കെഎസ്ആർടിസി ബസിൽ നിന്നു നടുറോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരുക്ക്
Mail This Article
പൊയ്നാച്ചി ∙ കെഎസ്ആർടിസി ബസിൽ നിന്നു നടുറോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ഇന്നലെ വൈകിട്ട് 5ന് ചട്ടഞ്ചാലിനും പൊയ്നാച്ചിക്കും മധ്യേ 55ാം മൈലിലെ വളവിലാണ് സംഭവം. കാസർകോടു നിന്ന് കണ്ണൂരിലേക്കു പോകുന്ന കെഎസ്ആർടിസി ബസിൽ ചട്ടഞ്ചാലിൽ നിന്നു പെരിയയിലേക്ക് ടിക്കറ്റെടുത്ത പെരിയ പൊളിയപ്രം പരേതനായ കൃഷ്ണന്റെ ഭാര്യ ചന്ദ്രാവതിക്കാണ് പരുക്കേറ്റത്. ബസിന്റെ വാതിൽപ്പടിയിലാണ് നിന്നിരുന്നത്. 55ാം മൈലിലെ വളവിലെത്തിയപ്പോൾ കമ്പിയിലെ പിടി വിട്ട് ഡോറിനു സമീപത്തേക്കു വീണു.
വാതിലിന്റെ ലോക്കിൽ പിടിച്ചപ്പോൾ ലോക്ക് തുറന്ന് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നുവെന്ന് സഹയാത്രക്കാർ പറഞ്ഞു.ഈ സമയത്ത് ഇതുവഴി വന്ന മോട്ടർ വാഹനവകുപ്പ് അധികൃതരാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ജയരാജ് തിയകിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആദ്യം ചെർക്കള ഇ.കെ.നായനാർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്.
കെഎസ്ആർടിസി ലോക്ക് സിസ്റ്റവും അപകടകാരണമായി ?
സ്വകാര്യ ബസുകളിലെല്ലാം ഡോറിന്റെ ലോക്ക് മുകളിലേക്ക് തിരിച്ചാലാണ് ഡോർ തുറക്കുക. അശ്രദ്ധയിൽ ലോക്ക് അമർത്തി യാത്രക്കാർ അപകടത്തിൽപെടുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് ഈ രീതിയിലേക്ക് മാറ്റിയത്. കെഎസ്ആർടിസി ബസുകളടക്കം മിക്ക ബസുകളിലും ഇപ്പോൾ ഓട്ടമാറ്റിക് ഡോർ ലോക്കിങ് സിസ്റ്റത്തിലേക്കു മാറിയിട്ടുണ്ട്. ഡ്രൈവർ നിയന്ത്രിക്കുന്ന ഡോർ സിസ്റ്റമാണിത്. എന്നാൽ കെഎസ്ആർടിസിയിലെ പഴയ ബസുകളിൽ ഇപ്പോഴും ലോക്ക് താഴേക്ക് അമർത്തിയാൽ ഡോർ തുറക്കുന്ന രീതിയിലാണ്. ഇത് അപകടത്തിനു കാരണമായെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്