പഞ്ചായത്തിലെ കിദൂർ പക്ഷി സങ്കേതത്തിൽ എട്ടിനും മിയാവാക്കി വനം ഒരുക്കുന്നതിനുള്ള വൃക്ഷത്തൈകൾ നടും. 7 സെന്റ് സ്ഥലത്ത് 1150 വീതം തൈകൾ വച്ചുപിടിപ്പിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസികളായ ഇൻവീസ് മൾട്ടിമീഡിയ, കൾച്ചർ ഷോപ്പി, എൻജിജിഎഫ് എന്നിവ ചേർന്നാണു നടപ്പാക്കുന്നത്. ഫെൻസിങ്, പരിപാലനം, വളം എന്നിവ ഉൾപ്പെടെ ഒരു സെന്റിന് 2 ലക്ഷം രൂപ തോതിലാണു പദ്ധതി ചെലവായി ഈടാക്കുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്താനും പ്രകൃതിയെ സംരക്ഷിക്കാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മിയാവാക്കി വനം എന്ന പദ്ധതിയും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉടൻ തുടങ്ങാനിരിക്കയാണ്.
തൃക്കരിപ്പൂർ പഞ്ചായത്തിൽ 400 ചെടികൾ
തൃക്കരിപ്പൂർ ∙ അന്തരിച്ച പ്രസിദ്ധ ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കി രൂപപ്പെടുത്തിയ വന വൽക്കരണ പദ്ധതി നടക്കാവിൽ വികസിപ്പിച്ച തൃക്കരിപ്പൂർ പഞ്ചായത്ത്, മിയാവാക്കിയുടെ ഓർമകൾ അനശ്വരമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 22നാണു കേവലം 2 സെന്റ് ഭൂമിയിൽ 400 ചെടികൾ നട്ടു പിടിപ്പിച്ചത്. അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുകുമാരന്റെ നേതൃത്വത്തിലും പയ്യന്നൂർ ഫോക് ലാൻഡിന്റെ സാങ്കേതിക - സാമ്പത്തിക സഹകരണത്തിലുമാണു മിയാവാക്കി പദ്ധതി ആവിഷക്കരിച്ചത്.
2 സെന്റ് ഭൂമിയിൽ 400 മരങ്ങൾ നടാമോ എന്നു ചോദിച്ചവരും വരണ്ട ഭൂമിയിൽ കാട് വളരുമോ എന്നു ശങ്കിച്ചവരും ഒട്ടേറെയായിരുന്നു. പഞ്ചായത്തിന്റെ നിശ്ചയ ദാർഢ്യവും ഫോക്‌ലാൻഡിന്റെയും നടക്കാവ് നെരൂദ ക്ലബ് ഭാരവാഹികളുടെയും പരിശ്രമവും ഫോക്‌ലാൻഡ് ചെയർമാൻ ഡോ.വി.ജയരാജന്റെ ഏകോപനവും മിയാവാക്കി വനത്തെ മികച്ചതാക്കി. നടുമ്പോൾ ഒരടി മാത്രം വളർച്ചയുള്ള തണൽമരങ്ങൾ, വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറുമരങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ നല്ല വളർച്ചയെത്തി