ADVERTISEMENT

കാഞ്ഞങ്ങാട് ∙ ‘ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 4 തവണ കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി. ഓരോ തവണയും ശസ്ത്രക്രിയ മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. മകന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ട്. ഇനിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നു അനുകൂല നടപടി വേണം’. മകന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രി കയറിയിറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ സങ്കട വാക്കുകളാണിത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് മുംതാസിന്റെയും ഷാഹിനയുടെയും മകൻ 5 വയസ്സുള്ള മുഹമ്മദ് മീജാൻ റേജ ആണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. 

Also read: കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ക്ലാസിലെ ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന

ഏറ്റവും ഒടുവിൽ ജനുവരി 17നു ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാർ സമ്മതിച്ചിരുന്നു. എന്നാൽ അന്നും ആശുപത്രിയിൽ എത്തിയ കുടുംബത്തെ കുട്ടിക്ക് മഞ്ഞപ്പിത്തം കൂടുതലാണെന്നു പറഞ്ഞു മടക്കി അയച്ചുവെന്ന് ഇവരുടെ സമീപവാസിയായ സി.രാജീവൻ പറഞ്ഞു. ഇദ്ദേഹമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് അടക്കം കുടുംബത്തിനു സഹായമായി കൂടെ നിൽക്കുന്നത്. ചെറുപ്പത്തിൽ തന്നെ കുട്ടിക്കു മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. രോഗം മൂർഛിച്ച് കരളിനെ ബാധിച്ചു. ആദ്യം ജില്ലാ ആശുപത്രിയിൽ ചികിത്സിച്ചു. പിന്നീട് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ചികിത്സ മാറ്റുന്നത്. കുട്ടിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി അടക്കം ഇടപെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസം ഇ.ചന്ദ്രശേഖരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ഇദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം എന്നു ഉറപ്പു നൽകിയതായും ഇവർ പറയുന്നു. 15 വർഷമായി മുഹമ്മദ് മുംതാസ് കാഞ്ഞങ്ങാട് എത്തിയിട്ട്. ഹോട്ടലിൽ ജോലി ചെയ്തതാണ് കുടുംബം പുലർത്തുന്നത്. മീജാൻ കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മീജാന്റെ ശസ്ത്രക്രിയ സംബന്ധിച്ച കാര്യത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com