കൈനിറയെ സ്നേഹം... വികാരനിർഭര രംഗങ്ങളുമായി ‘സ്നേഹനിധി’ പ്രഖ്യാപന ചടങ്ങ്
Mail This Article
കാഞ്ഞങ്ങാട് ∙ വികാരനിർഭര രംഗങ്ങളുമായി, ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ ബഡ്സ് സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ ‘സ്നേഹനിധി’ പ്രഖ്യാപന ചടങ്ങ്. പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ഒരാൾ കഴുത്തിലെ സ്വർണമാല ഊരി മുതുകാടിനു നേരെ നീട്ടിയതും വേദിയിൽ കയറി പ്രിയപ്പെട്ട കഥാകാരൻ ടി.പത്മനാഭന്റെ മടിയിലിരുന്ന 7 വയസ്സുകാരൻ മുഹമ്മദ് ഷാഹിദിന്റെ നിഷ്കളങ്ക ചിരിയുമൊക്കെ മനസ്സിൽ തട്ടുന്ന നിമിഷങ്ങളായി. ഭിന്നശേഷിക്കാർക്കിടയിൽ മുതുകാട് നടത്തുന്ന പ്രവർത്തനങ്ങൾ കേട്ട് അതിനു സഹായമായിട്ടാണ് വാഴുന്നോറടിയിലെ തമ്പാൻ തന്റെ കഴുത്തിലിരുന്ന സ്വർണമാല ഊരി നൽകാൻ തയാറായത്. പക്ഷേ മുതുകാട് അതു സ്നേഹപൂർവം നിരസിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത എന്നിവരും അണിനിരന്ന വേദിക്കൊപ്പം ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ എന്നിവരടക്കമുള്ള സദസ്സും പ്രൗഡഗംഭീരമായിരുന്നു. ഭിന്നശേഷിക്കാരോട് സഹതാപമല്ല സഹാനുഭൂതിയാണ് സമൂഹം കാണിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. മലയാള മനോരമ ബഡ്സ് സ്കൂളുകൾക്കു നൽകുന്ന 15 ലക്ഷം രൂപയുടെ ചെക്ക് സ്പീക്കർ കൈമാറി. 10 ബഡ്സ് സ്കൂളുകളിലെ അധ്യാപികമാർ ചേർന്ന് ചെക്ക് സ്വീകരിച്ചു. സ്പീക്കറുടെ പ്രസംഗം പകുതി ആയപ്പോഴാണ് മുളിയാർ തണൽ ബഡ്സ് സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് ഷാഹിദ്‍ അപ്രതീക്ഷിതമായി വേദിയിലേക്കു കയറിയതും ടി.പത്മനാഭന്റെ മടിയിലിരുന്നതും.
പത്മനാഭൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം ഇരുന്ന കസേരിയിലും ഷാഹിദ് ഇരുന്നു. ലാഭത്തിനു വേണ്ടിയുള്ള കോർപറേറ്റുകളുടെ ദുരയാണ് ജില്ലയിലെ എൻഡോസൾഫാൻ ദുരന്തത്തിനു കാരണമെന്നും ദുരിത ബാധിതരോ അവരുടെ രക്ഷിതാക്കളോ ഒരു തെറ്റും ചെയ്യാത്തവരാണെന്നും പത്മനാഭൻ ആഞ്ഞടിച്ചു. കനലെരിയുന്ന മനസ്സുകൾക്കിടയിലേക്ക് ആശ്വാസ മഴ പോലെ പെയ്തിറങ്ങിയ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ പലരെയും കണ്ണീരണിയിച്ചു. ബഡ്സ് സ്കൂൾ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ അമ്മമാർക്കുള്ള സംശയങ്ങൾക്ക് കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് ഷമീം കട്ടത്തടുക്ക മറുപടി നൽകി. അമ്പലത്തറ സ്നേഹവീട്ടിലെ അംഗങ്ങൾ ആലപിച്ച ഗാനത്തോടെ പരിപാടി സമാപിച്ചു.
കുട്ടികൾ പാടി ‘എങ്ങുമെങ്ങും നിറയും വെളിച്ചമേ’, അമ്മമാർ പാടി ‘നിങ്ങളെ മാത്രം ഇഷ്ടപ്പെടെല്ലപ്പാ..’
കാഞ്ഞങ്ങാട് ∙ പെരിയ മഹാത്മാ മാതൃകാ ബഡ്സ് സ്കൂളിലെ വിദ്യാർഥികളായ സഫ്‌വാൻ, കൃഷ്ണേന്ദു, സനൽ എന്നിവരുടെ ‘എങ്ങുമെങ്ങും നിറയും വെളിച്ചമേ, എൻ കരളിൽ കുടിയിരിക്കേണമേ...’ പ്രാർഥനാഗീതത്തോടെയാണ് ‘സ്നേഹനിധി’ പുരസ്കാര ചടങ്ങ് തുടങ്ങിയത്. ചീമേനി, കാറഡുക്ക ബഡ്സ് സ്കൂളുകളിലെ കുട്ടികൾ തയാറാക്കിയ ബോട്ടിൽ ആർട്ടും പൂക്കളുമായാണ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്. വിവിധ ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാരായ ചന്ദ്രാവതി പാക്കം, മാലിനി ചെറുവത്തൂർ, സുഗന്ധി പുതുക്കൈ, ടി.എസ്.രാജമ്മ, ശ്രീജ ചീമേനി എന്നിവർ ചേർന്ന് ദീപം തെളിച്ചാണ് പരിപാടി ആരംഭിച്ചത്. സാധാരണ ചടങ്ങിനെത്തിയ അതിഥികളെക്കൊണ്ടാണ് ദീപം തെളിക്കുന്നത്. ഈ ചടങ്ങിൽ അത് യഥാർഥത്തിൽ ചെയ്യേണ്ടവരെക്കൊണ്ടു തന്നെ ചെയ്യിച്ചത് മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമ്പലത്തറ സ്നേഹവീട്ടിലെ മുനീസ അമ്പലത്തറ, അരുണിമ ചന്ദ്രൻ, സുമതി, ലതിക, ചന്ദ്രാവതി പാക്കം എന്നിവർ ആലപിച്ച ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടെല്ലപ്പാ..’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ സമാപനം.
മനോരമ സ്നേഹനിധി പദ്ധതിയിൽ വിവിധ ബഡ്സ് സ്കൂളുകൾക്ക് നൽകുന്ന സഹായങ്ങൾ
1. കള്ളാർ ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂൾ– തുണി സഞ്ചി നിർമാണ യൂണിറ്റ്, സ്മാർട് ടിവി
2. ചെറുവത്തൂർ ബ്ലോസ്സം ബഡ്‌സ് സ്കൂൾ – നോട്ട്ബുക്ക് നിർമാണ യൂണിറ്റ്
3. കാറഡുക്ക സ്നേഹ ബഡ്സ് സ്പെഷൽ സ്കൂൾ– പേപ്പർ ബാഗ് നിർമാണ യൂണിറ്റ്
4. മുളിയാർ തണൽ ബഡ്സ്– നോട്ട് ബുക്ക് നിർമാണ യൂണിറ്റ്
5. പെർള ബഡ്സ് സ്കൂൾ– പേപ്പർ ബാഗ് നിർമാണ യൂണിറ്റ്, മൈക്രോഫോൺ ആൻഡ് സ്പീക്കർ
6. പെരിയ മഹാത്മാ മോഡൽ ബഡ്സ് സ്കൂൾ– സ്മാർട് ടിവി, പ്രൊജക്ടർ
7. കയ്യൂർ ചീമേനി സ്നേഹതീരം ബഡ്സ് സ്പെഷൽ സ്കൂൾ–എൽസിഡി പ്രൊജക്ടർ, ഫോട്ടോകോപ്പിയർ, ലാപ്ടോപ്, മൈക്രോ ഫോൺ ആൻഡ് സ്പീക്കർ
8. നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂൾ–പ്രിന്റിങ് മെഷീൻ, സ്കാനർ
9. കുംബഡാജെ ബഡ്സ് സ്കൂൾ– എൽസിഡി പ്രൊജക്ടർ, ലാപ്ടോപ്പ്
10. ഉദുമ സ്നേഹാലയം ബഡ്സ് സ്കൂൾ –സ്മാർട് ടിവി, മൈക്രോ ഫോൺ ആൻഡ് സ്പീക്കർ