സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആദ്യ കൺമണി
Mail This Article
കാഞ്ഞങ്ങാട് ∙ ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആദ്യകണ്‍മണി പിറന്നു. ബല്ല കടപ്പുറം സ്വദേശിനിയാണ് ആശുപത്രിയിൽ സാധാരണ പ്രസവം വഴി ആൺകുഞ്ഞിനു ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ നിരീക്ഷണത്തിനായി കുഞ്ഞിനെ ജില്ലാ ആശുപത്രി പീഡിയാട്രീഷ്യന്നു കീഴിലേക്കു മാറ്റി. ഡോ.സായി പ്രിയ, ഡോ.സൂര്യഗായത്രി എന്നിവരാണു പ്രസവ ചികിത്സയ്ക്കു നേതൃത്വം നൽകിയത്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ മാർച്ച് 31നാണു പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേർക്ക് ഒപി സേവനവും 77 പേർക്കു കിടത്തി ചികിത്സയും ലഭ്യമാക്കി. സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കി. 2.85 കോടി രൂപ ചെലവിട്ട് മോഡുലാർ ഓപ്പറേഷൻ തിയറ്ററും കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ മൂന്ന് ഓപ്പറേഷൻ തിയറ്ററുകൾ, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, എസ്എൻസിയു, ഐസിയു, 90 കിടക്കകളോടു കൂടിയ ഐപി സൗകര്യം, ഒപി വിഭാഗം, ഫാർമസി, ലാബ് എന്നിവ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആദ്യ കുഞ്ഞ് പിറന്ന സന്തോഷം മന്ത്രി വീണാ ജോർജും പങ്കിട്ടു. കാസർകോടിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനു സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നു മന്ത്രി പറഞ്ഞു.
ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്പെഷ്യൽറ്റി ആശുപത്രി കെട്ടിട നിർമാണത്തിനായി 23 കോടി അനുവദിച്ചു. കാസർകോട് മെഡിക്കൽ കോളജിന്റെ അനുബന്ധ നിർമാണ പ്രവൃത്തികൾക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ പുതിയ സർക്കാർ നഴ്സിങ് കോളജ് അനുവദിക്കാൻ തത്വത്തിൽ അനുമതി നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി 12 പുതിയ തസ്തികകൾ സൃഷ്ടിച്ചു. അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.