സ്കൂൾ യാത്ര എന്തെളുപ്പം; നഗരത്തിലെ 5 വിദ്യാലയങ്ങളിലേക്ക് ഇനി മുതൽ സ്കൂൾ ബസ്
Mail This Article
കാസർകോട് ∙ നഗരത്തിലെ 5 വിദ്യാലയങ്ങളിലേക്ക് ഇനി മുതൽ വിദ്യാർഥികൾ എത്തുക എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച ബസുകളിൽ. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കാസർകോട് ടൗൺ ഗവ.യുപി സ്കൂൾ, അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ, ആലംപാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ, തളങ്കര മുസ്‍ലിം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് നെല്ലിക്കുന്ന് എന്നിവിടങ്ങളിലേക്ക് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങിയത്.
ഈ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ യാത്ര പ്രശ്നത്തെക്കുറിച്ചു പിടിഎ കമ്മിറ്റികൾ ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണു ബസുകൾ വാങ്ങുന്നതിനായി എംഎൽഎ ഫണ്ട് അനുവദിച്ചത്. അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ, കാസർകോട് ടൗൺ യുപി സ്കൂൾ എന്നിവിടങ്ങളിലേക്ക് അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു.
അടുക്കത്ത്ബയൽ യുപി സ്കൂളിൽ നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, പിടിഎ പ്രസിഡന്റ് കെ.ആർ.ഹരീഷ്, പ്രധാനാധ്യാപിക കെ.എ.യശോദ, അമീൻ അടുക്കത്ത്ബയൽ, താജുദ്ദീൻ ചെരങ്ങായ് എന്നിവർ പ്രസംഗിച്ചു. ടൗൺ യുപി സ്കൂളിൽ പിടിഎ പ്രസിഡന്റ് കെ.അനിൽകുമാർ, എസ്‌എംസി ചെയർമാൻ കെ.സി.ലൈജുമോൻ, പ്രധാനാധ്യാപിക ടി. എൻ. ജയശ്രീ, സ്‌റ്റാഫ് സെക്രട്ടറി എ.ജയദേവൻ എന്നിവർ പ്രസംഗിച്ചു. മറ്റു 3 വിദ്യാലയങ്ങളിലേക്ക് അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് അടുത്ത് ദിവസം നടത്തുമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.