കുരുക്കിൽ കിതച്ച് കെഎസ്ആർടിസി
Mail This Article
മംഗളൂരു ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുകയാണ് കാസർകോട് നിന്നു മംഗളൂരുവിലേക്ക് എത്തുന്ന കെഎസ്ആർടിസി സർവീസുകളും യാത്രക്കാരും. വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിനു പേരാണു ദിവസവും മംഗളൂരുവിൽ വന്നു പോകുന്നത്. ദിവസങ്ങളോളം മഴ കൂടി പെയ്തതോടെ സർവീസ് റോഡുകളും തകർന്നു. 7 മാസമായി സർവീസ് റോഡാണ് കാസർകോട് നിന്നു തലപ്പാടി എത്തുന്നതു വരെയുള്ള ആശ്രയം. എന്നാൽ മഴയ്ക്കു മുൻപേ തകർന്ന റോഡിലെ യാത്ര ദിവസങ്ങളോളം മഴ നിർത്താതെ പെയ്തതോടെ കൂടുതൽ ദുസ്സഹമായി. മൊഗ്രാൽ പുത്തൂർ, ഹൊസങ്കടി എന്നിവിടങ്ങളിലാണു സർവീസ് റോഡുകൾ പൂർണമായി നശിച്ചത്. ഉപ്പള, മഞ്ചേശ്വരം, അടുക്കത്തുവയൽ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
2 മണിക്കൂർ ഇടവിട്ട് 4 നിശ്ചിത സമയങ്ങളിലാണു കെഎസ്ആർടിസി കാസർകോട് നിന്നു മംഗളൂരുവിലേക്കു സർവീസ് നടത്തുന്നത്. സാധാരണ ഒരു മണിക്കൂർ 35 മിനിറ്റ് മാത്രം വേണ്ടിവരുന്ന യാത്രാസമയം ഇപ്പോൾ 2 മണിക്കൂറിനു മുകളിലേക്കു നീങ്ങുകയാണ്. സ്ഥിരം യാത്രക്കാർ പലരും ട്രെയിനിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. രാവിലെ 8.30 മുതൽ എത്തേണ്ട വിദ്യാർഥികൾ ദിവസവും വൈകിയാണു കോളജുകളിൽ എത്തുന്നത്. മുൻപു വൈകിട്ട് 6നും 6.30നും വീടുകളിൽ തിരിച്ചെത്തിയ ഇവർ ഇപ്പോൾ എത്തുന്നത് ഒരു മണിക്കൂറോളം വൈകിയും. ജോലിക്കായി കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഒരു ദിശയിലേക്കു മാത്രം വാഹനം കടത്തി വിടാൻ പറ്റിയ റോഡുകളിലാണു രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. ഇതു വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കാസർകോടു നിന്നു വരുന്ന ബസുകൾ മംഗളൂരു പമ്പ്‍വെല്ലിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. യാത്രയ്ക്കായി ഒന്നര മണിക്കൂറും ഭക്ഷണത്തിനും വിശ്രമത്തിനുമായി അര മണിക്കൂറും ഉൾപ്പെടെ 2 മണിക്കൂറാണു ബസ് ജീവനക്കാർക്ക് ഒരു ട്രിപ്പിനു അനുവദിച്ചിട്ടുള്ള സമയം. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്ര വൈകുന്നതിനാൽ ഭക്ഷണം കഴിക്കാൻ 5 മിനിറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. തിരക്കുണ്ടെങ്കിൽ 10 മിനിറ്റോളം പമ്പിൽ ചെലവാകുന്നതും കൂനിൻമേൽ കുരു എന്നപോലെ സർവീസിനെ ബാധിക്കുന്നു.