ADVERTISEMENT

കാഞ്ഞങ്ങാട് ∙ സാമൂഹിക വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരേയുള്ള പൊലീസിന്റെ ഓപ്പറേഷൻ ‘ആഗി’(ആക്ഷൻ എഗെൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗൂണ്ടാസ്)ൽ ഒറ്റരാത്രിയിൽ അറസ്റ്റിലായത് 113 പേർ. ഇതിൽ 4 പേർ പിടികിട്ടാപ്പുള്ളികളും 4 വാറന്റു പ്രതികളുമാണ്. ശനിയാഴ്ച സന്ധ്യ മുതൽ ഇന്നലെ പുലർച്ചെ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായിതിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.

സാമൂഹ്യ വിരുദ്ധ–ഗുണ്ടാ പ്രവർത്തനങ്ങളിൽ ഒന്നിലധികം തവണ പിടിക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത 210 പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. ഇപ്പോഴും ഈ പ്രവൃത്തികൾ തുടരുന്നവരെയാണ് അറസ്റ്റു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പിടികിട്ടാപ്പുള്ളികളെയും വാറണ്ടു പ്രതികളെയുമൊഴികെയുള്ളവരെ മുൻകരുതൽ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

ഡിവൈഎസ്പിമാരായ സി.എ.അബുദുൽ റഹിം(ഡിസിആർബി), സി.കെ. സുനിൽകുമാർ (ബേക്കൽ), പി.ബാലകൃഷ്ണൻ നായർ (കാഞ്ഞങ്ങാട്) എന്നിവരുടെ നേതൃത്വത്തിൽ അതതു സ്റ്റേഷനിലെ ഇൻസ്പെക്ടർമാർ, എസ്ഐമാർ, 150 ലേറെ പൊലീസുകാർ എന്നിവർ ഓപ്പറേഷന്റെ ഭാഗമായി വീടുകളിലും മറ്റും പരിശോധന നടത്തുകയായിരുന്നു. അർധരാത്രിയിലും പുലർച്ചെയുമായി വീടുകളിലെത്തിയ തിനാലാണ് പലരും കുടുങ്ങിയത്.

കാപ്പ: കഴിഞ്ഞ വർഷം 24 പേർ ജയിലിൽ

കാപ്പ ചുമത്തിയതിനെത്തുടർന്നു കഴിഞ്ഞ വർഷം ജയിലിലായത് 24 പേർ. 2021ൽ 2 പേരെയാണു ജില്ലയിൽ കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. 2022ൽ സംസ്ഥാനത്ത് കൂടുതൽ പേർക്കെതിരേ കാപ്പ ചുമത്തിയതും കാസർകോട് ജില്ലയിലായിരുന്നു. ഈ വർഷം ഇതുവരെ 2 പേർക്കെതിരെ കാപ്പ ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.

ജില്ലയിൽ സ്ഥിരമായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന 422 പേരുടെ പട്ടിക തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ കഴിഞ്ഞ വർഷം 1501 കേസുകളും ഈ വർഷം ഇതുവരെ 150 കേസുകളും രജിസ്റ്റർ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com