ഒരാഴ്ചയായി കാട്ടാനക്കൂട്ടം വേലിക്കു പുറത്ത്; സോളർ തൂക്കുവേലി പദ്ധതിവിജയമെന്ന് ജനപ്രതിനിധികൾ
Mail This Article
കാസർകോട് ∙ കാസർകോട് റേഞ്ച് വനമേഖലയിലെ കാട്ടാനക്കൂട്ടത്തെ അതിർത്തി കടത്തിയ ദൗത്യം വിജയത്തിലേക്കെന്നു വിലയിരുത്തൽ. ജില്ലയുടെ മലയോര മേഖലയിലുള്ള ആനശല്യം തടയുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്‌ത ആനപ്രതിരോധ വേലി പ്രവർത്തന സജ്ജമായെന്നും വേലിക്കായി മാത്രം 1.7 കോടി ചെലവിട്ടെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ജില്ലയിൽ കാട്ടാന ശല്യം ഓരോ വർഷവും വർധിച്ചു വരുന്ന സാഹചര്യമായിരുന്നു. സോളർ തൂക്കുവേലി ചാർജ് ചെയ്ത ശേഷം കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ വേലി കടന്നു വന്നിട്ടില്ലെന്ന് വനംവകുപ്പ് ജില്ലാ മേധാവി കെ.അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.കെ.നാരായണൻ എന്നിവർ പറഞ്ഞു.
ആകെ പദ്ധതിക്ക് ചെലവ് 3.33 കോടി
ആനശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിന്റെയും ചേർത്ത് സംയുക്ത പദ്ധതിയാണ് കാറഡുക്ക ആന പ്രതിരോധ പദ്ധതി. 3.33 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഒട്ടേറെ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ വർഷങ്ങളായി വലിയ തോതിൽ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൃഷിക്കാരുടെയും നാട്ടുകാരുടെയും വലിയ പ്രയാസത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായത്.
വനംവകുപ്പുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയാണിത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പ്രൊജക്ട് തയാറാക്കി സംസ്ഥാന പ്ലാനിങ് കോഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയാണ് ഈ പദ്ധതി ആരംഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വനംവകുപ്പിന്റെയും മന്ത്രിമാരെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് പ്രൊജക്ട് അംഗീകരിച്ചത്. പദ്ധതി തുകയായ 3.33 കോടി രൂപയിൽ 1.20 കോടി രൂപ ത്രിതല പഞ്ചായത്തുകൾ കൈമാറി. പ്രോത്സാഹന ധനസഹായമായ 60 ലക്ഷം രൂപ ഉടൻ ലഭിക്കും. ഇപ്പോൾ 29 കിലോമീറ്റർ ദൂരത്തിൽ വേലി നിർമാണം പൂർത്തീകരിച്ചു. ഇതിനോടനുബന്ധിച്ച് ക്യാംപ് ഷെഡ്, വാച്ച് ടവർ എന്നിവ പൂർത്തീകരിക്കാനുണ്ട്.
''പരപ്പയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ വേലിക്ക് അരികിലെത്തി തിരിച്ചു പോയത് സോളർ തൂക്ക് വേലി ഫലപ്രദമെന്നതിന്റെ തെളിവാണ്. പൂർണമായും വേലിക്ക് പുറത്തേക്ക് കടത്തുന്നതിൽ പ്രയത്നിച്ചതു വനംവകുപ്പാണ്. അറ്റകുറ്റപ്പണികൾക്കും വേലിയുടെ സംരക്ഷണത്തിനുമായി 12 വാച്ചർമാർ പ്രവർത്തിക്കുന്നു. വനംവകുപ്പ് ഇതിന്റെ ചെലവുകൾ വഹിക്കുന്നുണ്ട്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ കൂടി ഇതിനായി ലഭ്യമാക്കും.'' – സിജി മാത്യു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്