ADVERTISEMENT

ചെർക്കള ∙ പണി തുടങ്ങി 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ സംസ്ഥാനാന്തര പാത നവീകരണം. ചെർക്കള- കല്ലട്ക്ക റോഡാണു മെല്ലെപ്പോക്കിന്റെ പേരിൽ മരാമത്തു വകുപ്പിനു തന്നെ നാണക്കേടായിരിക്കുന്നത്.‌ കരാർ ഏറ്റെടുത്ത ചെർക്കളയിലെ കുദ്രോളി കൺസ്ട്രക്ഷൻസ് 2018 ഒക്ടോബർ 17നാണ് പണി തുടങ്ങിയത്. ഒരു വർഷത്തേക്കായിരുന്നു കരാർ. 2 തവണ കരാർ നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും 60% മാത്രമാണ് പണി നടന്നത്.

കരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് മരാമത്ത് വകുപ്പ് ആരോപിക്കുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനും വൈദ്യുതി തൂണുകളും സമയത്ത് മാറ്റാത്തതിനെയും കോവിഡിനെയും കുറ്റപ്പെടുത്തുകയാണ് കരാറുകാരൻ.  സമയത്ത് പണി പൂർത്തിയാകാത്തതിനാൽ കിഫ്ബി നൽകിയിരുന്ന സ്റ്റോപ്പ് മെമ്മോ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. റോഡ് പണിയുടെ മേൽനോട്ടം മരാമത്ത് വകുപ്പിൽ നിന്ന് കേരള റോഡ് ഫണ്ട് ബോർഡിനു കൈമാറുകയും ചെയ്തു. പക്ഷേ നീട്ടിക്കൊടുത്ത സമയപരിധിയും അടുത്ത ഡിസംബറിൽ തീരുകയാണ്. കരാർ സമയം ഇനിയും നീട്ടിക്കൊടുക്കേണ്ടി വരും.

അനുവദിച്ചത് 61.76 കോടി രൂപ

ദേശീയപാത 66 ലെ ചെർക്കളയിൽ നിന്നു തുടങ്ങി മംഗളൂരു-ബെംഗളൂരു ദേശീയപാതയിലെ കല്ലട്ക്കയിൽ തീരുന്ന റോഡാണിത്. കേരളത്തിലൂടെ 29 കിലോമീറ്ററാണ് റോഡ് കടന്നുപോകുന്നത്. ഈ ഭാഗം നവീകരിക്കാൻ 2 റീച്ചുകളിലായി തിരിച്ച് 2018ൽ കിഫ്ബി 61.76 കോടി രൂപ അനുവദിച്ചു. ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള ആദ്യ റീച്ചിലെ 19 കിലോമീറ്ററിന് 39.76 കോടി രൂപയും ഉക്കിനടുക്ക മുതൽ അട്ക്കസ്ഥല വരെയുള്ള രണ്ടാം റീച്ചിലെ 10 കിലോമീറ്ററിന് 22 കോടി രൂപയുമാണ് അടങ്കൽ തയാറാക്കിയത്. ആദ്യ റീച്ച് ഒരു കരാറുകാരനും രണ്ടാം റീച്ച് മറ്റൊരു കരാറുകാരനുമാണ് ടെൻഡർ എടുത്തത്.

എതിർത്തോട് മുതൽ എടനീർ വരെ പൊട്ടിപ്പൊളിഞ്ഞ റോഡ്

ഉക്കിനടുക്ക മുതൽ അഡ്ക്കസ്ഥല വരെയുള്ള രണ്ടാം റീച്ചിന്റെ പണി നേരത്തെ പൂർത്തിയായി. എന്നാൽ ആദ്യ റീച്ചിന്റെ പണിക്ക് ഒച്ചിന്റെ വേഗതയാണ്!. ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള 19 കിലോമീറ്റർ ദൂരത്തിൽ എതിർത്തോട് മുതൽ എടനീർ വരെ 1.2 കിലോമീറ്റർ നീളത്തിൽ പഴയ റോഡിലെ ടാർ ഇളക്കിയെടുത്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. 18 കിലോമീറ്ററോളം ബിഎം ചെയ്തു കഴിഞ്ഞു. ബിസി (അവസാന ഘട്ട ടാറിങ്) മുഴുവനും ബാക്കിയുണ്ട്. ഇതിൽ തന്നെ പള്ളത്തടുക്കയിലും നെക്രാജെയിലും ആദ്യത്തെ ടാറിങ് മഴയിൽ തകരുകയും ചെയ്തു.

വൈദ്യുതി തൂണുകൾ മാറ്റിയില്ല‌

പണി വൈകിയതിന്റെ പേരിൽ കരാറുകാരനെ കുറ്റപ്പെടുത്തുമ്പോൾ തന്നെ, വൈദ്യുതി തൂണുകൾ ഇപ്പോഴും റോഡിൽ നിന്നു മാറ്റിയിട്ടില്ല. ബിഎം പൂർത്തിയായ ഭാഗങ്ങളിൽ പലയിടത്തും റോഡിന്റെ നടുവിലാണ് തൂണുകൾ നിൽക്കുന്നത്. തൂൺ മാറ്റാനുള്ള തുക കിഫ്ബി, കെഎസ്ഇബിയ്ക്കു നൽകിയിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. തൂണുകളുടെ ക്ഷാമം കാരണമാണ് നീണ്ടുപോകുന്നതെന്നാണ് വിശദീകരണം. ഇതു മാറ്റിയാൽ മാത്രമേ അവസാന ഘട്ട ടാറിങ് (ബിസി) ചെയ്യാൻ കഴിയുകയുള്ളൂ.

ഒഴിപ്പിക്കാതെ കയ്യേറ്റങ്ങൾ

റോഡ് ആരംഭിക്കുന്ന ചെർക്കള മുതൽ എടനീർ വരെയുള്ള ഭാഗങ്ങളിൽ റോഡ് പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സ്ഥലം അളക്കാൻ 2018ൽ മരാമത്ത് അധികൃതർ താലൂക്ക് സർവേയർക്കു കത്തു നൽകിയതാണ്. എന്നാൽ ഇതുവരെയായിട്ടും സ്ഥലം അളക്കാൻ അധികൃതർ തയാറായിട്ടില്ല. എടനീർ മുതൽ അട്ക്കസ്ഥല വരെ റോഡും പുറമ്പോക്കുമായി 40 മീറ്റർ വരെ വീതിയുണ്ടെങ്കിലും ചെർക്കള മുതൽ എടനീർ വരെ 10 മീറ്റർ പോലുമില്ല. 12 മീറ്റർ വീതിയിലാണ് റോഡിന്റെ വീതി വർധിപ്പിക്കുന്നത്. കയ്യേറ്റം ഒഴിപ്പിച്ചാൽ മാത്രമേ ഇതിനു വേണ്ട വീതി കിട്ടുകയുള്ളൂ. കയ്യേറ്റക്കാരുടെ സ്വാധീനം കൊണ്ടാണ് സ്ഥലം അളക്കാത്തതെന്ന ആരോപണമാണ് റോഡിനു വേണ്ടി സമരം ചെയ്ത സംഘടനകൾ ആരോപിക്കുന്നത്.

തീരാതെ സമരങ്ങളും ദുരിതവും

റോഡ് നവീകരണം നീണ്ടുപോകുന്നത് വലിയ ദുരിതമാണ് യാത്രക്കാർക്കുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 2 മഴക്കാലങ്ങളിലും നടന്നുപോകാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു പല ഭാഗങ്ങളിലും.  വലിയ ജനകീയ സമരങ്ങൾക്കും റോഡ് വേദിയായി. അടുത്ത മഴക്കാലം തുടങ്ങുന്നതിനു മുൻപെങ്കിലും പണി പൂർത്തിയാകുമോ എന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്.

കരാറുകാരന്റെ വിശദീകരണം.

കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് റോഡിന്റെ ടാറിങ് വീതി 7 മീറ്ററായിരുന്നു. പിന്നീട് വീതി 9 മീറ്ററാക്കി കിഫ്ബി ഉയര്‍ത്തി. പക്ഷേ പുതുക്കിയ എസ്റ്റിമേറ്റിനു ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. പലതവണ സമര്‍പ്പിച്ചെങ്കിലും തിരിച്ചയച്ചു. ഇതാണ് പണി വൈകാനുള്ള പ്രധാന കാരണം. 2 പാര്‍ട് ബില്ലുകളിലായി  7 കോടി രൂപ ലഭിക്കാനുള്ളതു കൊണ്ടാണ് പണി നിര്‍ത്തേണ്ടി വന്നത്. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകയും കുടിശ്ശിക തരികയും ചെയ്യാതെ പണി തുടങ്ങാന്‍ പ്രയാസമുണ്ട്.  അബ്ദുല്‍ റഹ്മാന്‍ ,എംഡി കുദ്രേളി കണ്‍സ്ട്രക്ഷന്‍സ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com