തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി പോയാൽ, പിന്നെ ലാബ് പ്രവർത്തിക്കില്ല
Mail This Article
നീലേശ്വരം ∙ തീരദേശജനതയുടെ ആശ്രയകേന്ദ്രമായ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി പോയാൽ പിന്നെ ലാബ് പ്രവർത്തിക്കില്ല. നാഷനൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലാണു ലാബ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇതുൾപ്പെടെ ഇവിടെ നിർമിച്ച പുതിയ കെട്ടിടങ്ങൾ ഒന്നും ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. അതിനാൽ തന്നെ വൈദ്യുതി പോയാൽ ലാബ് പ്രവർത്തിപ്പിക്കാനുള്ള ജനറേറ്റർ, ഇൻവർട്ടർ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
വേനൽ കടുത്തതോടെ ഇടയ്ക്കിടെ വൈദ്യുതി മുടക്കം തുടങ്ങിയതോടെയാണു ലാബിന്റെ പ്രവർത്തനം തകിടം മറിഞ്ഞത്. ഡോക്ടറെ കാണാനെത്തുന്നവർക്കു ലാബ് പരിശോധന എഴുതിയാൽ കിലോമീറ്ററുകൾ താണ്ടി നീലേശ്വരം നഗരത്തിലെ സ്വകാര്യ ലാബുകളിൽ എത്തി പരിശോധിക്കേണ്ട സ്ഥിതിയാണ്. ഓട്ടോറിക്ഷ പിടിച്ചു നീലേശ്വരത്തെത്തി പണം കൊടുത്ത് പരിശോധന നടത്തിയാലും പരിശോധനാഫലം കിട്ടി അതേദിവസം ഡോക്ടറെ കാണുകയെന്നതു പ്രായോഗികമല്ലെന്നും തീരദേശ നിവാസികൾ പറയുന്നു.