കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; ഒരു വിഭാഗം തൊഴിലാളികളുടെ പണിമുടക്ക് ഇന്നും
Mail This Article
കാസർകോട് ∙ കെഎസ്ആർടിസി ബസ് ജീവനക്കാരുടെ പണിമുടക്ക് കാരണമുള്ള ബസ് ഗതാഗത സ്തംഭനത്തിൽ യാത്രക്കാർ വലഞ്ഞു. കാസർകോട് –തലപ്പാടി, കാസർകോട് ചെർക്കള വഴി കണ്ണൂർ, കാസർകോട് ചന്ദ്രഗിരി പാലം വഴി കളനാട്, ദേളി എന്നീ റൂട്ടുകളിലാണു കടുത്ത യാത്രാക്ലേശം അനുഭവിച്ചത്. കാസർകോട് –ചന്ദ്രഗിരി പാലം –കളനാട്, കാസർകോട് –ദേളി– ചട്ടഞ്ചാൽ റൂട്ടുകളിൽ കെഎസ്ആർടിസി ബസ് മാത്രമാണ് ആശ്രയം. കാസർകോട് –തലപ്പാടി റൂട്ടുകളിൽ ഭൂരിഭാഗം സർവീസുകളും കെഎസ്ആർടിസിയാണ്.
കോവിഡ് പ്രതിരോധ യാത്രാ നിരോധനം കാരണം നിലവിൽ മംഗളൂരുവിൽ നിന്നുള്ള കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ ജില്ലയിലേക്കു വരാത്ത സാഹചര്യത്തിൽ സമരം ഏർപ്പെടുത്തിയതും യാത്രാദുരിതം ഇരട്ടിപ്പിച്ചു. കാസർകോട് ഭാഗത്ത് അൺ റിസർവ്ഡ് ജനറൽ കംപാർട്മെന്റ് ഉള്ള ട്രെയിനുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണ യാത്രക്കാർക്ക് ഇന്നലെ ട്രെയിനുകളെയും ആശ്രയിക്കാൻ കഴിയാതായി. ടാക്സികളും ഓട്ടോറിക്ഷകളും സ്വകാര്യബസുകളും മാത്രമായിരുന്നു ഇവർക്ക് ആശ്രയം. കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തെക്കുറിച്ച് അറിയാത്ത യാത്രക്കാർ പലരും ഏറെ നേരം സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീടു മറ്റു യാത്രാ വാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു.
കെഎസ്ആർടിസിയുടെ എല്ലാ യൂണിയനുകളും സമരത്തിൽ ആയതിനാൽ കാസർകോട് ഡിപ്പോയിൽ നിന്ന് ഒരൊറ്റ കെഎസ്ആർടിസി ബസ് പോലും സർവീസ് നടത്തിയില്ല. 450 ജീവനക്കാരാണു പണിമുടക്കിയത്. കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ 62 ബസുകളിലായി 21,000 കിലോമീറ്റർ യാത്രയാണു മുടങ്ങിയത്. 40,000 പേരാണ് ഈ ബസുകളിൽ ദിവസം ശരാശരി യാത്രികർ. അവർക്കു ഇതര വാഹനങ്ങൾ മാത്രമായി ആശ്രയം. 10 ലക്ഷത്തോളം രൂപയുടെ യാത്രാ ടിക്കറ്റ് വരുമാനമാണ് കെഎസ്ആർടിസിക്കു കാസർകോട് ഡിപ്പോയിൽ മാത്രം നഷ്ടമായത്. കാഞ്ഞങ്ങാട് ഡിപ്പോയിലും സമാനമായ രീതിയിൽ നഷ്ടമുണ്ട്.
പ്രകടനവും പൊതുയോഗവും
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എംപാനൽ ജീവനക്കാരെ സംരക്ഷിക്കുക, ബസ് സർവീസ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കെഎസ്ആർടിഇഎ(സിഐടിയു)യുടെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ കാസർകോട് ഡിപ്പോയിൽ പ്രകടനവും പൊതുയോഗവും നടത്തി. വിശദീകരണ പൊതുയോഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മോഹൻ കുമാർ പാടി ഉദ്ഘാടനം ചെയ്തു. പി.വി.രതീശൻ അധ്യക്ഷത വഹിച്ചു. എം.എസ്.കൃഷ്ണകുമാർ, രശ്മി നാരായൺ, സി.ബാലകൃഷ്ണൻ, കെ.പി.ഷൈജു എന്നിവർ പ്രസംഗിച്ചു.
ഒരു വിഭാഗം തൊഴിലാളികളുടെ പണിമുടക്ക് ഇന്നും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ പണിമുടക്ക് ഇന്നും തുടരും. ഇതോടെ ജില്ലയിലെ പല ഭാഗങ്ങളിലും യാത്രാദുരിതം നേരിട്ടേക്കും. ഇന്നും വിദ്യാലയങ്ങളിലും കോളജുകളിലും ക്ലാസുകൾ ഉള്ളതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസത്തിലാകും. കാസർകോട്–കണ്ണൂർ ദേശീയപാതകളിലും ഉദുമ മുതൽ കാഞ്ഞങ്ങാട് വരെയുള്ള പാതയിലും സ്വകാര്യ ബസുകൾ കുറവായതിനാൽ യാത്രക്കാർ ഏറെയും മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.