പരിയാരത്ത് ഒഴിവാകണം അപകടം; മൂന്നു വർഷത്തിനിടെ നഷ്ടപ്പെട്ടത് 11 ജീവൻ
Mail This Article
രാജപുരം ∙ പരിയാരത്തെ വളവിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടികൾ കാര്യക്ഷമമല്ലെന്ന് വിമർശനം. കഴിഞ്ഞ 3 വർഷത്തിനിടെ 11 പേരുടെ ജീവനാണ് പരിയാരം എന്ന സ്ഥലത്തെ അപകട മേഖലയിൽ ഇല്ലാതായത്. ഓരോ അപകടങ്ങൾ കഴിയുമ്പോഴും പഞ്ചായത്ത് അധികൃതർ തൊട്ട് എംഎൽഎ, കലക്ടർ എന്നിവരെത്തി അടിയന്തര നടപടി സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കാറില്ല. സുരക്ഷിതമായി പേടിയില്ലാതെ വീടുകളിൽ കിടന്നുറങ്ങാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകളും, നടപടികളുമാണ് വേണ്ടതെന്ന് നാട്ടുകാർ ശക്തമായി പറയുന്നു. 2021ജനുവരി 3ന് കർണാടകയിൽ നിന്നും വന്ന വിവാഹം സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേരുടെ ജീവനാണ് പൊലിഞ്ഞത്. അന്ന് പഞ്ചായത്ത് അധികൃതർ റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുമെന്നും റോഡിന്റെ കയറ്റവും വളവും കുറയ്ക്കുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. അപകടം തുടർക്കഥയായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ നടത്താത്ത അധികൃതർക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
ക്രാഷ് ബാരിയർ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണമെന്ന് കലക്ടർ
തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പാണത്തൂർ പരിയാരം റോഡിൽ വാഹന ഡ്രൈവർമാർക്ക് അപകട മുന്നറിയിപ്പ് നൽകുന്ന സൂചന ബോർഡുകളും റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകളും 2 ആഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കാൻ കലക്ടർ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് റോഡിൽ ഹെവി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ഉപാധികളും നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.