കൃപേഷ് - ശരത് ലാൽ രക്തസാക്ഷിത്വ ദിനാചരണം ഇന്ന്
Mail This Article
പെരിയ ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും നാലാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ജ്യോതി പ്രയാണം നടത്തി. ചാലിങ്കാൽ ദേവദാസ് സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന സ്മൃതി ജ്യോതി പ്രയാണം കല്യോട്ട് സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സെക്രട്ടറി സന്ദീപ് പാണപ്പുഴ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രതീഷ് കാട്ടുമാടം, മനാഫ് നുള്ളിപ്പാടി, അശ്വതി സുനിൽ, വസന്തൻ പടുപ്പ്, കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളായ പി.വി.കൃഷ്ണൻ, പി.കെ.സത്യനാരായണൻ എന്നിവർ പ്രസംഗിച്ചു.
ഡിസിസി അനുസ്മരണ സമ്മേളനം ഇന്ന് പെരിയയിൽ
പെരിയ∙ കൃപേഷിന്റെയും ശരത് ലാലിന്റെയും നാലാം രക്ത സാക്ഷിത്വ ദിനമായ ഇന്ന് ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ 9 ന് കല്യോട്ട് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. 4 ന് പെരിയയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരണ പ്രഭാഷണം നടത്തും