അടുക്കളയിൽ തേങ്ങ ചിരകിക്കഴിഞ്ഞാൽ രതീഷ് പറയും; ‘ചിരട്ട കളയാൻ വരട്ടെ...’
Mail This Article
കുണ്ടംകുഴി ∙ വീട്ടിൽ പാചകത്തിനെടുക്കുന്ന തേങ്ങ ചിരകിക്കഴിഞ്ഞു കിട്ടുന്ന ചിരട്ടയിൽ രതീഷ് ഒരു പരിശോധന നടത്തും. നല്ല ആകൃതിയൊത്ത ചിരട്ടയാണോയെന്നാണു രതീഷിന്റെ നോട്ടം. പരിശോധനയിൽ വിജയിക്കുന്ന ചിരട്ടകൾ അധികം വൈകാതെ തന്നെ അലങ്കാരവസ്തുവായി ഷെൽഫിലെത്തും. ബേഡഡുക്ക ബീംബുങ്കാൽ സ്വദേശി ബി.രതീഷ് കുമാറാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമിച്ചു ശ്രദ്ധേയനാകുന്നത്. ചിരട്ട ഉപയോഗിച്ച് പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ ഉൾപ്പെടെ പലതരം കരകൗശല വസ്തുക്കൾ രതീഷ് ഒരുക്കിയിട്ടുണ്ട്.
ചിരട്ട കൊണ്ടു തന്നെയാണോ ഇതു നിർമിച്ചതെന്നു സംശയം തോന്നുന്ന സൃഷ്ടികൾ വരെ ഇദ്ദേഹത്തിന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്. സ്വന്തം അടുക്കളയിൽ നിന്നുള്ള ചിരട്ട തന്നെയാണു കൂടുതലും ഉപയോഗിക്കുന്നത്. ചിരട്ട കേടുവരാതെ പൊട്ടിച്ചെടുത്ത് സാൻഡ് പേപ്പർ കൊണ്ട് ഉരച്ചു ഭംഗിയാക്കി കത്തി കൊണ്ട് മുറിച്ച് ആകൃതി വരുത്തിയാണു രൂപങ്ങൾ സൃഷ്ടിക്കുന്നത്.
പിന്നീട് വാർണിഷ് അടിച്ചു തിളക്കം കൂട്ടും. നിലവിളക്ക്, കിണ്ടി, മനുഷ്യരൂപങ്ങൾ, ഈശ്വരരൂപങ്ങൾ, കുത്തുവിളക്ക്, സൈക്കിൾ എന്നിങ്ങനെ രതീഷ് തയാറാക്കിയ ശിൽപങ്ങളുടെ വൈവിധ്യം അത്ഭുതപ്പെടുത്തും. ഭാര്യ ബിന്ദുവും മക്കളായ അഭിക്ഷ, ആരതി, അഖിലേഷ് എന്നിവരും ഈ കലാമികവിനു കൂട്ടായുണ്ട്. ഒട്ടേറെ കരകൗശല മേളകളിൽ പങ്കെടുത്ത രതീഷ് വിശ്രമമില്ലാതെ തന്റെ കലാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണിപ്പോൾ.