തേങ്ങ പഴയ തേങ്ങയായിരിക്കും, തൊണ്ട് പഴയ തൊണ്ടല്ല; ഇനി വില കിട്ടും
Mail This Article
കാഞ്ഞങ്ങാട് ∙ തേങ്ങ പൊതിച്ച് വലിച്ചെറിയുന്ന തൊണ്ടിനും കർഷകർക്ക് ഇനി വില കിട്ടും. കെസിസിപി ലിമിറ്റഡ് പുതുക്കൈയിൽ ആരംഭിക്കുന്ന ഹൈടെക് കയർ ഡീഫൈബറിങ് യൂണിറ്റാണ് കർഷകരിൽ നിന്നു തേങ്ങ തൊണ്ട് (ചകിരി) വ്യാപകമായി ശേഖരിക്കാൻ ഒരുങ്ങുന്നത്. ഒരു തൊണ്ടിന് (മിനിമം വലുപ്പം വേണം) 1.50 രൂപയാണ് കർഷകർക്ക് കിട്ടുക. ചെറുതാണെങ്കിൽ 2 തൊണ്ടിന് 1.50 കിട്ടും. വിധവാക്ഷേമ സംഘം മുഖേനയാണ് ജില്ലയിൽ നിന്നു തേങ്ങ തൊണ്ട് ശേഖരിക്കുന്നത്. ഇവർക്ക് പുറമേ കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവ വഴിയും ശേഖരിക്കും. കൂടുതൽ തൊണ്ട് ഉണ്ടെങ്കിൽ കർഷകരിൽ നിന്നു ജീവനക്കാർ നേരിട്ടെത്തി സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ട്.
ആവശ്യമായ തൊണ്ട് ജില്ലയിൽ തന്നെ
ജില്ലയിൽ നിന്നു തന്നെ യൂണിറ്റിലേക്ക് ആവശ്യമായ തേങ്ങ തൊണ്ട് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ കർഷകർ വ്യാപകമായി തേങ്ങ തൊണ്ട് തെങ്ങിന്റെ ചുവട്ടിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് കെസിസിപി മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി രണ്ടു യൂണിറ്റുകളിലേക്കുമുള്ള തേങ്ങ തൊണ്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുളള തേങ്ങ തൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. സർക്കാർ തന്നെ ഇതിന് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. നിലവിൽ പുതുക്കൈ യൂണിറ്റിൽ 3 ഷിഫ്റ്റുകളിലായി ദിവസവും 1,80,000 തൊണ്ട് സംസ്കരിക്കാനുള്ള സൗകര്യമുണ്ട്.
പുതുക്കൈയിലേത് രണ്ടാമത്തെ യൂണിറ്റ്
ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ യൂണിറ്റാണ് പുതുക്കൈയിൽ ഉദ്ഘാടനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ യൂണിറ്റ് പഴയങ്ങാടിയിൽ ആണ് ആരംഭിച്ചത്. സർക്കാർ ഗ്രാന്റ് ഉപയോഗിച്ചാണ് യൂണിറ്റുകൾ സ്ഥാപിച്ചത്. കയർ മെഷിനറി നിർമാണ യൂണിറ്റാണ് യന്ത്രങ്ങൾ നൽകിയത്. ചകിരി നാരുകളും ചകിരിച്ചോറും ഉപയോഗിച്ച് 16.44 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 5.38 കോടി ചെലവിട്ട് ഗാർഡൻ ആർട്ടിക്കിൾ യൂണിറ്റ്, 9.87 കോടി ചെലവിട്ട് ബെഡ് നിർമാണ ഫാക്ടറി, 1.19 കോടി ചെലവിട്ട് വളം ഫാക്ടറി തുടങ്ങിയ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പെട്രോൾ പമ്പ്
കെസിസിപിഎൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പാപ്പിനിശേരിയിൽ ആരംഭിച്ച പെട്രോൾ പമ്പ് വിജയകരമായതിനെ തുടർന്ന് കരിന്തളത്തും പെട്രോൾ തുടങ്ങി. ഇതിന്റെ ഉദ്ഘാടനം 13ന് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, അസിസ്റ്റന്റ് ജനറൽ മാനേജർ എ.കെ.കൃഷ്ണകുമാർ, അസിസ്റ്റന്റ് മാനേജർ കെ.മധുസൂദനൻ എന്നിവർ അറിയിച്ചു.
ഉദ്ഘാടനം 13ന്
പുതുക്കൈയിലെ ഹൈടെക് കയർ ഡീഫൈബറിങ് യൂണിറ്റും കരിന്തളത്തെ പെട്രോൾ പമ്പും 13ന് 2ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും.