പരിമിതികൾക്കപ്പുറം,കരുത്ത് ചോരാതെ; ഉൾക്കരുത്തിന്റെ ബലം
Mail This Article
ചുമതലകളിൽ ബാലൻസ് കണ്ടെത്തി നാരായണൻ
ശരീരത്തെ സ്വയം പരിപാലിക്കാനുള്ള ശേഷി ഇല്ലെങ്കിലും പുത്തിഗെ സ്വദേശിയായ പി.ബി.നാരായണനു ജോലിയിൽ കൃത്യത കുറയാറില്ല. ഭാര്യ മമിതയും സഹപ്രവർത്തകരും നൽകുന്ന സ്നേഹത്തിന്റെ താങ്ങ് ആണ് എന്നും പുഞ്ചിരിയോടെ പഞ്ചായത്ത് പെർഫോംസ് വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥനെ മുന്നോട്ടു നയിക്കുന്നത്. പേശികളുടെ ക്ഷമത നശിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫിയെന്ന അപൂർവ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണു ശരീരത്തിനു ബാലൻസ് ഇല്ലാതായത്. നടക്കുമ്പോൾ ഒരു ചെറിയ കല്ലിൽ തട്ടിയാലും പടി കയറുമ്പോഴും മറ്റും ഒരു താങ്ങ് ഇല്ലെങ്കിൽ വീഴും. ഇരുന്നാൽ 2 കയ്യും കുത്തി വേണം എഴുന്നേൽക്കാൻ. മേശപ്പുറത്തു നിന്നു ഒരു ലഡ്ജർ എടുക്കാൻ പോലും പരസഹായം ആവശ്യം. 20ാം വയസ്സിൽ ആണ് എൻമകജെ പഞ്ചായത്തിൽ ജീവനക്കാരനായി നിയമിതനായത്.
ജില്ലാ പഞ്ചായത്ത് ഓഫിസിൽ ജൂനിയർ സൂപ്രണ്ട് ആയിരുന്ന നാരായണൻ അടുത്തിടെയാണ് പഞ്ചായത്ത് പെർഫോംസ് ഓഡിറ്റ് മധൂർ യൂണിറ്റ് സൂപ്പർവൈസർ ആയി നിയമിതനായത്. 16 പഞ്ചായത്തുകളുടെ ചുമതല ആണ് നാരായണൻ വഹിക്കുന്നത്. കഴിഞ്ഞ 13 വർഷമായി നാരായണനെ ചുമലിലേറ്റിയും താങ്ങിപ്പിടിച്ചും ഓഫിസുകളിലും ഇവിടെ നിന്നു വീടുകളിലേക്കും എത്തിക്കുന്നത് ഭാര്യ മമിത ആണ്. ഭാര്യയും സഹപ്രവർത്തകരും ഓഫിസ് മേലധികാരികളും നൽകുന്ന കരുത്താണ് ഈ ഉദ്യോഗസ്ഥന്റെ ബലം. 30 വർഷമായി തുടരുന്ന രോഗവും അതിജീവിച്ച് 53 ാം വയസ്സിലും കരുത്ത് ചോരാതെ സർക്കാർ ജോലി തുടരുന്നു.
മൈതാനത്തും ജീവിതത്തിലും മുനാസ് ഓൾറൗണ്ടർ
ജീവിതത്തിന്റെ മൈതാനത്തിൽ ഓൾ റൗണ്ടർ ആണ് കാഴ്ച പരിമിതികളെ അതിജീവിച്ചു ക്രിക്കറ്റും പഠനവുമായി മുന്നേറുന്ന പൈവളിഗെ കളായിലെ കെ. അബ്ദുൽ മുനാസ് . 2018ൽ കൊളംബോയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അംഗം. കേരള ടീം ക്യാപ്റ്റൻ ആയിരുന്നു അന്ന്. കേരള ടീം വൈസ് ക്യാപ്റ്റനും കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആണ് ഇപ്പോൾ. 2010ൽ ആണ് കാസർകോട് ജില്ലാ ക്രിക്കറ്റ് ടീം അംഗമായത്. 2014 മുതൽ 2020 വരെ ജില്ലാ ക്യാപ്റ്റൻ. 2015 മുതൽ 2017 വരെ കേരള വൈസ് ക്യാപ്റ്റൻ, 2017–18 കേരള ക്യാപ്റ്റൻ. തിരുവനന്തപുരം കാര്യവട്ടം കേരള സർവകലാശാല ക്യാംപസിൽ എംഎ സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥിയാണ്.
സാമൂഹിക പ്രവർത്തനത്തിനു മുൻഗണന നൽകിയാണ് ഡിഗ്രിക്കു സോഷ്യോളജി ഇഷ്ട വിഷയം സ്വീകരിച്ചത്. കളയപ്പാടി ഹൗസിൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും ഇളയമകൻ. ജന്മനാ കാഴ്ച ശേഷി പരിമിതി ഉണ്ടായിരുന്ന മുനാസ് കാസർകോട് വിദ്യാനഗർ അന്ധവിദ്യാലയത്തിൽ ഒന്നു മുതൽ 2 വരെ പഠിച്ചു. തുടർന്നു 10 ാം ക്ലാസ് വരെ പൈവളിഗെ ഗവ.ഹയർസെക്കൻഡറി സ്കൂളിലും ഹയർസെക്കൻഡറി കോഴിക്കോട് കൊളത്തറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലും പഠിച്ചു കയറി. ഫാറൂഖ് കോളജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവിടെ എൻഎസ്എസ് വൊളന്റിയർ കൂടി ആയിരുന്നു. ലൈബ്രറി സയൻസിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്.
നട്ടെല്ല് തകർന്നിട്ടും തകരാതെ ജോസ് കുഞ്ഞ്
അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിട്ടും മനസ്സ് പതറാതെ പശുവളർത്തൽ വരുമാന മാർഗമായി സ്വീകരിച്ച് ജീവിത വിജയം നേടുകയാണ് മാലക്കല്ലിലെ ഭിന്നശേഷിക്കാരനായ 58 വയസ്സുകാരൻ അടിയായിപ്പള്ളിൽ എ.യു.ജോസഫ് എന്ന ജോസ്കുഞ്ഞ്. 24 വർഷം മുൻപ് കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ് നട്ടെല്ല് തകർന്ന് ജോസ്കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയിൽ ജീവൻ തിരികെ ലഭിച്ചെങ്കിലും അരയ്ക്ക് താഴെ പൂർണമായും തളർന്നു. ചലന ശേഷി നഷ്ടപ്പെട്ടിട്ടും വിധിയോട് തോൽക്കാൻ ജോസ് കുഞ്ഞിന്റെ മനസ്സ് അനുവദിച്ചില്ല.
ഇന്ന് പശുവളർത്തൽ, പുൽക്കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയിലൂടെ വരുമാനം നേടുകയാണിദ്ദേഹം. കള്ളാർ പഞ്ചായത്തിൽ നിന്നും അനുവദിച്ച മുച്ചക്ര വാഹനത്തിലിരുന്ന് എല്ലാം ജോസ്കുഞ്ഞ് ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. പശുവിന് തീറ്റ എത്തിക്കുന്നതും, പാൽ ക്ഷീര സംഘത്തിൽ എത്തിക്കുന്നതും അടക്കം എല്ലാം മുച്ചക്ര വാഹനത്തിലാണ്. ഇന്ന് 7 പശുക്കളാണ് ജോസ്കുഞ്ഞിന്റെ തൊഴുത്തിലുള്ളത്. കഠിന പ്രയത്നം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ശാരീരിക വൈകല്യം ജീവിത വിജയത്തിന് തടസ്സമല്ലെന്ന് ജോസ്കുഞ്ഞ് പറയുന്നു.