ADVERTISEMENT

കാസർകോട് ∙ കോവിഡ് കാലത്ത് ചട്ടഞ്ചാൽ തെക്കിലിൽ ആരംഭിച്ച ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി സ്പെഷ്യൽറ്റി സൗകര്യങ്ങളോടെ നിലനിർത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആശുപത്രിയുടെ പ്രവർത്തനം മാറ്റണം. ജോലി ക്രമീകരണം വഴി ഇവിടെയുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മാറ്റുന്നത് സ്ഥാപനം അടച്ചിട്ടതായ പ്രതീതി വരുത്തുമെന്നും നിലവിൽ ഒ.പി സംവിധാനത്തോട് കൂടിയെങ്കിലും ആശുപത്രി പ്രവർത്തനം മുന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അധ്യക്ഷത വഹിച്ചു.

മൂന്ന് ആഴ്ചയായി ടാറ്റ ആശുപത്രിയിൽ. രോഗികൾ ഇല്ലെന്നും ടാറ്റ ആശുപത്രിയെ സ്പെഷ്യൽറ്റി സംവിധാനത്തോട് കൂടി ഉയർത്തുന്നതിനുള്ള ചർച്ചകൾ മന്ത്രിതലത്തിൽ നടത്തിയതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. നിലവിൽ ജില്ലയിൽ വിവിധ വകുപ്പുകളിൽ ജീവനക്കാരുടെ കുറവ് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലുൾപ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ വിവിധ വിഭാഗങ്ങളിലായി 304 ഒഴിവുകളുണ്ടെന്നും, ഇതിൽ 49 ഡോക്ടർമാരുടെ ഒഴിവുകളാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ യോഗത്തെ അറിയിച്ചു. 

39 ഡോക്ടർമാരെ പിഎസ്‌സി നിയമിച്ചെങ്കിലും ഒരാൾ മാത്രമാണ് ജോലിക്കെത്തിയത്. ഉപരിപഠനത്തിനായി ഈ ഡോക്ടറും പോയി. താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാർഥികളെത്തുന്നില്ലെന്നും ഡിഎംഒ അറിയിച്ചു. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ‌, സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എ.കെ.എം.അഷ്റഫ് ‌എന്നിവർ പങ്കെടുത്തു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡുകൾ കൃത്യമായി ഒരുക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. ചെർക്കള- ബേവിഞ്ച ഭാഗത്തുണ്ടാകുന്ന യാത്രാ പ്രശ്നത്തിന് പരിഹാരം കാണണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭാ അധ്യക്ഷ  ടി.വി.ശാന്ത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലൻ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, എഡിഎം എ.കെ.രമേന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫിസർ എ.എസ്.മായ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com