ആ രാജവെമ്പാലയല്ല ഇതെന്ന് വനംവകുപ്പ്; പക്ഷേ നാട്ടുകാരുടെ സംശയം തീരുന്നില്ല, ആശങ്കയും
Mail This Article
ബോവിക്കാനം ∙ അഡൂരിൽ നിന്നു പിടികൂടി കാട്ടിൽ വിട്ട രാജവെമ്പാലയെയാണോ കാനത്തൂർ തൈരയിൽ കണ്ടത്?. അതെയെന്നു നാട്ടുകാരും അല്ലെന്ന് വനംവകുപ്പും. പിടിച്ച പാമ്പിനെ കർണാടക അതിർത്തി വനത്തിലാണ് തുറന്നു വിട്ടതെന്നു വനംവകുപ്പ് കട്ടായം പറയുന്നു. എന്നിട്ടും നാട്ടുകാരുടെ സംശയം തീരാതിരുന്നപ്പോൾ രണ്ടിന്റെയും ചിത്രങ്ങൾ പരിശോധിച്ച് പാമ്പുപിടിത്ത വിദഗ്ധരെ കൊണ്ടു തന്നെ വനംവകുപ്പ് സാക്ഷ്യപ്പെടുത്തി. അതെ രണ്ടും രണ്ടാണ്!.
കഴിഞ്ഞ ദിവസം അഡൂർ മുണ്ടക്കാടിലെ ദാമോദരന്റെ റബർ തോട്ടത്തിൽ നിന്നാണ് വനംവകുപ്പ് രാജവെമ്പാലയെ പിടികൂടിയത്. റബർ തോട്ടത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്നു വനപാലകരെ വിവരം അറിയിക്കുകയും പാമ്പുപിടിത്ത വിദഗ്ധനായ കെ.ടി.സന്തോഷ് പനയാൽ സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു. ചാക്കിലാക്കിയ പാമ്പിനെ ജനവാസമില്ലാത്ത, കർണാടക അതിർത്തി വനത്തിൽ തുറന്നു വിട്ടെന്ന് വനപാലകർ പറയുകയും ചെയ്തു.
പക്ഷേ പിറ്റേന്നു രാവിലെ കാനത്തൂർ തൈരയിൽ റോഡിലൂടെ പോകുന്ന രാജവെമ്പാലയെ നാട്ടുകാർ കണ്ടതോടെ അഡൂരിൽ നിന്നു പിടിച്ച പാമ്പിനെ ഇവിടെ വിട്ടതാണോ എന്നു നാട്ടുകാർക്കു സംശയം. പക്ഷേ വനപാലകർ സമ്മതിച്ചില്ല. റോഡിൽ കണ്ട പാമ്പിന്റെ ചിത്രം തൈരയിലെ ആദർശ് മൊബൈലിൽ പകർത്തിയിരുന്നു.
അഡൂരിൽ നിന്നു പിടിച്ചതിനേക്കാൾ വലുതാണ് തൈരയിൽ കണ്ടെത്തിയതെന്നു ചിത്രങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമാവുകയും ചെയ്തു. ഇതോടെ സംശയം തീർന്നെങ്കിലും തൈരയിലെ നാട്ടുകാരുടെ ആശങ്ക തീർന്നിട്ടില്ല. ഇവിടെ നിന്നു കുറച്ചകലെ വീണ്ടും രാജവെമ്പാലയെ കാണുകയും ചെയ്തതോടെ ഭീതി ഇരട്ടിക്കുകയും ചെയ്തു. വേനൽ കടുത്തതോടെ കുടിവെള്ളം തേടിയാണ് പാമ്പുകൾ ഇറങ്ങുന്നതെന്നു വനപാലകർ പറയുന്നു.