കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്
Mail This Article
കളനാട് ∙ കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറുൾപ്പെടെ 11 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2ന് കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാടാണ് അപകടമുണ്ടായത്. കാസർകോട് ഡിപ്പോയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു. ലോറി ബസിലിടിച്ചതോടെ പിന്നാലെ വന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
കാസർകോട് നിന്ന് അഗ്നിരക്ഷാസേനയും മേൽപറമ്പ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. അപകടത്തിൽ തകർന്ന വാഹനങ്ങൾ നീക്കിയാണ് ഗതാഗതം തടസ്സം നീക്കിയത്. ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി സി.കെ.സജി(48), യാത്രക്കാരായ പള്ളിക്കരയിലെ ഹസീന (43), മക്കളായ അബീറ (17), ആമിന (14), ചെമ്മനാട്ടെ ആയിഷത് ഹിബ (14), പള്ളിക്കരയിലെ സുഹ്‌റ (45), ചേറ്റുകുണ്ടിലെ ഫിറോസിന്റെ മകൻ ഷവാസ് (13), ചേറ്റുകുണ്ടിലെ ഗുൽസാ ബാനു (51), പൂച്ചക്കാട് തൊട്ടിയിലെ ബേബി (52), പള്ളിക്കരയിലെ ബിന്ദു (41), തൊട്ടിയിലെ സുമലത (44) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.