ഗതാഗതക്കുരുക്ക്: മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു
Mail This Article
കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്.
വലിയ ടോറസ് ലോറികൾ, ടാങ്കർ തുടങ്ങിയവ ഇടയിൽ ഉണ്ടെങ്കിൽ നീങ്ങാൻ ഏറെ നേരം എടുക്കുന്നു. തിങ്കളാഴ്ച വൈകിട്ടു 5.30 നു മംഗളൂരു നിന്നു കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ എത്തേണ്ടിയിരുന്ന ബസ് രണ്ടര മണിക്കൂർ വൈകിയാണ് എത്തിയത്. 6 മുതൽ 8 വരെ കേരള ട്രാൻസ്പോർട്ട് കോർപറേഷന്റെയും തുടർന്നു 2 മണിക്കൂർ കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെയും ബസുകൾ ആണ് സർവീസ്. കർണാടക ബസുകൾ ഏറെയും പകുതി വഴിയിൽ യാത്രക്കാരെ ഇറക്കി കൈമാറിയും മറ്റുമായാണ് സർവീസ് നടത്തുന്നത്.
വൈകിട്ടു 5 നും 8 നും മധ്യേയാണ് വൻ ഗതാഗത തിരക്ക് അനുഭവപ്പെടുന്നത്. ഈ ഗതാഗത കുരുക്കിൽ സർവീസുകൾ മുടങ്ങാതിരിക്കാൻ കെഎസ്ആർടിസി ബസുകൾ മംഗളൂരുവിലേക്കു പോകുമ്പോൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും മംഗളൂരു നിന്നു മടങ്ങുമ്പോൾ കാസർകോട് പഴയ ബസ് സ്റ്റാൻഡിലും കയറാതെ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നു യഥാക്രമം കറന്തക്കാട് വഴി തന്നെ നേരിട്ടു മംഗളൂരു ഭാഗത്തേക്കു പോകുന്നതും തിരികെ കറന്തക്കാട് വഴി തന്നെ മടങ്ങുന്ന നിലയിൽ സർവീസ് ക്രമീകരണത്തിന് അനുമതി ആവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ കലക്ടർക്കു അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇത് യാത്രക്കാർക്ക് വലിയ ദുരിതമാകുമെന്നു പരാതി ഉയർന്നിട്ടുണ്ട്.