കവ്വായി കായലിൽ ഇപ്പോഴും സർവീസ് നടത്തുന്നത് പതിറ്റാണ്ടു മുൻപ് ബേപ്പൂരിൽ നിന്നു കൊണ്ടുവന്ന ബോട്ട്
Mail This Article
തൃക്കരിപ്പൂർ ∙ അപായം വന്നു വാതിലിൽ മുട്ടുമ്പോഴും കണ്ണു തുറക്കാത്ത അധികൃതരുടെ സമീപനം തിരുത്താത്തതു കായൽ യാത്രയെ ആശങ്കപ്പെടുത്തുന്നു. കവ്വായി കായലിൽ ജലഗതാഗത വകുപ്പിനു കീഴിൽ ഓട്ടം നടത്തുന്ന എ 62–ാം നമ്പർ ബോട്ട് ഇതിന് ഉത്തമ ഉദാഹരണമാണ്. പതിറ്റാണ്ടു മുൻപ് കോഴിക്കോട് ബേപ്പൂരിൽ നിന്നു കൊണ്ടുവന്നതാണ് ഈ ബോട്ട്. കവ്വായി കായലിൽ ഓട്ടം തുടങ്ങിയ കാലം മുതൽ പലപ്പോഴും ഈ ബോട്ട് റിപ്പയറിങ്ങിലുമാണ്. ഈ കായലിന് അനുയോജ്യമായ തരത്തിലുള്ള പുതിയ ബോട്ട് അനുവദിക്കണമെന്നു വർഷങ്ങളായി യാത്രക്കാരിൽ നിന്നു ആവശ്യമുണ്ടെങ്കിലും അധികൃതർക്ക് അനക്കമില്ല.
നിലവിലുള്ള ബോട്ട് മാറ്റിയും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയും സർവീസ് കുറ്റമറ്റതാക്കുന്നതിന് അധികൃതരിൽ സമ്മർദമുണ്ടാക്കാൻ ജനപ്രതിനിധികൾ തയാറാകുന്നില്ലെന്ന ആക്ഷേപം വേറെയുമുണ്ട്. 1990 കാലത്ത് 6 ബോട്ടുകളുമായി സർവീസ് തുടങ്ങിയ ഇവിടുത്തെ ജലഗതാഗതരംഗം മൂക്കു കുത്തി വീണതും ഒരു ബോട്ടിൽ ഒതുങ്ങിയതും അതിൽ തന്നെ യാത്രക്കാർ കുറഞ്ഞതും അധികൃതരുടെ പിടിപ്പുകേടും അലംഭാവവും കൊണ്ടുമാത്രമാണെന്നാണ് ആരോപണം.
തൃക്കരിപ്പൂരിലെ ആയിറ്റി മേഖലാ കാര്യാലയം കേന്ദ്രമാക്കി കവ്വായി കായലിന്റെ തെക്ക് പാണ്ട്യാലക്കടവ് വരെയും വടക്ക് പടന്ന വരെയുമാണു ബോട്ട് ഓടുന്നത്. ആദ്യ കാലത്ത് കൊറ്റി–കോട്ടപ്പുറം റൂട്ടിൽ സർവീസ് നടത്തിയിരുന്നു. പിന്നീട് ചുരുക്കിക്കെട്ടി. ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടിത്തുടങ്ങിയതോടെ യാത്രക്കാർ പതിയെ, ബോട്ട് യാത്രയിൽ നിന്ന് അകന്നു തുടങ്ങിയിരുന്നു. നിലവിൽ 23 ജീവനക്കാരുണ്ട്. യാത്രക്കാരെക്കാളും കൂടുതലാണിത്. കാര്യക്ഷമമല്ലാത്തതിനാൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവാണ്.
ഭീമമായ നഷ്ടം പരിഹരിക്കാൻ വിനോദ സഞ്ചാര മേഖലയെക്കൂടി സർവീസിൽ ഉൾപ്പെടുത്തണമെന്നു നിരന്തരം ആവശ്യം ഉയർന്നിട്ടും പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടപ്പിൽ വന്നില്ല. ഒന്നര വർഷം മുൻപു പ്രഖ്യാപിച്ച ‘സീ കവ്വായി’ ഇതേവരെയും നീറ്റിലിറക്കിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും മുപ്പതിൽപരം വഞ്ചിവീടുകൾ കവ്വായി കായലിനെ ചുറ്റിക്കറങ്ങി ലാഭത്തിലേക്കു കുതിക്കുമ്പോഴാണു ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് വൻ നഷ്ടം പേറുന്നത്.