ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം മഹിഷമർദ്ദിനി ക്ഷേത്രം
Mail This Article
തലക്കാവേരി, കുടക് മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന പയസ്വിനി, കാവേരി പുഴകൾ ഒന്നായി ചേർന്ന് രൂപപ്പെടുന്ന ചന്ദ്രഗിരിപ്പുഴയും മറ്റൊരു അന്തർവാഹിനിയും ഒത്തു ചേരുന്ന ത്രിവേണി സംഗമ സ്ഥാനത്താണ് ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം മഹിഷ മർദിനി ക്ഷേത്രം. 3 ഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ട് പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ ത്രിവേണി സംഗമം. ബാവിക്കര തടയണ പുതുക്കി നിർമിച്ചതോടെ ക്ഷേത്രത്തിന്റെ മുൻവശം വെള്ളം കെട്ടി നിർത്തി പ്രകൃതി സൗന്ദര്യത്തിനു മാറ്റു കൂട്ടിയിട്ടിട്ടുണ്ട്.നൂറ്റാണ്ടുകൾക്കു മുൻപ് ബല്ലാക്കന്മാരാൽ സ്ഥാപിതമാവുകയും തുടർന്ന് മല്ലിശ്ശേരി നമ്പൂതിരി കുടുംബങ്ങൾ പരിപാലിച്ചു വന്നതായിരുന്നു ക്ഷേത്രം.
ഈ കുടുംബങ്ങളുടെ പലായനത്തിനു ശേഷം കാടുമൂടിക്കിടന്ന ക്ഷേത്രം നാട്ടുകാർ 2004 ഫെബ്രുവരി 4ന് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശം നടത്തി. തുടർന്ന് അനുബന്ധ ക്ഷേത്രമായ കനകവളപ്പ് ധർമശാസ്താക്ഷേത്രം, നാഗ സാന്നിധ്യം എന്നിവ പുനർനിർമിച്ച് പ്രതിഷ്ഠ നടത്തി. ഫെബ്രുവരി 4ന് നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവം, 10 ദിവസം നീളുന്ന നവരാത്രി ഉത്സവം, വിനായക ചതുർഥി ദിവസം നിറപുത്തരി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ചടങ്ങുകൾ. നവരാത്രി ഉത്സവ നാളുകളിൽ വിശേഷാൽ പൂജകൾക്കും അന്നദാനത്തിനും പുറമേ ദിവസവും സംഗീതോത്സവവും നടക്കുന്നു. 18 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സംഗീതജ്ഞർ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. നവരാത്രി കാലത്ത് ദിവസവും ആയിരങ്ങൾ ക്ഷേത്രത്തിലെത്തുന്നു.