ചുരുങ്ങിയ ചെലവ് 1.2 കോടി; ബേക്കൽ തീരത്ത് ആഡംബര വിവാഹങ്ങൾ, ലഭിക്കുന്നത് പോക്കറ്റ് നിറയെ പണം
Mail This Article
സൗത്ത് ഇന്ത്യയിലെ പ്രധാന വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുകയാണ് ബേക്കൽ. ഇതര സംസ്ഥാനക്കാരും വിദേശികളും നടത്തുന്ന കോടികൾ പൊടിക്കുന്ന ആഡംബര വിവാഹങ്ങൾ മാസത്തിൽ രണ്ടും മൂന്നും എണ്ണത്തിന് ബേക്കലിന്റെ തീരം സാക്ഷിയാവുന്നു...
ബേക്കൽ ∙ ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വധുവും വരനും ബന്ധുക്കളുമടങ്ങുന്ന സംഘം മംഗളൂരുവിൽ വിമാനമിറങ്ങി നേരെ ബേക്കലിലെ ഫൈവ് സ്റ്റാർ റിസോർട്ടുകളിലേക്ക്. പിന്നീടുള്ള 2 ദിവസം ബേക്കൽ സാക്ഷ്യം വഹിക്കുന്നത് കോടികൾ മറിയുന്ന ആഡംബര വിവാഹങ്ങൾക്ക്. വിവാഹ റിസപ്ഷന് തടാകത്തിലൂടെ ചങ്ങാടത്തിലേറി വധൂവരന്മാരുടെ മാസ് എൻട്രി. കേരള സദ്യയും മേളങ്ങളും വെടിക്കെട്ടുമായി പിന്നീടുള്ളത് ആഘോഷ രാപകലുകൾ.
ടൂറിസം മേഖലയ്ക്കു പുതിയ സാധ്യതകൾ തുറക്കുന്ന ‘ഡെസ്റ്റിനേഷൻ വെഡിങ്’ ബേക്കൽ ടൂറിസത്തിനും ഉണർവേകുകയാണ്. കടലും കായലും സംഗമിക്കുന്ന അറബിക്കടലിന്റെ തീരത്തേക്ക് ഉത്തരേന്ത്യയിൽ നിന്നും വിദേശങ്ങളിൽ നിന്നും വിവാഹത്തിനായി കുടുംബങ്ങളെത്തുമ്പോൾ കാസർകോടിനും ലഭിക്കുന്നതു പോക്കറ്റ് നിറയെ പണം.
എന്താണ് ഡെസിറ്റിനേഷൻ വെഡിങ്?
വരന്റെയും വധുവിന്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ബേക്കലിലെ 2 പഞ്ചനക്ഷത്ര ഹോട്ടലുകൾ മാസങ്ങൾക്കു മുൻപു മുൻകൂട്ടി ബുക്ക് ചെയ്യുന്നതു മുതൽ തുടങ്ങുന്നു ഡെസ്റ്റിനേഷൻ വെഡിങ്ങിനുള്ള ഒരുക്കങ്ങൾ. ഉത്തരേന്ത്യയിൽ നിന്നുള്ള ധനികരുടെ മക്കളുടെ വിവാഹങ്ങളാണ് ഇങ്ങനെ ഏറെയും ഇവിടെ നടക്കുന്നത്. രണ്ടും മൂന്നും ദിവസമാണു വിവാഹ സംഘങ്ങൾ മുറിയെടുത്ത് ആഘോഷമാക്കുന്നത്. പൂൾ സൈഡ്, ബീച്ച് സൈഡ്, ഹെലിപാഡ് എന്നിങ്ങനെ പല സ്ഥലങ്ങളിലായാണ് റിസപ്ഷനും ചടങ്ങുകളും. ഹൗസ് ബോട്ട് സഫാരിയും കലാപരിപാടികളും ഉണ്ടാവും. 100 മുതൽ 300 പേർ വരെ പങ്കെടുക്കുന്നവയാണ് ഇത്തരം വിവാഹങ്ങൾ.
ചുരുങ്ങിയ ചെലവ് 1.2 കോടി
100 മുതൽ 150 വരെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന മേളയ്ക്കു ചുരുങ്ങിയ ചെലവ് ഒരു കോടിയാണ്. ഭക്ഷണവും താമസവും ആയി 2 ദിവസത്തെ പരിപാടികൾക്കു കുറഞ്ഞ തുക 80 ലക്ഷമാണ്. വിവാഹ റിസപ്ഷനിലെ വിവിധ കലാപരിപാടികൾക്കും അലങ്കാരങ്ങൾക്കുമായി 20 ലക്ഷത്തിനു മുകളിലാവും. ടാക്സി, മറ്റ് സജീകരണങ്ങൾ എന്നിവ ചേർത്താൽ വിവാഹത്തിനായി പൊടിക്കുന്നത് 1.2 കോടി. വിവാഹ സംഘത്തിന്റെ സാമ്പത്തിക ശേഷിയും ഏർപ്പെടുത്തുന്ന സൗകര്യങ്ങളും അനുസരിച്ച് ഈ തുക 2 കോടി വരെ നീളും. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് റിസോർട്ടിനകത്തെ വിവാഹ റിസപ്ഷനും കലാ പരിപാടികളും മറ്റും പ്ലാൻ ചെയ്യുന്നത്.
വിദേശ വിവാഹങ്ങളും ഏറെ
ഉത്തരേന്ത്യൻ വിവാഹ സംഘങ്ങളാണ് ബേക്കലിലെത്തി വിവാഹം നടത്തുന്നതിലേറെയും. ഡൽഹി, ആന്ധ്ര, ഗുജറാത്ത്, തെലങ്കാന, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവാഹ സംഘങ്ങളും ബേക്കലിനെ തേടിയെത്തുന്നുണ്ട്. ഓസ്ട്രേലിയ, സിംഗപ്പൂർ, ഫ്രാൻസ്, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും കഴിഞ്ഞ വർഷം ഇവിടെയെത്തി വിവാഹം നടത്തി മടങ്ങി. ഏപ്രിൽ 21നാണ് ബേക്കൽ താജ് റിസോർട്ടിലെ അടുത്ത വിവാഹം. യുഎസിൽ നിന്നുള്ളവരാണു വധൂവരന്മാർ. ബേക്കൽ താജിൽ കഴിഞ്ഞ വർഷം 16 ആഡംബര വിവാഹങ്ങളാണു നടന്നതെന്ന് താജ് ബേക്കൽ ഓപറേഷൻ മാനേജർ സിജു നമ്പ്യാർ പറയുന്നു. ഒരു മാസം ശരാശരി 2 വിവാഹങ്ങൾ പതിവ്.
കടലും കായലും ബേക്കലിന്റെ ആകർഷണം
ഗോവയിലും മറ്റും വിവാഹം നടത്താം എന്ന ആലോചനയുമായി എത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ പിന്നീട് ബേക്കലിലെ മേന്മകൾ തിരിച്ചറിഞ്ഞ് ഇവിടേക്കു ചടങ്ങുകൾ മാറ്റുന്നുണ്ട്. കടലും കായലും ഒന്നിച്ച് ആസ്വദിക്കാനാവുന്നു എന്നതാണ് ബേക്കലിനെ ഡെസ്റ്റിനേഷൻ വെഡിങ് ഹബാക്കി ആകർഷിക്കുന്നത്. കായലും ബീച്ചും വധൂവരന്മാരുടെ ഫോട്ടോ ഷൂട്ടുകൾക്കും മനോഹരമായ അന്തരീക്ഷമൊരുക്കുന്നു. നേരത്തേ കോവളവും കുമരകവും ചുറ്റിപ്പറ്റി നിന്ന ആഡംബര വിവാഹങ്ങൾ ഇപ്പോൾ ബേക്കലിലേക്കും മിഴി തുറക്കുകയാണ്.
കാസർകോടിനും സാമ്പത്തിക നേട്ടം
റിസോർട്ടിൽ മുറിയെടുക്കുന്ന വിവാഹ സംഘങ്ങളുടെ സഹായികൾക്കു ബേക്കൽ പരിസരത്തെ ഹോം സ്റ്റേകളിലാണു താമസമൊരുക്കാറ്. ഇതുവഴി ആഡംബര വിവാഹം നടക്കുന്ന ദിവസങ്ങളിലെല്ലാം ജില്ലയിലെ ഹോം സ്റ്റേകൾ മുഴുവൻ ബുക്കിങ് ആവും. ചെണ്ടമേളവും കൾചറൽ ഷോയും അരങ്ങേറും. മോഹിനിയാട്ടം, ഭരതനാട്യം, മേളം തുടങ്ങിയ കലാപരിപാടികളിലൂടെ കലാകാരൻമാർക്കു വരുമാനം ലഭിക്കുന്നു. പൂ വിൽപന, ഫൊട്ടോഗ്രഫി, ടാക്സി തുടങ്ങിയവ വഴിയും തദ്ദേശീയർക്ക് പ്രത്യക്ഷമായി തന്നെ വരുമാനമാകും.
കപ്പിൾസ് എൻട്രി
കായലിലൂടെ ചങ്ങാടത്തിലുള്ള കപ്പിൾസ് എൻട്രി ബേക്കലിലെ ആഡംബര വിവാഹത്തിലെ പ്രധാന ആകർഷണമാണ്. ഈ സമയത്ത് ആകാശത്തു നിന്നുള്ള പുഷ്പവർഷവും ഉണ്ടാകും. വെടിക്കെട്ട്, ഓട്ടോ സവാരി, കേരളീയ കലാരൂപങ്ങളുടെ അവതരണം, ചെണ്ട മേളം, ഹെലിപ്പാഡിലെ റിസപ്ഷൻ എന്നിവയെല്ലാം ബേക്കലിനെ വെഡിങ് ഡെസ്റ്റിനേഷൻ ഹബാക്കി മാറ്റുന്ന ഘടകമാണ്.
പൂജാരിമാരും വേണം
ചില സംഘങ്ങൾ സ്വന്തമായി പൂജാരിമാരെയും മത പണ്ഡിതരെയും ചടങ്ങുകൾക്കായി കൊണ്ടു വരും. അല്ലാത്തവർക്ക് ഇവിടെ നിന്ന് അറേഞ്ച് ചെയ്തു കൊടുക്കും. ഇംഗ്ലിഷ് സംസാരിക്കുന്ന പൂജാരിമാർ വേണമെന്നു നിർബന്ധമുള്ള സംഘങ്ങൾ അവർ നേരിട്ട് ആളെ അറേഞ്ച് ചെയ്യുകയാണ് പതിവ്. ഗുജറാത്തി വിവാഹങ്ങൾക്കും മറ്റും ഗുജറാത്തിൽ നിന്നുള്ള മത പുരോഹിതർ തന്നെ നേരിട്ടെത്തും.
കേരള സദ്യ നിർബന്ധം
ചടങ്ങുകളിലെല്ലാം ഒരു കേരള സദ്യ നിർബന്ധമാണ്. ഈ സമയത്ത് റിസോർട്ടുകളിലേക്കു കൂടുതൽ പാചകക്കാരെ വിളിച്ചു വരുത്തും. ജില്ലയിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സ് പഠിക്കുന്ന വിദ്യാർഥികളെയും പാചകത്തിൽ പങ്കാളികളാക്കും. ചില വിവാഹ സംഘങ്ങൾ ഏതാനും ഡിഷുകൾ അവരുടെതായ ശൈലിയിൽ തന്നെ വേണമെന്ന് ആവശ്യപ്പെടാറുണ്ട്.
യാത്രാ പരിമിതി മറികടക്കാൻ പെരിയ എയർ സ്ട്രിപ്
രാജസ്ഥാനും ഗോവയുമാണു രാജ്യത്ത് ഏറ്റവുമധികം ഡെസ്റ്റിനേഷൻ വെഡിങ് നടക്കുന്ന സ്പോട്ടുകൾ. ഇവരെ കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന തടസം നേരിട്ടു വിമാനങ്ങളില്ലാത്തതു തന്നെയാണ്. മംഗളൂരു വിമാനത്താവളത്തിലെത്തി റോഡ് മാർഗം ബേക്കലിലേക്ക് വരണമെന്നത് ഗസ്റ്റുകളെ പലപ്പോഴും ബേക്കലിൽ നിന്നു പിറകോട്ടടിക്കുന്നു. എന്നാൽ പെരിയ എയർ സ്ട്രിപ് അടക്കമുള്ള പദ്ധതികൾ വരുന്നതു ഭാവിയിലെ പ്രതീക്ഷയാണെന്ന് ബേക്കൽ ലളിത് റിസോർട്ടിലെ അസിസ്റ്റന്റ് മാനേജർ അലൻ പ്രദീപ് പറയുന്നു.
മുറികളുടെ എണ്ണക്കുറവ് വെല്ലുവിളി
ബേക്കലിൽ നിലവിൽ താജ് റിസോർട്ടിലെ 75 മുറികളും ലളിത് റിസോർട്ടിലെ 38 മുറികളും മാത്രമാണു ലഭ്യമായിട്ടുള്ളത്. കൂടുതൽ മുറികൾ ഇല്ലാത്തതു കാരണം പല വിവാഹ സംഘങ്ങളും ബേക്കലിനെ ഒഴിവാക്കുന്നു. ചില സംഘങ്ങൾ 2 റിസോർട്ടുകളിലായി റൂം ബുക്ക് ചെയ്താണ് ഈ പരിമിതി മറികടക്കുന്നത്. താജ് സെലക്ഷൻസ് എന്ന പേരിൽ നിർമാണം പുരോഗമിക്കുന്ന താജിന്റെ രണ്ടാമത്തെ പ്രോപ്പർട്ടിയിൽ 150 മുറികളാണുള്ളത്. ഇത് ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ബിആർഡിസിയുടെ നിർമാണം മുടങ്ങിക്കിടക്കുന്ന 2 റിസോർട്ടുകൾ കൂടി പ്രശ്നം പരിഹരിച്ച് തുറക്കാനായാൽ മുറികളുടെ അപര്യാപ്തതയ്ക്കു പരിഹാരമാകും.
ലിജോ ജോസഫ് (സെക്രട്ടറി, ഡിടിപിസി)
തളങ്കര തൊപ്പി, കേരള സാരി തുടങ്ങിയവയെല്ലാം ആഡംബര വിവാഹളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ പ്രാദേശിക മാർക്കറ്റുകളിൽ നിന്നു വാങ്ങുന്നതിലൂടെ സാധാരണക്കാർക്കു വലിയൊരു വരുമാനം ലഭിക്കുന്നു. കാസർകോടിന്റെയും ബേക്കലിന്റെയും ടൂറിസം ഭാവി ഡെസ്റ്റിനേഷൻ വെഡിങ്ങിലായിരിക്കും.
ശിവാംഗി ഗുപ്ത, ഡയറക്ടർ ഓഫ് സെയിൽസ് (താജ് ബേക്കൽ റിസോർട്ട്)
ഗോവയും മറ്റും പോലെ പലരും പല തവണ സന്ദർശിച്ചതും ആസ്വദിച്ചതുമായ ഡെസ്റ്റിനേഷനുകളിൽ നിന്നു മാറി ആളുകൾ പുതുമ തേടുന്ന കാലമാണിത്. അതിനാൽ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇനിയും അധികം എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഒരു സ്ഥലം എന്നതു ബേക്കലിന്റെ വലിയ ആകർഷണമാണ്. വൃത്തിയുള്ള ബീച്ചും കായലും എല്ലാം ബേക്കലിനു വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ധാരാളം വിവാഹങ്ങൾ ഇനിയുള്ള നാളുകളിൽ ഇവിടേക്കെത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഷിജിൻ പറമ്പത്ത് (ബിആർഡിസി എംഡി)
ഇപ്പോൾ കുമരകത്തു നടക്കുന്ന ജി20 ഉച്ചകോടിക്ക് ബേക്കൽ വേദിയാക്കുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ആവശ്യത്തിനു മുറികൾ ഇല്ലാത്തതിനാലാണ് ആ അവസരം ബേക്കലിനു നഷ്ടമായത്. പെരിയ എയർ സ്ട്രിപ് സ്ഥലമെടുപ്പ് നടപടി പൂർത്തിയായി യാഥാർഥ്യമാവുകയും ദേശീയപാത പണി പൂർത്തിയാവുകയും ചെയ്യുന്നതോടെ ബേക്കലിന്റെ ടൂറിസം മേഖലയിൽ പുതിയ മുഖച്ഛായ ഉണ്ടാവും. തീരദേശ പാതയും ബേക്കലിനു മുതൽക്കൂട്ടാവും. ബിആർഡിസിയുടെ മുടങ്ങിക്കിടക്കുന്ന റിസോർട്ടുകൾ പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ സർക്കാരിൽ പുരോഗമിക്കുകയാണ്.
ടി.വി. മനോജ് കുമാർ (മൈ ട്രിപ്പ് ഗൈഡ്)
ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടത്തിവരുന്ന ഡെസ്റ്റിനേഷൻ വെഡിങ് തദ്ദേശീയരായ സംരംഭകർക്ക് ഏറെ ഉപകാരപ്രദവും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്നവയുമാണ്. ബേക്കലും മംഗളൂരുവും കണ്ണൂരും ആസ്ഥാനമാക്കി ലോജിസ്റ്റിക്സ് സേവനങ്ങൾ നടത്തിവരുന്ന ഒരു കമ്പനിയെന്ന നിലയിൽ ഇത്തരം ബ്രഹത്തായ പരിപാടികളിലൂടെ ഞങ്ങൾക്കും അതുവഴി തദ്ദേശീയരുടെ ടാക്സി വാഹനങ്ങൾക്കും ഉണ്ടാകുന്ന നേട്ടം ചെറുതൊന്നുമല്ല.
സൈഫുദ്ദീൻ കളനാട് (ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി)
ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ജില്ലയിൽ വിഭാവനം ചെയ്ത 6 പഞ്ചനക്ഷത്ര റിസോർട്ടുകളിൽ രണ്ടെണ്ണം പ്രവർത്തനം ആരംഭിച്ചപ്പോഴേക്കും ഒട്ടേറെ ആഡംബര വിവാഹങ്ങൾക്ക് ആതിഥ്യമരുളാൻ ബേക്കലിനു സാധിച്ചു. മറ്റ് 4 റിസോർട്ടുകളുടെ പ്രവർത്തനം കൂടി അടുത്ത വർഷം ആരംഭിക്കാൻ സാധിച്ചാൽ, കൊച്ചിക്കും ഗോവയ്ക്കും ഇടയിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ മൈസ് ടൂറിസം ഡെസ്റ്റിനേഷനായി ബേക്കൽ മാറും എന്ന കാര്യത്തിൽ സംശയമില്ല.
ലളിത് മുണ്ട്കൂർ, റസിഡന്റ് മാനേജർ (ലളിത് റിസോർട്ട് ബേക്കൽ)
കായലും കടലും ചേർന്ന ബേക്കലിൽ പുതിയൊരു ഡെസ്റ്റിനേഷൻ വെഡിങ് ഹബ് ഉയർന്നുവരുന്നു. അവിസ്മരണീയവും സമാനതകളില്ലാത്തതുമായ വിവാഹ അനുഭവം ആഗ്രഹിക്കുന്ന ദമ്പതികൾക്കുള്ള തിരഞ്ഞെടുപ്പായി ബേക്കൽ മാറുകയാണ്.