ആവേശത്തുടക്കം: നിരാശയോടെ മടക്കം !
Mail This Article
കാസർകോട് ∙ പ്രതീക്ഷകൾ വാനോളമുയർന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും നിരാശപ്പെടുത്തി. മൂന്നാമത്തെ ഫൈനലിലും ഫലം തോൽവി തന്നെ. കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകർ നിരാശയോട വീടുകളിലേക്കു മടങ്ങി. അവസാനം വരെ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു കൂറ്റൻ സ്ക്രീനുകൾക്കു മുന്നിൽ ആരാധകർ കാത്തിരുന്നെങ്കിലും ഫലം നിരാശയായി. ബ്ലാസ്റ്റേഴ്സിന്റെ കിരീടപ്പോരാട്ടം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരാധകരും ക്ലബുകളും കൂറ്റൻ സ്ക്രീനുകളൊരുക്കി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിൽ എത്തിയതിനാൽ ജില്ലയിലെ ആരാധകർ വലിയ ആവേശത്തിലാണ്.
കാസർകോട് നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിലാണു കാണികൾക്കായി കൂറ്റൻ സ്ക്രീനൊരുക്കിയത്. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബ്, ഡിവൈഎഫ്ഐ അമ്പലത്തറ മേഖല കമ്മിറ്റി, ചിത്താരി ഹസീന ക്ലബ്, സെന്റർ ചിത്താരി, അതിഞ്ഞാൽ എന്നിവിടങ്ങളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതിന്റെ ആവേശം പ്രകടമായിരുന്നു. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂറോളം മുൻപു തന്നെ പല സ്ക്രീനുകൾക്കു മുന്നിലും ആരാധകർ നിറഞ്ഞിരുന്നു.