നിരോധിച്ച 1000 രൂപയുടെ 88 നോട്ടുകളും 500ന്റെ 82 നോട്ടുകളും കാറിൽ നിന്നു പിടിച്ചു
Mail This Article
പാലക്കുന്ന് ∙ ആനക്കൊമ്പ് വേട്ടയ്ക്കിറങ്ങിയ വനം വകുപ്പ് സംഘം പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന 1.29 ലക്ഷം രൂപയുടെ നിരോധിത കറൻസി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ തെക്കേക്കരയിലെ ടി.കെ. നാരായണ(56)നെ പിടികൂടി. പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (വിജിലൻസ്) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ
കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷൽ പ്രൊട്ടക്‌ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്നു നടത്തിയ റോഡ് പരിശോധനക്കിടെയാണ് പാലക്കുന്ന്–ചട്ടഞ്ചാൽ പാതയിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത നോട്ടുകൾ പിടികൂടിയത്. 1000 രൂപയുടെ 88 നോട്ടുകളും 500ന്റെ 82 നോട്ടുകളും കാറിൽ നിന്നു കണ്ടെടുത്തു.
കാറും നിരോധിത നോട്ടുകളും പ്രതിയെയും വനം വകുപ്പ് അധികൃതർ തുടർനടപടികൾക്കായി മേൽപറമ്പ് പൊലീസിനു കൈമാറി. ജില്ലയിലെ മിക്ക ഭാഗങ്ങളിലും വ്യാപകമായി നിരോധിത നോട്ടുകൾ ഉണ്ടെന്നും ഇവ ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്ക് കടത്തുകയാണെന്നും അധികൃതർക്കു വിവരം ലഭിച്ചിട്ടുണ്ട്.