ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഉദ്ഘാടനം കഴിഞ്ഞു വർഷങ്ങൾ മാത്രം പിന്നിട്ട കാഞ്ഞങ്ങാട് കെഎസ്ആർടിസി സബ് ഡിപ്പോയിൽ ഇപ്പോൾ കാണാനുള്ളത് അനാസ്ഥയുടെ ബാക്കിപത്രം! ചോർന്നൊലിക്കുന്ന വര്‍ക്ക്ഷോപ്പിന്റെ മേൽക്കൂര. ഇതിൽ പാതി ഭാഗം നിർമിച്ചിട്ട് 5 വർഷം പോലും തികഞ്ഞിട്ടില്ല. കേടു വന്ന വയറിങ്, മഴവെള്ള സംഭരണി ആണെങ്കിൽ നോക്കുകുത്തി. കുടിവെള്ള ടാങ്കുകളിൽ ഒന്ന് പൊട്ടിയത്, മറ്റൊന്ന് ചോർച്ച ഉള്ളതിനാൽ ഉപയോഗശൂന്യമായി കിടക്കുന്നു. കോടികൾ നഷ്ടത്തിൽ എന്നു വിലപിക്കുന്ന കെഎസ്ആർടിസിക്ക് ബാധ്യതയ്ക്കു മുകളിൽ ബാധ്യത വരുത്തുന്നതാണു കഴിഞ്ഞകാല നിർമാണ പ്രവർത്തനങ്ങൾ. വര്‍ക്ക്ഷോപ് നവീകരണത്തിനും മേൽക്കൂര നിർമിക്കാനും മറ്റ് അറ്റകുറ്റപണികള്‍ നടത്താനും 1.11 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഈ തുകയെങ്കിലും കൃത്യമായി വിനിയോഗിക്കണമെന്നാണ് ജീവനക്കാർ അടക്കം പറയുന്നത്. 

എടുത്തു മാറ്റിയ പഴയ ഷീറ്റുകൾ ഡിപ്പോയുടെ പരിസരത്തു കൂട്ടിയിട്ട നിലയിൽ.

ചോർന്നൊലിക്കുന്ന മേൽക്കൂരകൾ

അഞ്ചും പത്തും വർഷം പഴക്കമുള്ള വര്‍ക്ക്ഷോപ് കെട്ടിടങ്ങളാണ് ഇപ്പോൾ ചോരുന്നത്. ഇതിൽ ജൻറം ബസുകളുടെ അറ്റകുറ്റപ്പണികൾക്കു വേണ്ടി 5 വർഷം മുൻപ് നിർമിച്ച വര്‍ക്ക്ഷോപ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് കൂടുതലായി ചോരുന്നത്. ഡിസ്ട്രിക്ട് കോമൺ പൂൾ വിഭാഗത്തിൽ (ജില്ലാ വര്‍ക്ക്ഷോപ്) വര്‍ക്ക്ഷോപ് നവീകരണത്തിനാണ് ഇപ്പോൾ തുക അനുവദിച്ചത്. എന്നാൽ ഇതിൽ കൂടുതൽ തുക കെട്ടിടത്തിന്റെ ചോർന്നൊലിക്കുന്ന മേൽക്കൂരകൾ മാറ്റാൻ മാത്രം ചെലവാകും. പ്രധാന കെട്ടിടത്തിലെ നവീകരണത്തിനും തുക ചെലവിടും. കെഎസ്ആർടിസി ഡിപ്പോയ്ക്ക് ചുറ്റും ഫെൻസിങ് നിർമിക്കാനും തുക വിനിയോഗിക്കും.

കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസുകൾ.

10 വർഷം പഴക്കമുള്ള വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ മേൽക്കൂരയും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്, ഇതും മാറ്റും. വില കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണു കെട്ടിടം വേഗത്തിൽ ചോരാന്‍ കാരണമെന്നാണു ജീവനക്കാർ പറയുന്നത്. പ്രധാന കെട്ടിടത്തിലെ ഫാനുകൾ തുടക്കം മുതലേ പ്രവർത്തനരഹിതമാണ്. ശുചിമുറികൾ ആണെങ്കിൽ ചോർന്നൊലിക്കുന്ന നിലയിലും. കഴിഞ്ഞ വർഷം ഒരു ശുചിമുറി ബ്ലോക്ക് ആയതിനെ തുടർന്നു പുതിയ ടാങ്ക് നിർമിച്ചിരുന്നു. മഴവെള്ള സംഭരണി ആദ്യം മുതലേ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. വര്‍ക്ക്ഷോപ്പിന് അടുത്തും പ്രധാന കെട്ടിടത്തിനു പിറകിലും നിര്‍മിച്ച രണ്ടു ജലസംഭരണിയും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.

ജില്ലാ വര്‍ക്ക് ഷോപ്പ് 

ബസുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്ന പ്രധാന കേന്ദ്രമായി കാഞ്ഞങ്ങാട് സബ് ഡിപ്പോയെ മാറ്റാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായാണ് ഡിസ്ട്രിക്ട് കോമൺ പൂൾ(ജില്ലാ വർക്ക്ഷോപ്) വിഭാഗത്തിൽ പെടുത്തി വര്‍ക്ക്ഷോപ് നവീകരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഡിപ്പോയെ വേര്‍തിരിച്ചു മതില്‍ നിര്‍മിക്കാനുള്ള നീക്കവുമുണ്ട്. ഇതിനെതിരെ തൊഴിലാളികള്‍ തന്നെ രംഗത്തുണ്ട്. നിർമാണത്തിലെ അപാകത കാരണം ഖജനാവിനു നഷ്ടം വരുത്തുന്നതായി കാണിച്ച് കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി) ടി‍ഡിഎഫിന്റെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാനേജിങ് ഡയറക്ടർക്കും ജില്ലാ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

12 ബസുകൾ കട്ടപ്പുറത്ത് 

കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ 12 ബസുകളാണ് ഇപ്പോൾ കട്ടപ്പുറത്തുള്ളത്. മലയോര മേഖലയിലേക്ക് അടക്കം സർവീസ് നടത്താൻ ബസ് ഇല്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. കട്ടപ്പുറത്തുള്ള ബസുകളുടെ അറ്റകുറ്റപ്പണികള്‍ നീണ്ടു പോകുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com