മണ്ണെണ്ണ പെർമിറ്റ്: എൻജിൻ വള്ളങ്ങളുടെ പരിശോധന; 75 % അപേക്ഷകളും തള്ളി
Mail This Article
കാസർകോട് ∙ ജില്ലയിൽ മത്സ്യബന്ധനത്തിനുള്ള എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെ സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷകളിൽ 75 % ഫിഷറീസ് അധികൃതർ തള്ളി. മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതാണു കാരണമെന്ന് അധികൃതർ പറഞ്ഞു. ഈ മാസം 16ന് ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് നേതൃത്വത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ എൻജിനും വള്ളങ്ങളും പരിശോധന നടത്തും. ഇതിനു ശേഷമാകും മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുക. ഇതിനു മുൻപ് 2015ലാണ് സംയുക്ത പരിശോധന നടന്നത്.
സമയം നീട്ടണം
യഥാർഥ ലൈസൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു നിരസിക്കപ്പെട്ടതിനു പ്രധാന കാരണം. 6 വർഷത്തിനു ശേഷമാണ് 10 വർഷ കാലാവധിക്കുള്ള മണ്ണെണ്ണ പെർമിറ്റിനു അർഹത ഉൾപ്പെടെ അനുവദിക്കുന്നതിനുള്ള സംയുക്ത പരിശോധന നടത്തുന്നതിനു അപേക്ഷ സ്വീകരിക്കുന്നത്. വർഷങ്ങളായി ലൈസൻസ് ഫീസ് അടക്കാത്തവരുണ്ട്.
ഇത് ഗഡുക്കളായി അടക്കുന്നതിനു അനുവാദം നൽകി അപേക്ഷ സ്വീകരിക്കണമെന്ന ആവശ്യം അധികൃതർ അനുവദിച്ചില്ല. അതിനിടെ ഒറിജിനൽ ലൈസൻസ് സർട്ടിഫിക്കറ്റുമായി എത്തിയവരിൽ നിന്നു 170 രൂപ വീതം ഈടാക്കിയാണ് ഫിഷറീസ് ഇൻസ്പെക്ടർ അപേക്ഷ സ്വീകരിക്കുന്നത്. നേരത്തെ ആർസി ഒറിജിനൽ നൽകണമെന്നു നിർദേശം ഉണ്ടായിരുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്.
കൃത്രിമം കാട്ടൽ തടയാനെന്ന് അധികൃതർ
അപേക്ഷകൾ നാലിലൊന്നായി ചുരുങ്ങാൻ പല കാരണങ്ങളുണ്ടെന്ന് അധികൃതർ പറയുന്നു. 10 വർഷത്തിലധികം പഴക്കമുള്ളവ, ഇരട്ടിപ്പ്, ഇല്ലാത്ത എൻജിനുകൾ, കരിച്ചന്തയിലെ മണ്ണെണ്ണ വിൽപന, ലൈസൻസ് പുതുക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ട്. 1600 അടുത്തുണ്ടായിരുന്ന സ്ഥാനത്ത് 425 അപേക്ഷകളാണു ലഭിച്ചത്. ഇനി നേരിട്ടുള്ള പരിശോധന കൂടി നടത്തും. അത് 16നാണ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായി നടത്തും.
" സാങ്കേതിക കാരണങ്ങളുന്നയിച്ച് അപേക്ഷ നിരസിക്കരുതെന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ 2 മാസം വരെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കലക്ടർക്ക് നേരിട്ടു നിവേദനം നൽകിയിട്ടുണ്ട്. " - യു.എസ്.ബാലൻ, സംസ്ഥാന പ്രസിഡന്റ്, ധീവരസഭ