ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം
Mail This Article
കാസർകോട് ∙ ഒടുവിൽ ഡീസൽ നിറയ്ക്കുന്നതിൽ ലാഭം കണ്ടെത്താൻ കെഎസ്ആർടിസിയുടെ തീരുമാനം. കാസർകോട് ഡിപ്പോയിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 26 ബസുകൾ ഇന്നു മുതൽ മംഗളൂരുവിലെ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കും. ഈ ബസുകൾ 124 റൗണ്ട് ട്രിപ്പുകളാണു നടത്തുന്നത്. കർണാടകയിലെ ഡീസൽ വിലയിലെ കുറവ് കെഎസ്ആർടിസിക്കു നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് മലയാള മനോരമ ജനുവരി 24നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇന്നു മുതൽ മംഗളൂരു പമ്പ്‌വെൽ ഇന്ത്യാന ആശുപത്രിക്കടുത്തുള്ള പമ്പിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഇന്ധനം നിറയ്ക്കാനാണു തീരുമാനമായത്. ഇന്ധനം നിറയ്ക്കുന്ന സമയത്ത് കെഎസ്ആർടിസി കോർപറേഷന്റെ ഒരു പ്രതിനിധി പമ്പിലുണ്ടാകും. ജീവനക്കാർ ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കംപ്യൂട്ടർ ജനറേറ്റഡ് ബില്ലുകൾ ലഭിക്കുന്ന പമ്പിൽ നിന്നു മാത്രമേ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഫ്ലീറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം നിറയ്ക്കാവൂ എന്നും നിർദേശമുണ്ട്.
കാസർകോട് – മംഗളൂരു സർവീസുകൾ നടത്താൻ ഒരു ദിവസം 2860 ലീറ്റർ ഡീസലാണു വേണ്ടത്. അങ്ങനെയെങ്കിൽ ഇന്ധനച്ചെലവിൽ ശരാശരി 24,000 രൂപയിലേറെ ഓരോ ദിവസവും ലാഭിക്കാൻ കഴിയും. മംഗളൂരു, കൊല്ലൂർ, സുള്ള്യ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും ഇത്തരത്തിൽ കർണാടകയിൽ നിന്ന് ഇന്ധനം നിറച്ചാൽ ഒരു ദിവസം 50,000 രൂപയോളം ലാഭിക്കാനാകും. നിലവിൽ 8 രൂപയിലേറെ വ്യത്യാസമാണ് ഡീസലിന്റെ വിലയിൽ കേരളവും കർണാടകയുമായുള്ളത്.
കാസർകോട് ഡിപ്പോയിലെ തന്നെ സുള്ള്യ, പുത്തൂർ സർവീസുകളും ആദ്യ ഘട്ടത്തിൽ കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കില്ലെന്നാണു സൂചന. വയനാട് മാനന്തവാടിയിലൂടെ കടന്നു പോകുന്ന ബെംഗളൂരു ബസുകൾ പ്രത്യേക ഫ്യുവൽ കാർഡുപയോഗിച്ച് ഇന്ധനം നിറച്ചപ്പോൾ മാസം 3 ലക്ഷത്തോളം രൂപ ലാഭിക്കാൻ കഴിഞ്ഞിരുന്നു. കാസർകോട് ഡിപ്പോയിലെ മംഗളൂരു സർവീസുകൾ പൂർണമായി കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാനാകുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രതീക്ഷ.