കോടമഞ്ഞും മഴയും പച്ചപ്പുമായി കാഴ്ചകളുടെ പറുദീസയൊരുക്കി കാട്; വെൽക്കം ടു റാണിപുരം
Mail This Article
റാണിപുരം∙ മൺസൂൺ ആരംഭിച്ചതോടെ മലനിരകൾ മുഴുവൻ പച്ചപ്പണിഞ്ഞ് കോടമഞ്ഞുമായി സഞ്ചാരികളെ വരവേറ്റ് കേരളത്തിലെ ഊട്ടിയായ റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. മൺസൂൺ ടൂറിസം ആരംഭിച്ചതോടെ നിത്യവും റാണിപുരത്തേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ കർണാടകയിൽ നിന്നാണ് കുടുതൽ മൺസൂൺ വിനോദ സഞ്ചാര സംഘം എത്തിയതെന്ന് റാണിപുരം വനസംരക്ഷണ സമിതി മുൻ പ്രസിഡന്റ് എസ്.മധുസൂദനൻ പറയുന്നു. വനിതകൾ മാത്രം അടങ്ങുന്ന യാത്രാ സംഘങ്ങളും സ്ഥിരമായി എത്താറുണ്ട്. സ്ത്രീകൾ ഉൾപ്പെടുന്ന ആർക്കും സ്വതന്ത്രമായി വരാൻ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി റാണിപുരം മാറിയതോടെ യാത്രാ സംഘങ്ങൾ റാണിപുരത്തെ തേടി എത്താൻ തുടങ്ങിയിരിക്കുകയാണ്. വനസംരക്ഷണ സമിതിയുടെ വാച്ചർമാരാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ ദിവസം 599 പേരാണ് റാണിപുരം മല കയറാൻ എത്തിയത്. സാധാരണ ഇട ദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിൽ മൺസൂൺ ആരംഭിച്ചതോടെ ദിവസവും സഞ്ചാരികൾ എത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്. മഴ നടത്തത്തിനും സംഘങ്ങൾ എത്തുന്നുണ്ട്. മഴക്കാലം തവളകളുടെ പ്രജനന കാലഘട്ടമായതിനാൽ റാണിപുരം വനത്തിലുള്ള വിവിധ തരം തവളകളെ കുറിച്ച് പഠിക്കാനും സംഘങ്ങൾ എത്തുന്ന സമയമാണ് മൺസൂൺ കാലം. സുരക്ഷിതമായ ട്രക്കിങ്ങിന് പറ്റിയ പ്രദേശമായതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ കുടുംബ സമേതം റാണിപുരത്ത് എത്തുന്നു എന്നതും പ്രത്യേകതയാണ്. ആവശ്യമായ സഹായങ്ങൾക്കും സുരക്ഷിതത്വത്തിനുമായി വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും മലമുകളിലുണ്ടാകും. റാണിപുരത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ പാറയിൽ മഴക്കാലത്ത് വഴുതൽ ഉള്ളതിനാൽ പാറയുടെ മുകളിൽ കയറുന്നത് സഞ്ചാരികൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിക്കുന്നു.
പുലർച്ചെ 6 മുതൽ തന്നെ വാഹനങ്ങൾ റാണിപുരത്ത് എത്തുന്നതായി വാച്ചർമാർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും തലേന്നു തന്നെ സഞ്ചാരികളെത്തി തമ്പടിക്കാറുണ്ട്. രാവിലെ 8 മുതൽ വനംവകുപ്പ് കൗണ്ടറിൽ നിന്നും ടിക്കറ്റ് വിതരണം ആരംഭിക്കും. വൈകിട്ട് 5.30 ആണ് തിരിച്ചിറങ്ങാനുള്ള സമയം. റാണിപുരത്ത് എത്തുന്നവർക്ക് താമസിക്കാൻ ഡിടിപിസി ക്വാർട്ടേഴ്സിലും, നിരവധി സ്വകാര്യ ക്വാർട്ടേഴ്സുകളിലും ഭക്ഷണം ഉൾപ്പെടെയുള്ള താമസ സൗകര്യം ലഭ്യമാണ്. താമസ സൗകര്യവും ആവശ്യമായ ഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ഡിടിപിസി ക്വാർട്ടേഴ്സ് ഫോൺ നമ്പർ: 0467 2227755.