ADVERTISEMENT

പെരിയ (കാസർകോട്) ∙  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാർഷികത്തോടനുബന്ധിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നേതാജിയെക്കുറിച്ച് പ്രസംഗിക്കാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കേരള കേന്ദ്ര സർവകലാശാലാ വിദ്യാർഥിനി  അനുപമ സുരേഷ്. 

ലോക്സഭാ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, എംപിമാർ എന്നിവർ സദസ്സിലിരിക്കേയായിരുന്നു അനുപമയുടെ പ്രസംഗം.  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ഹ്രസ്വമായി വിവരിച്ച മൂന്ന് മിനിട്ട് പ്രസംഗം അനുപമ അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കരഘോഷം.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച. വിദ്യാർഥിനിയുടെ അപൂർവ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് കേരള കേന്ദ്ര സർവകലാശാലയും. സർവകലാശാലയിലെ ഇൻർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ അനുപമ തിരുവനന്തപുരം സ്വദേശിനിയാണ്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 30 വിദ്യാർഥികളെയാണ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിലേക്ക് തിരഞ്ഞെടുത്തത്. വിവിധ മത്സരപരീക്ഷകളിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ എട്ടുപേർക്കാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത്.

അതിലൊരാളായതിന്റെ സന്തോഷവും അനുപമ പങ്കുവയ്ക്കുന്നു. രാജ്യതലസ്ഥാനത്തു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും അനുപമ പങ്കെടുക്കും.ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും അവിസ്മരണീയമായിരുന്നു. നേതാജിയുടെ ജീവിതത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ഞങ്ങളുടെ അനുഭവങ്ങളും ചോദിച്ചറിഞ്ഞു. ചരിത്രത്തിൽ ഇടംനേടിയവർ, കഠിനമായ വെല്ലുവിളികൾ മറികടന്നത് എങ്ങനെയെന്ന് മനസിലാക്കുവാൻ അവരുടെ ജീവചരിത്രം പഠിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആഹ്ലാദനിമിഷങ്ങളെ അനുപമ വിവരിച്ചു. മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹനവും മാതൃകയുമാണ് അനുപമയുടെ നേട്ടമെന്ന് കേരള കേന്ദ്ര സർവകലാശാല  വൈസ് ചാൻസലർ പ്രഫ. എച്ച്.വെങ്കടേശ്വർലു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com