വരുമാനം മുഖ്യം; കെഎസ്ആർടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക്, ‘വരുമാനം വർധിക്കാൻ കയ്യിലുള്ള ബസുകൾ ഒന്ന് ഓടിക്കൂ...’
Mail This Article
കാസർകോട് ∙ കെഎസ്ആർടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്കു മാറ്റാൻ നീക്കം. എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും വരുമാനത്തിന്റെ സാധ്യതകൾ കണക്കിലെടുത്തു തീരുമാനവുമായി മുന്നോട്ടു പോകാൻ തന്നെയാണ് അധികൃതരുടെ ശ്രമം. 2011ൽ ഉദ്ഘാടനം ചെയ്തതാണ് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നിലകളുള്ള കെഎസ്ആർടിസിയുടെ തുളുനാട് കോംപ്ലക്സ്. 3ാം നിലയിലുള്ള ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിനാണു മാറ്റം വരിക. മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ പത്തോളം ഉദ്യോഗസ്ഥർ ആണ് ഓഫിസിലുള്ളത്.
അന്തർ സംസ്ഥാന ടെർമിനൽ ആയ കാസർകോട് ഡിപ്പോയുടെ ഉൾപ്പെടെ പ്രവർത്തന മേൽനോട്ടം ഇതോടെ കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സബ് ഡിപ്പോ കെട്ടിടത്തിലാകും. കെഎസ്ആർടിസി കോംപ്ലക്സ് കെട്ടിടം വാടകയ്ക്കു നൽകി വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.
4000 സ്ക്വയർ ഫീറ്റ് വിസ്തീർണം ഉള്ളതാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസ്. ചെമ്മട്ടംവയലിലെ സബ് ഓഫിസ് കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്കു നൽകാൻ ഉചിതമായ സ്ഥലം അല്ലെന്ന കണ്ടെത്തൽ ആണ് കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട് മാറ്റാൻ പ്രേരിപ്പിച്ചത്. കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ കാസർകോട് ഡിപ്പോ സന്ദർശിച്ചതിനു പിന്നാലെയാണു ജില്ലാ ഓഫിസ് മാറ്റാനുള്ള നിർദേശം കൈക്കൊണ്ടത്.
‘വരുമാനം വർധിക്കാൻ കയ്യിലുള്ള ബസുകൾ ഒന്ന് ഓടിക്കൂ...’
അവധിക്കാലത്തു ദീർഘദൂര യാത്രികരുടെ തിരക്കേറുമ്പോളും കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നില്ലെന്നു വിമർശനം. കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ അധികമുണ്ടായിട്ടും സർവീസ് നടത്തുന്നില്ലെന്നാണ് ആരോപണം. കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ കഴിഞ്ഞ ദിവസം കണ്ണൂർ ഭാഗത്തേക്ക് രാത്രി ബസ് ഓടിക്കണമെന്ന മുറവിളിയുമായി വന്നവരെ പൊലീസ് എത്തിയാണു ശാന്തരാക്കി വിട്ടത്. രാത്രി 10നു ശേഷം കണ്ണൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതിയാണ്.
ആഴ്ചയിൽ 2 ദിവസം കാസർകോട് – ബെംഗളൂരു സർവീസ് നടത്തുന്ന എക്സ്പ്രസ് മറ്റു ദിവസങ്ങളിൽ ചുമ്മാ കിടക്കുകയാണ്. മറ്റേതെങ്കിലും ബസ് കേടായാൽ മാത്രമാണ് ഇത് ഓടിക്കുക. വൈകിട്ട് 5ന് കോട്ടയം സൂപ്പർ ഫാസ്റ്റ്, 7.40ന് എറണാകുളം എക്സ്പ്രസ്, 7.47ന് പാലാ മിന്നൽ, 9 മണിക്ക് കോട്ടയം മിന്നൽ, 9.40ന് എറണാകുളം ഡീലക്സ്, 1ന് കൊട്ടാരക്കര ബസ് എന്നിവയാണ് ഇവിടെ നിന്നുള്ള രാത്രികാല സർവീസുകൾ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 9.10നു പാലക്കാടും തിങ്കൾ രാത്രി 12നു ആലപ്പുഴ സർവീസും നടത്തുന്നുണ്ട്.
ട്രെയിനുകളിൽ റിസർവേഷൻ കിട്ടാത്തവർ, കെഎസ്ആർടിസിയിൽ ഓൺലൈൻ ടിക്കറ്റ് കിട്ടാത്തവർ ഉൾപ്പെടെ കെഎസ്ആർടിസി ഡിപ്പോയിൽ എത്തുന്നുണ്ട്. ബസുകളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ മാത്രം അവർക്ക് ഇടം കിട്ടുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സീറ്റു കിട്ടാതെ പുറത്തു തന്നെയാണ് യാത്രക്കാർ. വെറുതേ കിടക്കുന്ന ബസുകൾ ഉണ്ടായിട്ടും യാത്രക്കാരുടെ വർധന അനുസരിച്ചു എന്തു കൊണ്ട് സർവീസ് നടത്തിക്കൂട എന്നാണ് യാത്രക്കാരുടെ ചോദ്യം.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ തിരക്ക് സാധാരണ നിലയിലേക്ക് ആകുന്ന ഘട്ടത്തിലാണ് ദീർഘദൂര യാത്രക്കാർ വർധിച്ചത്. തിരുവനന്തപുരം ബസ് 80000 രൂപ വരെയും എറണാകുളം സർവീസ് 40000 രൂപ വരെയും വരുമാനം ഉണ്ടാക്കുന്ന സർവീസുകളാണ്. തിരുവനന്തപുരം സ്കാനിയ കോവിഡ് വ്യാപനത്തിനു ശേഷം സർവീസ് ആരംഭിച്ചിട്ടില്ല.
ജീവനക്കാർക്കു ബാധ്യത; കെട്ടിടത്തിന് പെർമിറ്റും ഇല്ല
ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതോടെ ജീവനക്കാരുടെ താമസ സ്ഥലം കൂടി ഒഴിയേണ്ടി വരും. 470 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സപ്ലൈകോ, ജിഎസ്ടി ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നതിനു വിശാലമായ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം നിലയിൽ 3 മുറി ഒഴികെ ഒഴിഞ്ഞു കിടക്കുന്നു. താഴത്തെ നിലയിൽ പകുതിയിലേറെയും മുറികൾ ഒഴിഞ്ഞാണു കിടക്കുന്നത്. ഇതെല്ലാം ടെൻഡർ ചെയ്യാനുള്ള നടപടികളിൽ ആണ് അധികൃതർ. 2 തവണ ടെൻഡർ ചെയ്തിട്ടും ആവശ്യക്കാർ എത്താതിരിക്കെ ആണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്കു മാറ്റുന്നത്. സർക്കാർ ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് തുളുനാട് കോംപ്ലക്സിൽ ഇപ്പോൾ അധികൃതർ പ്രതീക്ഷിക്കുന്നത്.ജില്ലാ ഓഫിസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലേക്കു മാറ്റുന്നതോടെ വിദ്യാർഥികൾക്കുള്ള സൗജന്യ യാത്ര പാസ് എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ദുരിതം കൂടും. പുതുക്കാനും ചെമ്മട്ടംവയലിൽ എത്തേണ്ടി വരും.
നിലവിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസ് കെട്ടിടത്തിനു നഗരസഭ പെർമിറ്റ് ഇനിയും ലഭിച്ചിട്ടില്ല. അഗ്നിസുരക്ഷാ സംവിധാനം ഇല്ലാത്തതാണു കാരണം. ഇത് ഏർപ്പെടുത്തുന്നതിന് 1 കോടിയോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വാണിജ്യാവശ്യത്തിനു ഈ നില ഉപയോഗിക്കണമെങ്കിൽ നഗരസഭയുടെ പെർമിറ്റ് കിട്ടണം. നഗരസഭയുടെ പെർമിറ്റ് ഇല്ലെന്ന വിവരം അറിയാതെ ആകണം ഇത് വാണിജ്യാവശ്യത്തിനു ഉപയോഗിക്കണമെന്ന നിർദേശം ഉണ്ടായതെന്നാണു ജീവനക്കാർ പറയുന്നത്.
വാടകയ്ക്ക് നൽകിയിട്ടുള്ളത് 49 മുറികൾ
തുളുനാട് കോംപ്ലക്സിൽ 49 മുറികളാണ് വാടകയ്ക്കു നൽകിയിട്ടുള്ളത്. 3ാം നിലയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസ്, ജീവനക്കാരുടെ വിശ്രമം – താമസ സ്ഥലം, ജീവനക്കാരുടെ സൊസൈറ്റി ഓഫിസ് എന്നിവയാണുള്ളത്. കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണ സംഘം ഓഫിസ് പ്രതിവർഷം 1.15 ലക്ഷം രൂപ വാടക നൽകിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷം തോറും 10% വാടക വർധന നൽകണം. പുറമേ നിന്നുള്ളവർ 20% ആണ് വർഷം തോറും നൽകേണ്ട വാടക വർധന.
പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എംഎൽഎ
കെഎസ്ആർടിസി ജില്ലാ ആസ്ഥാനം കാസർകോട് നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ വകുപ്പു മന്ത്രിക്കും മാനേജിങ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഓഫിസ് മാറ്റാനുള്ള നീക്കത്തിനു പിന്നിലുള്ള ഉദ്ദേശ്യം ദുരൂഹമാണ്. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനമെങ്കിൽ സമരം നേരിടേണ്ടി വരുമെന്നും എംഎൽഎ മുന്നറിയിപ്പു നൽകി.
നീക്കം ഉപേക്ഷിക്കണമെന്ന് ഭരണപക്ഷ എംഎൽഎയും
കെഎസ്ആർടിസി ജില്ലാ ഓഫിസ് കാസർകോട് നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഗതാഗത മന്ത്രിക്കു നിവേദനം നൽകി. കെഎസ്ആർടിസിയുടെ സ്ഥലത്തു 2011ൽ ഉദ്ഘാടനം ചെയ്ത ഷോപ്പിങ്ങ് കോംപ്ലക്‌സിലാണു ജില്ലാ ഓഫിസ് പ്രവർത്തിക്കുന്നത്.ദേശസാൽകൃത റൂട്ടായ കാസർകോട് ചന്ദ്രഗിരി - കാഞ്ഞങ്ങാട്, കാസർകോട് – മംഗളൂരു – കാസർകോട് – സുള്ള്യ, കാസർകോട് – പുത്തൂർ എന്നിങ്ങനെ പ്രധാന സർവീസുകൾ എല്ലാം ഓപ്പറേറ്റ് ചെയ്യുന്നതു കാസർകോട് ഡിപ്പോയിൽ നിന്നാണെന്നും ഈ ഓഫിസ് കാഞ്ഞങ്ങാട്ടേക്കു മാറ്റാനുള്ള നീക്കം നിർത്തിവയ്ക്കണമെന്നും നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.