ജനറൽ ആശുപത്രിയിൽ ഫോൺ വഴി ഡോക്ടർ ബുക്കിങ് വരുന്നു
Mail This Article
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ ഓൺലൈൻ ടോക്കൺ ബുക്കിങ് സംവിധാനം ഉടനെ ആരംഭിക്കും. ഇതിനുള്ള നടപടികൾക്ക് ആശുപത്രി അധികൃതർ തുടക്കമിട്ടു. ഓൺലൈൻ ബുക്കിങ് വരുന്നതോടെ മൊബൈൽ ഫോണിൽ ഡോക്ടർമാരുടെ ടോക്കണുകൾ എടുക്കാം. ഒരു ദിവസം ഡോക്ടർ പരിശോധിക്കുന്ന രോഗികളുടെ ആകെ എണ്ണത്തിൽ 25 ശതമാനം മാത്രമാകും ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുക. ആശുപത്രിയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഇല്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നുവെന്നു പരാതിയുണ്ടായിരുന്നു. രോഗികൾ മണിക്കൂറുകളോളം ക്യുവിൽ നിന്ന് ടോക്കൺ എടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ചില ഡോക്ടർമാരുടെ ടോക്കണുകൾക്ക് രാവിലെ 4.30ന് വന്ന് 7.30 വരെ ക്യുവിൽ നിൽക്കേണ്ട സ്ഥിതിയാണ്. ഈ ദുരിതം ഒഴിവാക്കാൻ അക്ഷയ സെന്ററുകൾ വഴിയോ സ്മാർട് ഫോൺ ഉപയോഗിച്ചോ ഇ ടോക്കൺ നൽകിയാൽ പ്രശ്നത്തിനു പരിഹാരമാകും എന്നാണു കരുതുന്നത്. നേരത്തേ ഒരു മൊബൈൽ ആപ്ലിക്കേഷൻ ജനറൽ ആശുപത്രിയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
എൽബിഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സൗജന്യമായി തയാറാക്കി നൽകിയ ആപ്പായിരുന്നു ഇത്. സൂപ്രണ്ടിന്റെ പേരിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലെ ഈ ആപ് ഉപയോഗിക്കാൻ സാധിക്കൂ. ഇതോടെ ഓൺലൈൻ ബുക്കിങ് ഈ ആപ്പിൽ സാധ്യമല്ലാത്ത സ്ഥിതിയായി. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഡ്യൂട്ടിയിലുള്ള ദിവസം അടക്കമുള്ള വിവരങ്ങൾ അറിയുന്നതിന് ഈ ആപ് പ്രയോജനം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അതും ഇല്ല.
വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ വീണ്ടും ഓൺലൈൻ ബൂക്കിങ് സംവിധാനം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ.രാജാറാം അറിയിച്ചു. അടുത്ത ആഴ്ച ചേരുന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യും. 50000ത്തിനും 80000ത്തിനും ഇടയിലാണു പ്രതീക്ഷിക്കുന്ന ചെലവ്.