കെഎസ്ആർടിസി സർവീസുകൾ മുടങ്ങി; നേട്ടം കൊയ്ത് കർണാടക
Mail This Article
കാസർകോട് ∙ കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ മുടങ്ങിയപ്പോൾ നേട്ടം കൊയ്ത് കർണാടക. കാസർകോട് ഡിപ്പോയിൽ നിന്ന് ഇന്നലെ 6 ട്രിപ്പുകൾ മാത്രമാണു നടന്നത്. കർണാടക സാധാരണ 28 സർവീസുകൾ നടത്തിയിരുന്നത് 5 എണ്ണത്തോളം വർധിപ്പിച്ചു.കേരളത്തിന്റെ ഭാഗത്തു നിന്ന് രാവിലെ മംഗളൂരു, കണ്ണൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് സർവീസ് നടത്തി. വൈകിട്ട് ദീർഘദൂര സർവീസുകൾക്കു മുടക്കമുണ്ടായില്ല.
പാലാ, കോട്ടയം മിന്നൽ സർവീസുകളും തടസ്സസമില്ലാതെ ഓടി. സിഐടിയു യൂണിയൻ പണിമുടക്കിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും സർവീസുകൾ മിക്കവയും മുടങ്ങി. വ്യാഴം രാത്രി ഡീസൽ ക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ഒട്ടേറെ സർവീസുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 4000 കിലോമീറ്റർ സർവീസ് മുടങ്ങിയിട്ടും 12.50 ലക്ഷം കലക്‌ഷൻ ലഭിച്ചിരുന്നു. വ്യാഴം രാത്രിയോടെ ഡീസൽ എത്തിച്ചതിനാലാണ് ഇന്നലെ നാമമാത്രമായെങ്കിലും സർവീസുകൾ നടത്താൻ കഴിഞ്ഞത്.
മാനേജ്മന്റ് കരാർ പാലിക്കണം;തൊഴിലാളി യൂണിയനുകൾ
എല്ലാ മാസവും 5–ാം തീയതിക്കകം ശമ്പളം നൽകാമെന്ന തൊഴിലാളി സംഘടനകളും മാനേജ്മെന്റും തമ്മിലുള്ള കരാർ തുടർച്ചയായി ലംഘിക്കപ്പെടുകയും ശമ്പള വിതരണം സമയബന്ധിതമായി നടത്താൻ മാനേജമെന്റിന്റെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നും കാര്യക്ഷമമായി ഇടപെടലുകൾ ഒന്നും നടക്കാത്ത സാഹചര്യത്തിലാണു പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സമരത്തിനു നോട്ടിസ് നൽകിയത്. സമരം അവസാനിപ്പിക്കാൻ അവസാനവട്ട ചർച്ച മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തി എങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സംഘടനകൾ സമരത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
ഭരണാനുകൂല സംഘടനകൾ പണിമുടക്കിൽ നിന്നു വിട്ടുനിന്നെങ്കിലും അംഗങ്ങൾ വലിയൊരു ശതമാനവും ജോലിക്ക് ഹാജരായില്ല. ഇതുകാരണം ഭൂരിഭാഗം സർവീസുകളും മുടങ്ങി. കാഞ്ഞങ്ങാട്, കാസർകോട് ഡിപ്പോകളിൽ നിന്നായി പ്രതിദിനം നൂറിലധികം സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാനത്ത് ഇന്ന് ദീർഘദൂര സർവീസുകൾ അടക്കം പതിനഞ്ചോളം സർവീസുകൾ മാത്രമേ ഓടിയുള്ളൂ. അന്തർസംസ്ഥാന സർവീസുകളും ദേശസാൽകൃത റൂട്ടിലെ സർവീസുകളും ഭൂരിഭാഗവും മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഏപ്രിൽ മാസത്തിൽ ഏതാണ്ട് 170 കോടി രൂപ വരുമാനം ഉണ്ടായിട്ടും സമയത്ത് ശമ്പളം നൽകാനാകാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേട് ആണെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ഉള്ള വരുമാനം കെഎസ്ആർടിസിയുടെ ഇതര ബാധ്യതകൾ മാറ്റുന്നതിനു വേണ്ടി ഉപയോഗിക്കുകയും ശമ്പളത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം
∙എംപ്ലോയീസ് സംഘ് പ്രതിഷേധ പരിപാടി ജില്ല വൈസ് പ്രസിഡന്റ് എൻ.സി.ടി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.പ്രവീണ, സംസ്ഥാന സെക്രട്ടറി മണികണ്ഠൻ, ജില്ല ട്രഷറർ ഗിരീഷ്, യൂണിറ്റ് പ്രസിഡന്റ് സി.എച്ച്.ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
∙ഐഎൻടിയുസി ടിഡിഎഫ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നടത്തിയ പണിമുടക്കിൽ 90 % തൊഴിലാളികളും പണിമുടക്കിയെന്ന് കെഎസ്ടിഡബ്ല്യുയു അവകാശപ്പെട്ടു. സമര പരിപാടിക്ക് ജില്ലാ പ്രസിഡന്റ് എം.വി.പത്മനാഭൻ, യൂണിറ്റ് പ്രസി. എൻ.സന്തോഷ് കുമാർ, യൂണിറ്റ് സെക്രട്ടറി ശ്രീനിവാസ് തുടങ്ങിയവർ നേതൃത്വ നൽകി.
∙ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രതിഷേധ യോഗം വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബിജു ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.െക.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി യൂണിയൻ ജില്ലാ സെക്രട്ടറി വി.ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ ജോ.സെക്രട്ടറി പി.പി.സുധീർ, പി.പി.ശ്രീധരൻ,സി.മധു, വി.രാജൻ, ബി.എം.ഇർഫാൻ, ബി.എ.കാദർ, യൂണിറ്റ് പ്രസിഡന്റ് വി.രാമചന്ദ്രൻ, സെക്രട്ടറി ജലീൽ മല്ലം എന്നിവർ പ്രസംഗിച്ചു.