‘പെട്ടിമുടിയിലെ കുവി’യുടെ കുഞ്ഞ്, ഇനി തൃക്കരിപ്പൂരിലെ കുടുംബത്തിന് സ്വന്തം
Mail This Article
തൃക്കരിപ്പൂർ∙ പ്രളയ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ കേരളം നെഞ്ചോട് ചേർത്ത പേരാണ് വളർത്തുനായ കുവിയുടേത്. കളിക്കൂട്ടുകാരിയുടെ മൃതദേഹം 8 ദിവസത്തിനു ശേഷമാണ് ദുരന്തഭൂമിയിൽ കുവി കണ്ടെത്തിയത്. അന്വേഷണ, തിരച്ചിൽ ഉദ്യോഗസ്ഥരെപ്പോലും ആശ്ചര്യപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തതായിരുന്നു ഊണും ഉറക്കവുമില്ലാതെ 2 വയസ്സുള്ള കളിക്കൂട്ടുകാരിയെ കണ്ടെത്താനുള്ള കുവിയുടെ തിരച്ചിൽ. തണൽ നൽകിയ ഉറ്റവരെയെല്ലാം ദുരന്തം വിഴുങ്ങിയപ്പോൾ അതിൽ ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കുവി തന്നെ കണ്ടെത്തുകയായിരുന്നു.
കുവി കഴിഞ്ഞ മാസം 13ന് അമ്മയായി. 3 കുഞ്ഞുങ്ങളുണ്ട്. അകാലത്തിൽ പിരിഞ്ഞ കളിക്കൂട്ടുകാരി ധനുഷ്ക്കയുടെ പേരാണ് കുഞ്ഞുങ്ങൾക്ക്. അതിലൊരാൾ ഇനി തൃക്കരിപ്പൂരിൽ വളരും. ചന്തേര പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ പി.ആർ.ഓമനക്കുട്ടന്റെ ഈയക്കാട്ടുള്ള വീട്ടിൽ. 46 ദിവസം പ്രായമുള്ള ധനുഷ്ക്ക ഓമനക്കുട്ടന്റെ വീട്ടിൽ ‘ധനു’വാണിപ്പോൾ. ദുരന്തത്തിനു ശേഷം കുവിയെ ഇടുക്കി ജില്ലാ പൊലീസ് ഏറ്റെടുക്കുകയുണ്ടായി. ഡോഗ് സ്ക്വാഡിലെ അജിത് മാധവൻ 8 മാസം പരിശീലനം നൽകി വളർത്തി. ഇതിനിടയിൽ കുവിയുടെ ഉടമ പളനിയമ്മ നായയെ തിരികെ ആവശ്യപ്പെട്ടു. പൊലീസ് തിരികെ നൽകുകയും ചെയ്തു. പക്ഷേ, പ്രായാധിക്യം പളനിയമ്മയെ തളർത്തിയതോടെ കുവിയുടെ സംരക്ഷണം ആശങ്കയിലായി. നിയമ സംവിധാനം വഴി വീണ്ടും കുവി അജിത് മാധവനിലേക്കെത്തി. മൂന്നാറിൽ നിന്നു കുവി എത്തുമ്പോൾ ഗർഭിണിയായിരുന്നു.
കുഞ്ഞുങ്ങൾക്കായി അനേകം പേരാണ് പൊലീസിനെ സമീപിച്ചത്. ഒടുവിൽ 3 കുഞ്ഞുങ്ങളെയും പൊലീസ് തണലിൽ തന്നെ വളർത്താൻ തീരുമാനിച്ചു. അങ്ങിനെയാണ് ഓമനക്കുട്ടന് ധനുവിനെ കിട്ടിയത്. ചൊവ്വാഴ്ച രാത്രി 12 നാണ് ‘ശ്രീരാഗി’ൽ ധനു എത്തുന്നത്. ഓമനക്കുട്ടനൊപ്പം സിവിൽ പൊലീസ് ഓഫിസർമാരായ ഷിജുവും രജനീഷും ചേർന്നാണ് ധനുവിനെ ചേർത്തലയിൽ എത്തി ഏറ്റുവാങ്ങിയത്. കൊച്ചി സിറ്റി കണ്ണമാലി സ്റ്റേഷനിലെ എഎസ്ഐ രാജഗോപാലും രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രശാന്തും ശേഷിച്ച രണ്ടിന്റെയും ഉടമകളായി.
ഓമനക്കുട്ടന്റെ വീട്ടിൽ മക്കളായ മാളവികയും ശ്രീരാഗും മണിക്കൂറുകൾക്കുള്ളിൽ ധനുവിന്റെ ഉറ്റവരായി. അച്ഛൻ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ടി.കെ.രാഘവനും ഓമനക്കുട്ടന്റെ ഭാര്യ സജീഷയും ഇവരുടെ കളിചിരികൾക്ക് കൂട്ടായി.പെട്ടിമുടിയിൽ നിന്നാരംഭിച്ച കുവിയുടെ ജീവിതകഥ വിവിധ ജില്ലകളിലായി തുടരുകയാണ്, മക്കളിലൂടെ...
English Summary: The baby of Pettimudi fame ‘Kuvi’ is now owned by the family in Thrikkarippur