കെഎസ്ആർടിസി ഡിപ്പോയിൽ കരുതി ഇരിക്കണം!
Mail This Article
കാസർകോട് ∙ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളുടെ സ്ഥിതി ശോചനീയം. കരുതൽ ഇല്ലെങ്കിൽ തുരുമ്പ് തട്ടി ദേഹത്ത് മുറിവു പറ്റും. നൂറോളം പേർക്കിരിക്കാവുന്ന ഇരുമ്പ് ഇരിപ്പിടങ്ങൾ ഇവിടെ ഉണ്ടെങ്കിലും എല്ലാം നാശാവസ്ഥയിൽ. ഒന്നിൽ മൂന്നും അഞ്ചും പേർ വീതം ഇരിക്കുന്ന സൗകര്യമുള്ളതാണ് ഇത്. പലതിന്റെയും കയ്യും കാലും ഉൾപ്പെടെ തുരുമ്പ് കയറി ദ്രവിച്ചു കിടക്കുന്നു. ഇരുന്നാൽ ദേഹത്ത് മുറിവു പറ്റുക മാത്രമല്ല, ഏതു നിമിഷവും മറിഞ്ഞു വീഴാനുള്ള സാധ്യതയും ഏറെ. ചിലത് തുളച്ചു കയറും. വസ്ത്രങ്ങൾ കീറുകയും ചെയ്യും. കുട്ടികൾക്കു അപകട സാധ്യത ഏറെ.
കെഎസ്ആർടിസി ബഹുനില കോംപ്ലക്സ് ആയി മാറിയപ്പോൾ 10 വർഷം മുൻപ് കെഎസ്ആർടിസിയുടെ ഫണ്ടിൽ വാങ്ങിയതാണ് ഇത്. അപകടം ഉണ്ടാക്കുന്ന ഇരിപ്പിടങ്ങൾ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നീക്കം ചെയ്തിട്ടുമുണ്ട്. അടുത്തിടെ ഒരു സന്നദ്ധ സംഘടന മരത്തിന്റെ ഏതാനും ഇരിപ്പിടം നൽകിയിട്ടുണ്ട്. സുരക്ഷിതത്വം കണക്കിലെടുത്ത് ഏറെ പേരും ഇതിലാണ് ഇരിക്കുന്നത്. ഇതിൽ ഇടം കിട്ടാത്ത പലരും ഇരുമ്പ് ഇരിപ്പിടം ഉപയോഗിക്കാതെ മാറി നിൽക്കുന്നു. കെഎസ്ആർടിസി കൂടുതൽ ഇരിപ്പിടം വാങ്ങി യാത്രക്കാർക്കു സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പ്രതിദിനം 13 ലക്ഷത്തോളം രൂപ ടിക്കറ്റ് വരുമാനം ഇവിടെ ഉണ്ട്. 45 അന്തർ സംസ്ഥാന സർവീസ് ഉൾപ്പെടെ ഉള്ള ഡിപ്പോയാണ്. ദിവസവും ഡിപ്പോയുടെ ബസുകളിൽ മാത്രമായി 45,000ത്തിലേറെ യാത്രക്കാർ ഉണ്ട്. ഈ ഡിപ്പോയിൽ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർ പതിനായിരത്തോളം ഉണ്ടാകും.എന്നിട്ടും കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടം മാത്രം. ഇത് മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടികളില്ലാത്തതിൽ പ്രതിഷേധമുയരുന്നു.