ബബിയക്കു സമാനതകളില്ലാത്ത യാത്രയയപ്പ്; ആയിരങ്ങളുടെ സാന്നിധ്യത്തിൽ സംസ്കാരം
Mail This Article
കാസർകോട് ∙ കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യ്ക്കു വിശ്വാസികളുടെ യാത്രാമൊഴി. കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ഞായർ രാത്രി പത്തോടെ പൊങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് ജീവൻ നഷ്ടമായതായി കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബബിയയുടെ സംസ്കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി.
ബബിയയുടെ ഓർമയ്ക്കായി ക്ഷേത്രത്തിനു മുന്നിൽ ‘ബബിയമന്ദിരം’ സ്മാരകം നിർമിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. ബബിയയ്ക്ക് 80 വയസ്സുണ്ടെന്നാണു വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പ്രായാധിക്യം മൂലം ശനിയാഴ്ച ഉച്ചയോടെയാണു ബബിയയുടെ അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. 2 ദിവസം മുൻപ് മംഗളൂരുവിൽ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണു കാസർകോട് കുമ്പളയിലെ അനന്ത പത്മനാഭസ്വാമി ക്ഷേത്ര മെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ക്യാംപിനു സമീപം കണ്ട് ബ്രിട്ടിഷ് സൈനികൻ വെടിവച്ചു കൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണു വിശ്വാസം. ക്ഷേത്രത്തിലെ ത്തുന്ന ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു ബബിയ മുതല. ‘ബബിയ’യുടെ സാന്നിധ്യം സഞ്ചാരികളെയും ഇവിടേക്ക് ആകർഷിച്ചിരുന്നു.
ബബിയക്കു സമാനതകളില്ലാത്ത യാത്രയയപ്പ്
അനന്തപുരം ∙ കുമ്പള അനന്തപുര ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ബബിയയുടെ വേർപാട്. ശരത് പൂർണിമ രാത്രിയിലായിരുന്നു അത്. വ്യാഴവും ചന്ദ്രനും മീനം രാശിയിൽ നിന്ന, 12 വർഷം കൂടുമ്പോൾ വരുന്ന പ്രത്യേക പൗർണമി ദിനം. ഈ ദ്വാദശ വർഷ പുണ്യവേളയിൽ ജനിക്കുന്നവർക്ക് ലോക നായകത്വവും മരിക്കുന്നവർക്ക് വിഷ്ണു ലോകവും ലഭിക്കുമെന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിലെ വിലയിരുത്തൽ വിശ്വാസമായി യെടുക്കുകയാണ് ഭക്തർ.
ക്ഷേത്രത്തിലെ ചൈതന്യ പ്രതീകമായ ഈ മുതല ശരത് പൂർണിമ രാത്രിയിൽ വിഷ്ണുപദം പൂകിയെന്ന വിശ്വാസം ഉറപ്പിക്കുന്നു അവർ. അനന്തപുര മാത്രമായിരുന്നു ബബിയയുടെ ലോകം. ആദ്യമായിട്ടാകും ബബിയ അനന്തപുരം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തു കടന്നത് ഒരുപക്ഷേ അന്ത്യയാത്രയിലാണ്. എട്ടു പതിറ്റാണ്ടോളം ക്ഷേത്ര തടാകത്തിൽ ദിവസേനയെത്തുന്ന ഒട്ടേറെ മനുഷ്യരുമായി ഒരു പ്രശ്നം പോലുമുണ്ടാക്കാതെ ഒരു മുതല കഴിഞ്ഞു എന്നതു കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമായി തോന്നാം.
ഏറെ ക്രൗര്യമുള്ള ഒരു ജീവി ഇത്ര ശാന്തമായി എട്ടു പതിറ്റാണ്ടോളം അനന്തപുര തടാക ക്ഷേത്രത്തിൽ കഴിഞ്ഞു. ഒരു പ്രമുഖ വ്യക്തിക്കു കിട്ടുന്നതിലേറെ പരിഗണനയാണു ബബിയക്കു തന്റെ അന്ത്യയാത്രയിൽ കിട്ടിയത്. ക്ഷേത്രത്തിനു മുന്നിൽ പൊതുദർശനത്തിനു വച്ചപ്പോൾ ക്ഷേത്രഭാരവാഹികളും ഭക്തരും വിഷ്ണു സഹസ്രനാമജപം നടത്തി. സംസ്കാരത്തിനായി ക്ഷേത്രത്തിനു പുറത്തേക്കെടുത്തപ്പോൾ ‘ഹരി ഗോവിന്ദ..’ വിളികളുയർന്നു. കണ്ണീരോടെയാണു ഭക്തർ ബബിയക്കു യാത്രയയപ്പു നൽകിയത്. വർഷങ്ങളായി ്ന ഭക്തരിൽ ഒരാൾക്കു പോലും മോശം അനുഭവം പറയാനില്ല.
നൂറു മീറ്ററോളം അകലെയുള്ള കുളത്തിലേക്ക് വൈകിട്ട് പതിവായി പോയിരുന്ന ബബിയ കഴിഞ്ഞ കുറേ ദിവസമായി അവിടേക്കു പോയിരുന്നി ല്ല. ആ കുളത്തിൽ നിന്ന് പാടത്തേക്കു കയറാൻ എളുപ്പമാണ്. എന്നാൽ ബബിയ അങ്ങനെയും പോയിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൻ ഭക്തജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കാരം നടത്തിയത്. എംപി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എൻ. എ. നെല്ലി ക്കുന്ന്, എ.കെ.എം.അഷ്റഫ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
പ്രായാധിക്യം മൂലമെന്ന് പോസ്റ്റ്മോർട്ടം വിലയിരുത്തൽ
ബബിയയുടെ ആരോഗ്യനില മോശമായെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ജില്ലയിലെയും മംഗളൂരുവിലെയും വിദഗ്ധ ഡോക്ടർമാർ നിരീക്ഷിച്ചിരുന്നു. ഭക്ഷണം കഴിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. അന്നു 45 മിനിറ്റോളം ഡോക്ടർമാർ ബബിയയെ നിരീക്ഷിച്ചിരുന്നു. ആരോഗ്യം മോശമായതിനാൽ മരുന്നുകൾ അധികം നൽകാൻ കഴിയില്ലായിരുന്നു.
മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.സുനിൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ജയപ്രകാശ്, ബദിയടുക്ക വെറ്ററിനറി സർജൻ ഡോ.ചന്ദ്രബാബു, കാസർകോട് ജില്ലാ വെറ്ററിനറി സെന്ററിലെ ഡോ.അശ്വതി സുകുമാരൻ എന്നിവരാണു ഇന്നലെ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയത്.
രണ്ടു വർഷം മുൻപ് വ്യാജ വാർത്ത
അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ വിടവാങ്ങിയെന്ന രീതിയിൽ 2019 ജനുവരിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ അത് ജീവനോടെയുണ്ടെന്ന് ക്ഷേത്രം അധികൃതർ അന്നു തന്നെ തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് ഓഫിസർ എം.ടി.രാംനാഥ് ഷെട്ടി കുമ്പള പൊലീസിനു പരാതി നൽകിയ സംഭവമുണ്ടായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ കാവൽക്കാരൻ എന്നു വിശേഷിപ്പിക്കുന്ന ഈ മുതലയെ ദൈവിക ചൈതന്യം ആയാണ് അധികൃതരും ഭക്തരും കാണുന്നത്. ഉത്തരേന്ത്യയിൽ റായ്പുരയിൽ ഒരു മുതല ചത്തു എന്നു കന്നഡ പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവുമാണ് ബബിയ എന്ന നിലയിൽ 2019ൽ പ്രചരിച്ചത്.
പ്രധാന വിവരങ്ങൾ
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 1 – ൽ പെടുന്ന ജീവിയാണു മുതല, ബബിയയുടെ നീളം മൂക്കറ്റം മുതൽ വാലറ്റം വരെ 276 സെന്റിമീറ്റർ നീളമുണ്ട്. വയർ ഭാഗത്തിനു ചുറ്റുമുള്ള വണ്ണം – 135 സെന്റിമീറ്റർ വാലിന്റെ നീളം – 137 സെന്റിമീറ്റർ മുൻകാലുകളുടെ ദൈർഘ്യം – 45 സെമി പിൻകാലുകളുടെ ദൈർഘ്യം – 45 സെമി തലഭാഗത്തിന്റെ നീളം – 55 സെമി