ഒളിച്ചിരുന്ന് സാഹസികമായി പകർത്തിയ ചിത്രങ്ങൾ പിന്നീട് ചരിത്രമായി; വിഷ മഴയുടെ ആദ്യ ചിത്രം പകർത്തിയത് പ്രകാശൻ
Mail This Article
പ്രധാനമന്ത്രി, രാഷ്ട്രപതി അടക്കമുള്ള അധികാരികൾക്ക് എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ സഹായകമായത് പ്രകാശൻ കള്ളാർ എടുത്ത ചിത്രങ്ങൾ കൂടിയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തൊഴിലാളികൾ മരുന്നു കലക്കുന്നതും കീടനാശിനി വീണ പുഴഭാഗത്തു മീനുകൾ ചത്തുപൊങ്ങിയതുമെല്ലാം സാഹസികമായി പകർത്തിയ ഫ്രീലാൻസ് ഫൊട്ടോഗ്രഫറെക്കുറിച്ച്...
രാജപുരം ∙ എൻഡോസൾഫാൻ വിഷ മഴയുടെ ആദ്യ ചിത്രം പകർത്തിയ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ പ്രകാശൻ കള്ളാർ ആണ്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ആദ്യമായി രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ മുന്നിൽ എത്തിക്കാൻ പ്രകാശന്റെ ചിത്രങ്ങൾ തേടി ആവശ്യക്കാർ എത്തി. ആ ചിത്രങ്ങൾ പിന്നീട് ചരിത്രമായി.1977 മുതലാണു പ്ലാന്റേഷൻ കോർപറേഷൻ ജില്ലയിലെ കശുമാവു തോട്ടങ്ങളിൽ എൻഡോസൾഫാൻ എന്ന കീടനാശിനി വിതറാൻ തുടങ്ങിയത്. കീടനാശിനി ഹെലികോപ്റ്റർ ചാറ്റൽ മഴ പോലെ തളിച്ചു പോകുന്നതു കാണാൻ താൻ അടക്കമുള്ളവർ ഓടിക്കൂടിയിരുന്നു എന്നു പ്രകാശൻ ഓർക്കുന്നു.
വർഷങ്ങൾക്കു ശേഷം പ്ലാന്റേഷൻ കോർപറേഷൻ പൈനിക്കര ഡിവിഷനിൽ ഹെലികോപ്റ്റർ ഉപയോഗിച്ചു കീടനാശിനി തെളിക്കുന്ന കാലം. വ്യത്യസ്തമായ ചിത്രം പകർത്തണം എന്ന ആഗ്രഹത്തോടെ ക്യാമറയുമായി രാജപുരം ഹെലിപ്പാഡിലേക്കു പുറപ്പെട്ട പ്രകാശനെ ഹെലികോപ്റ്ററിൽ മരുന്നു കയറ്റുന്ന തൊഴിലാളികൾ തടഞ്ഞു. ഫോട്ടോ എടുക്കരുതെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് കിലോമീറ്ററുകൾ താണ്ടി പാണത്തൂർ കമ്മാടിയിലെ നാലാം ബ്ലോക്കിൽ എത്തിയാണു മുഖം മറയ്ക്കാതെയും കയ്യുറകൾ ധരിക്കാതെയും മരുന്ന് കലക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ എടുത്തത്.
ഭൂരിഭാഗവും സ്ത്രീ തൊഴിലാളികൾ. ഒളിച്ചിരുന്നാണ് ചിത്രങ്ങൾ പകർത്തിയത്. മരുന്നു തളിച്ച കശുമാവുകൾ കാട്ടാനകൾ കുത്തി മറിച്ചിടുന്ന ചിത്രവും പകർത്തി. തിരിച്ചിറങ്ങുമ്പോൾ എൻഡോസൾഫാൻ മരുന്നു വീണ പ്ലാന്റേഷൻ തോട്ടത്തിനു സമീപത്തെ പുഴയിൽ മീനുകൾ ചത്തു പൊങ്ങിയ നിലയിൽ കണ്ടു. ആദിവാസി സ്ത്രീകളും കുട്ടികളും ഇവ കറി വയ്ക്കാനായി പെറുക്കി എടുക്കുന്ന കാഴ്ചയും പ്രകാശന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. ഇത് എൻഡോസൾഫാൻ ദുരിതം വരച്ചു കാട്ടുന്ന ഒട്ടേറെ ചിത്രങ്ങൾ പകർത്താൻ പ്രകാശന് പ്രചോദനമായി.
അങ്ങനെയിരിക്കെ ആണ് വാണിനഗറിൽ രോഗം വ്യാപിക്കുന്നത്. ഇതിനു കാരണം എൻഡോസൾഫാൻ എന്ന മാരക വിഷം ആണെന്നു പരിസ്ഥിതി പ്രവർത്തകർ വാദിച്ചു. ഇതു പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരെ ബോധ്യപ്പെടുത്താൻ ഉപയോഗിച്ചതും പ്രകാശൻ പകർത്തിയ ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളിലൂടെ ജില്ലയിലെ എൻഡോസൾഫാൻ വിഷമഴയുടെ ദുരിതം ലോകം അറിഞ്ഞെങ്കിലും ചിത്രത്തിനു പിന്നിലെ പ്രകാശൻ കള്ളാർ എന്ന ഛായാഗ്രാഹകനെ ആരും അന്നു തിരിച്ചറിഞ്ഞില്ല.