അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം, എൻഡോസൾഫാൻ ശിൽപ നിർമാണത്തിൽ നിന്ന് പിൻവാങ്ങേണ്ടി വരും: കാനായി കുഞ്ഞിരാമൻ
Mail This Article
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് ഓഫിസ് വളപ്പിലെ ശിൽപം ഒരുക്കുന്നതിന്റെ പ്രവൃത്തി തുടരണോ എന്നത് ചിന്തിക്കേണ്ടി വരുമെന്ന് പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമൻ. ഉദ്യോഗസ്ഥ മേധാവിയുടെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം വേദനാജനകമാണ്. പ്രായം 86 ആയി. അപമാനിക്കപ്പെട്ടു തൊഴിൽ ചെയ്യുന്നതിൽ അർഥമില്ല. കാനായി കുഞ്ഞിരാമൻ പറഞ്ഞു. എൻഡോസൾഫാൻ വിഷയം പരാമർശിക്കുന്ന അമ്മയും കുഞ്ഞും എന്ന ശിൽപമാണ് കാസർകോട്ടെ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കാനായി ഒരുക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ച കാലത്താണ് ഇത്തരത്തിലൊരു ശിൽപം ജില്ലാ പഞ്ചായത്തിന് മുന്നിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങി കുറച്ച് കാലം പിന്നിട്ടതോടെ ഫണ്ടുമായി ബന്ധപ്പെട്ട വിഷത്തിലും പിന്നീട് കോവിഡിനെ തുടർന്നും നിർമാണം പാതി വഴിയിൽ നിന്നു. ഇപ്പോൾ ശിൽപത്തിന്റെ പൂർത്തീകരണത്തിനായിട്ടാണ് വന്നത്. കാഞ്ഞങ്ങാട് താമസിച്ച് കാസർകോട്ടേക്ക് പോയി പ്രവൃത്തി തുടങ്ങാനായിരുന്നു തീരുമാനം.
ഇതിനായി കാഞ്ഞങ്ങാട്ട് താമസം തുടങ്ങി. കാസർകോട്ടേക്ക് പോകാൻ കാർ ആവശ്യപ്പെട്ടപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കാർ വിട്ട് കൊടുത്തു. എന്നാൽ കാർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ പഞ്ചായത്തിലെ ഉയർന്ന ഉദ്യോഗസ്ഥ മേധാവിയുടെ സമീപനം തീർത്തും വേദനാജനകമാണെന്നു കാനായി ആരോപിക്കുന്നു.
വാക്കുകൾ കൊണ്ട് അപമാനിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സമീപനം സഹിക്കാൻ കഴിയാത്തതാണ്. അതു കൊണ്ടു തന്നെ പ്രവൃത്തി മുന്നോട്ട് കൊണ്ട് പോകണോ എന്ന ചിന്തയിലാണ് ഉള്ളത്. കാലമിത്രയായിടും തന്റെ ജോലിക്കിടയിൽ ഇത്തരത്തിലൊരു സമീപനം ഉണ്ടായിട്ടില്ല. ഇപ്പോൾ സ്വന്തം നാട്ടിൽ നിന്ന് തന്നെ അപമാനം ഏറ്റ് വാങ്ങേണ്ട അവസ്ഥ വന്നതിൽ ദുഖമുണ്ടെന്നും കാനായി പറഞ്ഞു.