ദ്രവിച്ചു തീരാൻ ബേക്കൽ റെസ്റ്റ് ഹൗസ്!
Mail This Article
കാസർകോട് ∙ മനസ്സ് കുളിർക്കും കാഴ്ചയും സൗന്ദര്യവും ഒരുക്കുന്ന ബേക്കൽ കോട്ടയിലെത്തുന്ന സന്ദർശകർക്കു ഭീഷണിയായി മേൽക്കൂരയും കഴുക്കോലും ദ്രവിച്ച റെസ്റ്റ് ഹൗസ്. ഇത് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 2 പതിറ്റാണ്ട്.വയോധികർ ഉൾപ്പെടെയുള്ളവർ തണൽ തേടി ഇതിന്റെ പൂമുഖത്ത് കയറി ഇരിക്കുന്നത് പതിവാണ്. 1909ൽ നിർമിച്ചതാണ് കെട്ടിടം. ഇതിന്റെ പില്ലറുകളിൽ ഇപ്പോഴും ബ്രിട്ടിഷ് മുദ്രയുണ്ട്. 10 വർഷം മുൻപ് 10.5 ലക്ഷം രൂപ മുടക്കി ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതു വരെ ഇവിടെ താമസ സൗകര്യവും അനുവദിച്ചിരുന്നു. 3 അറ്റാച്ച്ഡ് ബാത്ത് റൂം, ഹാൾ, പൂമുഖം ഉൾപ്പെടെ ഉള്ളതാണ് കെട്ടിടം. പുറത്ത് 2 ശുചിമുറി, അടുക്കള, ബ്രിട്ടിഷ് കാലത്ത് കുതിരയെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഷെൽട്ടർ എന്നിവയും ഉണ്ട്.
തുടരുന്ന അനാസ്ഥ
സംസ്ഥാന സർക്കാർ, പൊതുമരാമത്ത് വകുപ്പ്, ബിആർഡിസി, കേന്ദ്ര പുരാവസ്തു വകുപ്പ്, സംസ്ഥാന പുരാവസ്തു വകുപ്പ്, ടൂറിസം വകുപ്പ് തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഉണ്ടായിട്ടും റെസ്റ്റ് ഹൗസ് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ല. കെട്ടിടം സഞ്ചാരികൾക്കു വേണ്ടി ഉപയോഗപ്പെടുത്തി ചരിത്ര സ്മാരകമായി നിലനിർത്താനുമുള്ള ആവശ്യമാണ് ഉയരുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതരും ടൂറിസം വകുപ്പ് അധികൃതരും ഉൾപ്പെടെ പല തവണ ഇവിടെ വന്നു പോയിട്ടും റെസ്റ്റ് ഹൗസിന്റെ കാര്യം പരിഗണനയിലെത്തുന്നില്ല.
മ്യൂസിയം ആക്കണമെന്ന് ആവശ്യം
ബേക്കൽ കോട്ടയിൽ നിന്ന് 2000ത്തിൽ ഉൾപ്പെടെ കുഴിച്ചെടുത്ത ചരിത്ര കൗതുകങ്ങൾ സന്ദർശകർക്കു കാണാൻ അവസരം നൽകാതെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലോക്കറിൽ ആണ്. അതെല്ലാം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി ഇവിടെ തന്നെ സ്ഥാപിച്ച് പ്രദർശിപ്പിക്കാനും വയോധികർക്കു ഉൾപ്പെടെ വിശ്രമിക്കാനും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
നിർദേശം ഇപ്പോഴും പരിഗണനയിൽ
കെട്ടിടം അറ്റകുറ്റപ്പണി നടത്തി വിനോദസഞ്ചാരികളുടെ ആവശ്യത്തിനു ഉപയോഗപ്പെടുത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർക്കു പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് ബിആർഡിസി മാനേജിങ് ഡയറക്ടർ പി.ഷിജിൻ, ബിആർഡിസി മാനേജർ യു.എസ്.പ്രസാദ് എന്നിവർ പറഞ്ഞു. കോട്ടയിൽ നടന്ന ലോക പൈതൃക ദിനാഘോഷത്തിൽ പങ്കെടുത്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ലൂർദ് സ്വാമി, മേഖല സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ.മൂർത്തീശ്വരി തുടങ്ങിയവർ ഇക്കാര്യം പരിഗണനയിലാണെന്ന് അറിയിച്ചിട്ടുണ്ട്.
കെട്ടിടം ഉടമസ്ഥത വെവ്വേറെ
കോട്ടയുടെ അകത്തും പുറത്തുമായി 35 ഏക്കറിലേറെ സ്ഥലമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കയ്യിലുള്ളത്. അതേ സമയം റെസ്റ്റ് ഹൗസും അതോടൊപ്പമുള്ള 3 ഏക്കർ സ്ഥലവും മാത്രം സംസ്ഥാന സർക്കാരിന്റെ കൈവശമാണ്. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഈ കെട്ടിടവും സ്ഥലവും വിട്ടു കിട്ടിയാൽ ഒരു വർഷത്തിനകം കെട്ടിടം അറ്റകുറ്റപ്പണി തീർത്തു മ്യൂസിയം പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന നിലപാടിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ.
വൈദ്യുതി ഇല്ല
റെസ്റ്റ് ഹൗസിലേക്ക് ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. കേബിൾ മുറിഞ്ഞ് 6 വർഷമായി വൈദ്യുതി ഇല്ലാതായി. കഴുക്കോലും തകർന്ന് കെട്ടിടം അനാഥമായി നശിക്കുന്നു. മഴക്കാലത്ത് വെള്ളം കെട്ടിടത്തിനകത്ത് വീഴും.
പൈതൃക പദവി കാത്ത് ബേക്കൽ
കണ്ണൂർ, ബേക്കൽ കോട്ടകളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് കഴിഞ്ഞ ലോക പൈതൃക ദിനാഘോഷത്തിൽ പങ്കെടുത്ത ഡയറക്ടർ ലൂർദ് സ്വാമി പറഞ്ഞു. ഈ ശ്രമത്തിന്റെ ഭാഗമായാണ് കോട്ടയുടെ ഭാഗമായ എല്ലാ സ്ഥലവും കേന്ദ്ര ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു വിട്ടുകിട്ടണമെന്ന നിലപാടിനു ഊന്നൽ നൽകുന്നത്. രാവിലെ 8.30 നു തുടങ്ങി 6 വരെ മാത്രമാണ് കോട്ടയിൽ സന്ദർശകർക്ക് അനുമതി. ലോക പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെടുന്നതോടെ രാത്രിയും പകലുമായി സന്ദർശർക്ക് അനുമതി നൽകുന്നതോടൊപ്പം വിപുലമായ സൗകര്യങ്ങൾ കൂടി അകത്തും പുറത്തുമായി ചെയ്യേണ്ടി വരും.
കോട്ടയിൽ പണി തീർത്ത ശുചിമുറി ബ്ലോക്കുകൾ ഇനിയും തുറന്നു കൊടുത്തിട്ടില്ല. പുറത്തു ക്ലോക്ക് റൂം ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ തുടങ്ങിയവയുടെ പണി നടന്നു വരുന്നുണ്ട്. കോട്ടയിൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിർത്തിവച്ചിട്ടു മാസങ്ങളായി. അത് പുനരാരംഭിക്കാനുള്ള നടപടികൾ മന്ദഗതിയിൽ ആണ്. അതിനിടെ 100 സൗരോർജ വിളക്കുകൾ കോട്ടയുടെ ചുറ്റും സ്ഥാപിക്കാനുള്ള ആലോചനകളുണ്ട്. എന്നാൽ ഉപ്പു കാറ്റിൽ ഇരുമ്പു കാലുകൾ ദ്രവിക്കുമോയെന്ന ആശങ്കയുണ്ട്.