ADVERTISEMENT

കാസർകോട് ∙ എൻഡോസൾ‌ഫാൻ ഡോക്യുമെന്ററി പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ബസ് കയറി കാസർകോടെത്തിയ സാറ അബൂബക്കറിനെ ഓർത്തെടുക്കുകയാണ് എഴുത്തുകാരനായ എം.എ.റഹ്മാൻ. 1999 അവസാനത്തിലായിരുന്നു സംഭവം. എം.എ.റഹ്മാന്റെ നേതൃത്വത്തിൽ എൻ‍ഡോസൾഫാൻ ഡോക്യുമെന്ററിയുടെ വർക്ക് നടക്കുന്ന സമയം.

ചെറുപ്പത്തിൽ കാസർകോട് വിട്ട ശേഷം അധികം ഇവിടെ സജീവമല്ലാതിരുന്ന സാറ അബൂബക്കറിനെ കാസർകോടെത്തിച്ച് ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമം നടത്താൻ തീരുമാനിക്കുന്നു. മംഗളൂരുവിലേക്ക് കാർ അയക്കാമെന്ന എം.എ.റഹ്മാന്റെ നിർദേശം തള്ളി ബസിലായിരുന്നു അവരുടെ യാത്ര. കാസർകോട് ബസ് സ്റ്റാൻഡിൽ വന്ന് ബസിറങ്ങിയാണ് ബോവിക്കാനത്തെ ചടങ്ങിനായി എത്തിയത്. എൻഡോസൾഫാൻ ഇരകൾ ഐക്യദാർഡ്യം പ്രകടിപ്പിച്ചായിരുന്നു മടക്കം.

എൻഡോസൾഫാനെതിരെയുള്ള സമരത്തിൽ പങ്കെടുക്കാൻ 1999ൽ സാറ അബൂബക്കർ കാസർകോട് എത്തിയപ്പോൾ
എൻഡോസൾഫാനെതിരെയുള്ള സമരത്തിൽ പങ്കെടുക്കാൻ 1999ൽ സാറ അബൂബക്കർ കാസർകോട് എത്തിയപ്പോൾ

ചന്ദ്രഗിരിയുടെ തീരത്ത്

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് താമസിക്കുന്ന പത്താം ക്ലാസുകാരിയായ നാദിറ എന്ന പെൺകുട്ടിയുടെ കഥയാണ് സാറയുടെ ചന്ദ്രഗിരിയുടെ തീരത്ത് എന്ന നോവൽ വരച്ചു കാണിക്കുന്നത്. കുട്ടിക്കാലത്ത് ചന്ദ്രഗിരിപ്പുഴയിലേക്കു നോക്കി സായാഹ്നം ചെലവഴിച്ച കാലമാണ് നോവലിൽ വരച്ചിട്ടതെന്ന് സാറ അബൂബക്കർ പറഞ്ഞിട്ടുണ്ട്. സി.രാഘവൻ ആണ് ഈ കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. സാറയുടെ കൃതികൾ കെ.കെ.നായരും മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്.

‘ചന്ദ്രഗിരിയത തീരതല്ലി’ എന്ന നോവൽ വനമാല വിശ്വനാഥൻ ഇംഗിഷിലേയ്‌ക്ക് തർജമ ചെയ്‌ത് മാക്‌മില്ലൻ ആണ് പ്രസിദ്ധീകരിച്ചത്. മംഗളൂരു, ബെംഗളൂരു യൂണിവേഴ്‌സിറ്റികൾ ഇവരുടെ കൃതികൾ പാഠപുസ്‌തകവുമാക്കി. മാധവിക്കുട്ടിയുടെ ‘മനോമി’, പി.കെ.ബാലകൃഷ്‌ണന്റെ ‘ഇനി ഞാനുറങ്ങട്ടെ’, ബി.എം.സുഹറായുടെ ‘മൊഴി’ തുടങ്ങിയ കൃതികൾ കന്നഡ വായനക്കാർക്ക് പരിചയപ്പെടുത്തിയതും സാറാ അബൂബക്കറാണ്,.

കന്നഡ പഠിച്ചത്..

കാസർകോട് താലൂക്ക് ഓഫിസിനും കോടതിക്കും സമീപത്തെ ഗേൾസ് സ്കൂളിലായിരുന്നു 4 മുതൽ 7 വരെ പഠനം. കന്നഡയും മലയാളവും മാത്രമറിയാവുന്ന സാറ ഇരുന്നിരുന്ന ബഞ്ചിൽ ഇടത്തും വലത്തുമായി കൊങ്കിണി സംസാരിക്കുന്ന കുട്ടികൾ. കൊങ്കിണി അറിയാത്തതു തന്നെ വേറിട്ടു നിർത്തുന്നത് പോലെയായി. ഇതിനു പരിഹാരമുണ്ടാക്കിയത് നെല്ലിക്കുന്നിൽ താമസിച്ചിരുന്ന ദുർഗാബായി ടീച്ചർ. സാറയ്ക്ക് കൊങ്കിണി അറിയാത്തതിനാൽ എല്ലാ കുട്ടികളും കന്നഡ സംസാരിക്കണമെന്നു നിഷ്കർഷിച്ചു. ‌

അവർ സാറയുടെ വീട്ടിൽ വന്നു കന്നഡ പഠിപ്പിച്ചു. കാസർകോട് ബിഇഎം സ്കൂളിൽ. കണക്ക് അധ്യാപകൻ കൊറഗ നായ്ക്കും കന്നഡ വിദ്വാൻ കെ.എസ്.ശർമയും ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകർ. ശർമ മാഷ് എടുക്കുന്ന ക്ലാസിൽ സമയം പോകുന്നത് അറിയില്ല. ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു തരുമായിരുന്നു അദ്ദേഹം. ആ വായനയാണ് പരന്ന വായനയ്ക്കും എഴുത്തിനും പ്രചോദനമായത്.

നിര്യാണത്തിൽ അനുശോചനം

മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ, കന്നഡ എഴുത്തുകാരി വി.എം.രോഹിണി, ഡിവൈഎഫ്ഐ കർണാടക സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള, എഴുത്തുകാരനും മുൻ വൈസ് ചാൻസലറുമായ പ്രഫസർ വിവേക് റായ് തുടങ്ങിയ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com