ADVERTISEMENT

കാഞ്ഞങ്ങാട് ∙ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ച് 31നു പ്രവർത്തനം തുടങ്ങാൻ സാധ്യത. 31ന് ആശുപത്രിയിൽ ഒപി ആരംഭിക്കാനാണ് നിലവിൽ തീരുമാനം. പിന്നീട് ആഴ്ചകൾക്കുള്ളിൽ പ്രസവ ചികിത്സയും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജനുവരി 12നു ജില്ലയിൽ എത്തിയ മന്ത്രി മാർച്ചിൽ ആശുപത്രി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വേഗത്തിലുള്ള നടപടി. 

ആശുപത്രി സൂപ്രണ്ടിനെ നേരത്തെ നിയമിച്ചിരുന്നു. ആവശ്യമായ ഉപകരണങ്ങളും ഇതിനകം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ അനുമതിപത്രവും കെട്ടിടത്തിന് കിട്ടി. നഗരസഭയുടെ കെട്ടിട നമ്പറും കിട്ടി. നിലവിൽ ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിൽ നിന്നു ഡോക്ടർമാരെ നിയമിച്ചാണ് ഒപി പ്രവർത്തനം നടത്തുക. ആശുപത്രിയിലേക്കുള്ള ജീവനക്കാരുടെ നിയമനം ഇനിയും പൂർത്തിയാക്കിയിട്ടില്ല. നിലവിൽ ആശുപത്രിയിലേക്ക് 12 നിയമനം മാത്രമാണ് നടത്തിയത്. 

192 തസ്തികകൾ ആണ് ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യം. ഗ്രേഡ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ക്ലാർക്ക്, 5 നഴ്സ് എന്നീ തസ്തികകൾ മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ബാക്കി നിയമനങ്ങൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നടത്തിപ്പ് ചുമതല സർക്കാർ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭയ്ക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇനി ആശുപത്രി  വികസന സമിതി രൂപീകരിക്കണം. ഉടൻ ചേരുന്ന കൗൺസിൽ യോഗത്തി‍ൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉടൻ തുറന്നു പ്രവർത്തിക്കുമെന്ന് മന്ത്രി നേരത്തെ മൂന്നു തവണ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ നടന്നില്ലെന്ന് മാത്രം. ഇത്തവണയെങ്കിലും ആശുപത്രി തുറന്നു പ്രവർത്തിക്കും എന്നാണ് ജനത്തിന്റെ പ്രതീക്ഷ. 2021 ഫെബ്രുവരി 8ന് ആയിരുന്നു അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് നിലകളിലായി 9.5 കോടി ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com