ADVERTISEMENT

കാസർകോട് ∙ കൊച്ചി കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മുംബൈയിൽ അറസ്റ്റിലായ ഉപ്പള പൈവളിഗെ കായർക്കട്ടയിലെ യൂസഫ് സിയ(ജിയ)ക്കെതിരെ കൊലപാതകങ്ങൾ ഉൾപ്പെടെ പതിനഞ്ചിലേറെ കേസുകൾ. ഇതിൽ ഏറെയും ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലാണ്. വ്യാജ പാസ്പോർട്ടിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് പിടികൂടി സംസ്ഥാന തീവ്രവാദ സ്ക്വാഡിനു കൈമാറുകയായിരുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകളാണുള്ളത്. 2010 ജൂൺ 26നു ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വെടിയുർത്ത സംഭവത്തിൽ സിയ പ്രതിയാണ്. ഇതിലെ പ്രധാനി രവി പൂജാരിയാണെന്നു സംശയവും പൊലീസിനുണ്ട്. ഉപ്പളയിലെ ക്വട്ടേഷൻ സംഘത്തലവൻ കാലിയ റഫീഖിനെ 2017 ഫെബ്രുവരി 15നു മംഗളൂരു കോട്ടോക്കാറിൽ വച്ചും ചെമ്പരിക്കയിലെ സി.എം.മുഹ്‍ത്തസിം(ഡോൺ തസ്‍ലിം)നെ 2020 ഫെബ്രുവരി 2നു തട്ടിക്കൊണ്ടു പോയി ഗുൽബർഗയിൽ വച്ചും വെടിവച്ചു കൊലപ്പെടുത്തിയ കേസികളിൽ സിയ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2 കൊലപാതകവും നടന്നതു കർണാടകയിലാണ്.

ഇതിനു പുറമേ ഉപ്പള, മംഗളൂരു അടക്കമുള്ള വിവിധയിടങ്ങളിൽ നടന്ന ചില കൊലപാതകങ്ങൾ യൂസഫ് സിയയുടെ ക്വട്ടേഷനാണെന്നു പൊലീസ് സംശയിക്കുന്നു. മണൽക്കടത്തിലൂടെയാണ് യൂസഫ് സിയയുടെ തുടക്കം. കൊലപ്പെട്ട ബാളിഗെ അസീസിനോടൊപ്പം ചേർന്നു ചെറിയ ക്വട്ടേഷനുകൾ തുടങ്ങി. ഇതിനിടെ ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നു ബാളിഗെ അസീസുമായി തെറ്റിയ സിയ സ്വന്തമായി ക്വട്ടേഷനുകൾ ഏറ്റെടുത്തു. തുടർന്നു മാസങ്ങൾക്കു ശേഷം ബാളിഗെ അസീസ് കൊല്ലപ്പെട്ടു. ഇതോടെ രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പക രൂക്ഷമായി. സംഘങ്ങൾ നേർക്കു നേരെയുള്ള വെടിവയ്പുകൾ ഉപ്പളയിൽ പതിവായി.

തുടർന്ന് പൊലീസിന്റെ പരിശോധന ശക്തമാക്കിയതോടെ ഒളിത്താവളം ജില്ലയ്ക്കു പുറത്തായി. എന്നാലും ഇവിടെ നടന്ന പല അക്രമ സംഭവങ്ങളിലും കാലിയ റഫീഖ്, യൂസഫ് സിയ തുടങ്ങിയവരുടെ സംഘങ്ങളായിരിക്കുമെന്നു പൊലീസിനു ബോധ്യമായിരുന്നെങ്കിലും നേരിട്ടു ഇവരുടെ പങ്കാളിത്തം ഇല്ലാത്തതിനാൽ കേസുകളിൽ പ്രതികളായില്ല. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്ത് ഏജന്റുമാരെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തൽ, പണത്തിനായി തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള ക്വട്ടേഷനുകളായിരുന്നു ഏറെയും. ഉപ്പളയിലെ കാലിയ റഫീഖിനെ കൊലപ്പെടുത്തിയതിനു ശേഷം യൂസഫ് സിയ ഗൾഫിലായിരുന്നു.

ഗൾഫിൽ വൻകിട ഹോട്ടലുകളും ബാറുകളും നടത്തുന്ന ഉപ്പള സ്വദേശികളുടെ സഹായത്തോടെയാണു സിയ ഗൾഫിലെത്തിയത്. ഇവിടെയും ഒട്ടേറെ ക്വട്ടേഷനുകൾ ഏറ്റെടുത്തിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയാണ് സിയാദ് എന്നും ജിയ എന്നും വിളിപ്പേരുള്ള സിയ. നടി ലീന മരിയാ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്താനും ഭീഷണിപ്പെടുത്തി പണം തട്ടാനും ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത് സിയ ആണെന്ന് പൊലീസ് പറയുന്നു. രവി പൂജാരിയുടെ നിർദേശപ്രകാരമാണ് സിയാദ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിലെ ഏഴാം പ്രതിയാണ് സിയാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com