ADVERTISEMENT

കാസർകോട്∙ ജില്ലയിലെ ചില വിദ്യാലയങ്ങളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിലുള്ള  സംഘർഷം പൊലീസിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും തലവേദനയാകുന്നു. മഞ്ചേശ്വരം ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ചട്ട‍ഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്  വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നടന്നത്. ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനത്തിനിരയായത്. സംഭവത്തിൽ 4 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിനടുത്ത് വച്ചാണ് പ്ലസ് വൺ വിദ്യാർഥികളായ രണ്ടു പേരെ 19 പേരടങ്ങിയ സംഘം ആക്രമിച്ചത്. ക്രൂരമായ മർദനത്തിനിരയായ വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിൽ  അശ്രദ്ധയിൽ  കൂടി കാർ ഓടിച്ചതിനു യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദേളി സഅദിയ സ്കൂളിനടുത്തെ മുഹമ്മദ് റാഹിൽ അലി (21)ക്കെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇതേ സ്കൂളിൽ പഠിക്കുന്ന ബന്ധുവായ വിദ്യാർഥിയെ കൊണ്ടുവിടാനായി എത്തിയതായിരുന്നു കാർ.  വിദ്യാർഥികൾക്കും മറ്റും അപകട ഭീഷണിയുണ്ടാക്കി എന്ന പരാതിയിലാണ് കേസെടുത്തത്. റാഗിങ് എന്ന പരാതിയെ തുടർന്നു പൊലീസ് കേസെടുത്താൽ വിദ്യാർഥികൾക്കു കടുത്ത ശിക്ഷയാണ് ലഭിക്കുക. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നു രക്ഷിതാക്കളുടെ യോഗം സ്കൂൾ വിളിച്ചു ചേർത്തിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com