ADVERTISEMENT

പള്ളിക്കര ∙ ബേക്കൽ ബീച്ച് ഫെസ്റ്റ് അടക്കം പള്ളിക്കര ബീച്ചിൽ നടക്കുന്ന പരിപാടികളിൽ വിൽപന ടിക്കറ്റ് തുകയിൽ വിനോദ നികുതി വിഹിതം ലഭിക്കണമെന്ന ആവശ്യവുമായി പള്ളിക്കര പഞ്ചായത്ത്. ജിഎസ്ടി ഇല്ലാതെയാണ് ബീച്ച് ഫെസ്റ്റിൽ ടിക്കറ്റ് വിറ്റതെന്ന ആരോപണവുമായി പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വവും രംഗത്തെത്തി.ഇന്ന് നടക്കുന്ന പ‍ഞ്ചായത്ത് ബോർഡ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. ബേക്കൽ ഫെസ്റ്റ് നടക്കുന്നതിനു തൊട്ടു മുൻപ് തന്നെ വലിയ ജനക്കൂട്ടം എത്തുന്ന പാർക്കിലെ പരിപാടികളിൽ പിരിക്കുന്ന ടിക്കറ്റ് തുകയുടെ വിഹിതം പള്ളിക്കര പഞ്ചായത്തിന് നൽകണമെന്ന് ഭരണസമിതി സർക്കാരിലേക്ക് കത്തു നൽകിയിരുന്നു.

ഇതെ തുടർന്ന് ബേക്കൽ പാർക്കിലേക്കുള്ള എൻട്രി ടിക്കറ്റ് വരുമാനം സംബന്ധിച്ച് കണക്ക് എത്രയാണെന്ന് സർക്കാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് ബിആർഡിസിക്കും പാർക്ക് നടത്തിപ്പുകാരായ പള്ളിക്കര സഹകരണ ബാങ്കിനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും പഞ്ചായത്ത് കത്ത് നൽകി.ഇതിൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.ബേക്കൽ ഫെസ്റ്റിന്റെ വരവ്–ചെലവ് കണക്ക് അവതരിപ്പിക്കുന്ന യോഗത്തിലും വിനോദ നികുതി ആവശ്യപ്പെടാനാണ് പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സിപിഎം ഭരിക്കുന്നതാണ് പള്ളിക്കര പഞ്ചായത്ത്. സിപിഎം എംഎൽഎയായ സി.എച്ച്.കുഞ്ഞമ്പുവാണ് ബേക്കൽ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ.

പ്രവേശന ടിക്കറ്റ് നിരക്കിനു പുറമേ വാഹന പാർക്കിങ് ഇനത്തിൽ പിരിച്ച തുകയ്ക്കും നികുതി വിഹിതം ലഭിക്കണമെന്നാണ് പഞ്ചായത്തിന്റെ അവകാശവാദം.നിലവിൽ ഒരു രൂപ പോലും പാർക്കിൽ നിന്നോ ബേക്കൽ ഫെസ്റ്റിൽ നിന്നോ വരുമാനം ലഭിക്കുന്നില്ല. ഇവിടെ നിന്നുള്ള വരുമാനം ലഭ്യമായാൽ തനതു ഫണ്ടിൽ വരുമാനമാകുമെന്ന് പഞ്ചായത്ത് ഭരണസമിതി കരുതുന്നു.ബീച്ചിൽ നിന്നുള്ള വിനോദ നികുതി ഇനത്തിൽ 40 ശതമാനം വരെ ലഭിക്കാൻ അർഹതയുണ്ടെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ ബീച്ചിനകത്ത് നടക്കുന്ന ഒരു പരിപാടിയിലും പഞ്ചായത്തിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com